Crime

മോഷ്ടിക്കപ്പെട്ട ടിപ്പർ 26 തവണ മറിച്ചുവിറ്റു, തിരഞ്ഞത് 4 സംസ്ഥാനങ്ങളിൽ 2500 കിലോമീറ്ററിലേറെ, ഒടുവിൽ പോലീസ് പൊക്കി!

വാടകയ്ക്കെടുത്ത് മറിച്ചുവിറ്റ ടിപ്പർ ലോറി തെക്കേ ഇന്ത്യയിലുടനീളം നടത്തിയ തിരച്ചിലിനൊടുവിൽ തമിഴ്നാട്ടിൽ നിന്ന് പോലീസ് കണ്ടെടുത്തു. 26 പേരിലൂടെ കൈമറിഞ്ഞ ലോറി കേരളത്തിനു പുറമേ കർണാടക, ആന്ധ്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലടക്കം 2500 കിലോമീറ്ററോളം നീണ്ട തിരച്ചിലിനുശേഷമാണ് കണ്ടെത്തിയത്. സേലത്തിനു സമീപം ഓമല്ലൂരിലെ ഉൾഗ്രാമത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്ന ലോറി പൊളിച്ചുവിൽക്കാനുള്ള നീക്കത്തിനിടെയാണ് പോലീസ് സംഘം കണ്ടെടുത്തത്.

വയനാട് തൃശിലേരി സ്വദേശിയായ അനൂപിന്റെ പരാതിയിലാണ് പോലീസ് കഴിഞ്ഞ ഓഗസ്റ്റിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. അനൂപ് ലീസിനു നൽകിയ ലോറി കരാർ വ്യവസ്ഥകൾ ലംഘിച്ച് ജിപിഎസ് ബന്ധം വിച്ഛേദിച്ച ശേഷം തട്ടിയെടുക്കുകയായിരുന്നു.

കർണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും അന്വേഷണം നടന്നത്. നൂറുകണക്കിന് സിസിടിവി ദൃശ്യങ്ങൾ, ടോൾ പ്ലാസ വിവരങ്ങൾ, പ്രതികളുടെ ബാങ്ക് അക്കൗണ്ട് ഇടപാടുകൾ എന്നിവ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ ശാസ്ത്രീയ പരിശോധനയാണ് അന്വേഷണത്തിൽ നിർണായകമായത്. ഇതിനിടയിലാണ് വാഹനം ചുരുങ്ങിയ കാലയളവിൽ 26 പേർക്ക് മറിച്ചുവിറ്റതായി കണ്ടെത്തുന്നത്.

തുടർന്ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിൽ സേലത്തുനിന്ന് 80 കിലോമീറ്റർ അകലെ ഓമല്ലൂരിൽ ഒളിപ്പിച്ച നിലയിൽ ടിപ്പർ കണ്ടെത്തുകയും ഉടൻതന്നെ പോലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

തിരുനെല്ലി സർക്കിൾ ഇൻസ്പെക്ടർ, സബ് ഇൻസ്പെക്ടർ എന്നിവരുടെ മേൽനോട്ടത്തിൽ സിപിഒമാരായ എം.ആർ. ജിതിൻ, ഇ.ജി. വിനായക് എന്നിവരടങ്ങിയ സംഘമാണ് വാഹനം കണ്ടെത്തിയത്. കേസിലെ പ്രതികളെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.