Oddly News

യേശുവിനെ കാണിച്ച് തരാം! പട്ടിണിക്കിട്ട് കൊന്നത് 190 കുഞ്ഞുങ്ങളെ, മുലപ്പാൽ പോലും വിലക്കി, 400-ലേറെ കുഴിമാടങ്ങൾ, വ്യാജ പാസ്റ്റർക്ക് 200 വർഷം തടവ്!

നെയ്റോബി: യേശുവിനെ കാണിച്ചുതരാമെന്ന് വിശ്വസിപ്പിച്ച് അനുയായികളെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ പാസ്റ്റർ പോൾ മക്കൻസിക്ക് 200 വർഷത്തെ തടവുശിക്ഷ വിധിച്ചു. ഗുഡ് ന്യൂസ് ഇന്റർനാഷണൽ ചർച്ച് തലവനായ ഇയാൾ, ലോകം അവസാനിക്കുന്നതിന് മുൻപ് യേശുവിനെ കാണാനായി മരണം വരെ ഉപവസിക്കാൻ അനുയായികളോട് ആവശ്യപ്പെടുകയായിരുന്നു.

കെനിയയിലെ കിലിഫി കൗണ്ടിയിലുള്ള ഇയാളുടെ പള്ളിയിൽ നിന്ന് 15 പേരെ പൊലീസ് രക്ഷപ്പെടുത്തിയതോടെയാണ് ഭീകരമായ ഈ സംഭവം പുറംലോകമറിയുന്നത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിൽ വനമേഖലയിൽ നിന്ന് 400-ലധികം കുഴിമാടങ്ങൾ കണ്ടെത്തുകയുണ്ടായി. ഇയാളുടെ ക്രൂരമായ നിർദ്ദേശം പാലിച്ചതിനെ തുടർന്ന് 190 കുട്ടികളും ഒരു മുതിർന്ന വ്യക്തിയും ഉൾപ്പെടെ 191 പേർ ദാരുണമായി മരണപ്പെട്ടു. പട്ടിണിക്കിട്ട് കൊലപ്പെടുത്തിയതിന് 100 വർഷവും നേരിട്ടുള്ള കൊലപാതകങ്ങൾക്ക് 100 വർഷവും വീതമാണ് മൊംബാസ ഹൈക്കോടതി ജസ്റ്റിസ് ഡയാന കവേദ്സ ശിക്ഷ വിധിച്ചത്.

കിഴക്കൻ കെനിയയിലെ ശാഖാഹോള വനത്തിൽ അഞ്ഞൂറിലധികം മൃതദേഹങ്ങളാണ് ആഴമില്ലാത്ത കുഴികളിൽ തള്ളിയ നിലയിലും ശ്വാസം മുട്ടിച്ചും മർദ്ദിച്ചും കൊല്ലപ്പെട്ട നിലയിലും പോലീസ് കണ്ടെത്തിയത്. ദിവസങ്ങളോളം പട്ടിണി കിടന്ന കുട്ടികൾ ഭക്ഷണം കഴിക്കാൻ ശ്രമിച്ചപ്പോൾ അവരെ ക്രൂരമായി മർദ്ദിക്കുകയും മുറികളിൽ പൂട്ടിയിട്ട് മരണത്തിന് വിട്ടുകൊടുക്കുകയുമായിരുന്നുവെന്ന് അന്വേഷണസംഘം കോടതിയിൽ തെളിയിച്ചു.

2017 മുതൽ പോലീസ് നിരീക്ഷണത്തിലായിരുന്ന മക്കെൻസി 2019-ൽ പള്ളി അടച്ചുപൂട്ടിയശേഷമാണ് അനുയായികളുമായി കാട്ടിലേക്ക് മാറിയത്. പാസ്റ്ററാകുന്നതിന് മുൻപ് ടാക്സി ഡ്രൈവറായിരുന്ന ഇയാൾ കുട്ടികളെ സ്കൂളിൽ അയക്കുന്നതിനെയും ആശുപത്രി ചികിത്സ തേടുന്നതിനെയും എതിർത്തിരുന്നു. ഉപവാസത്തെ ആരെങ്കിലും എതിർത്താൽ അവരെ അടിച്ച് ‘സ്വർഗത്തിലേക്ക് കൊണ്ടുപോകാനായിരുന്നു’ അനുയായികൾക്ക് നൽകിയ നിർദ്ദേശം. ഗർഭിണിയായ ഒരു സ്ത്രീയെ നവജാതശിശുവിന് മുലപ്പാൽ നൽകുന്നതിൽ നിന്നും വിലക്കുകയും തുടർന്ന് 12-ാം ദിവസം കുഞ്ഞ് മരണപ്പെടുകയും ചെയ്തിരുന്നു.

2003-ലാണ് മക്കെൻസി ഗുഡ് ന്യൂസ് ഇന്റർനാഷണൽ മിനിസ്ട്രീസ് സ്ഥാപിക്കുന്നത്. തുടർന്നുള്ള 16 വർഷത്തിനുള്ളിൽ കെനിയയിലുടനീളമുള്ള ശാഖകളിലേക്ക് ആയിരക്കണക്കിന് അനുയായികളെ ആകർഷിക്കാൻ ഇയാൾക്ക് കഴിഞ്ഞു. സ്വന്തമായി നടത്തിയിരുന്ന ‘ടൈംസ് ടിവി’ എന്ന ചാനലിലൂടെ ഇയാളുടെ പ്രസംഗങ്ങൾ നിരന്തരം പ്രക്ഷേപണം ചെയ്തിരുന്നു. വിദ്യാഭ്യാസം തിന്മയാണെന്നും ആരോഗ്യ സംരക്ഷണം വിശ്വാസങ്ങൾക്ക് വിരുദ്ധമാണെന്നും ഡിജിറ്റൽ തിരിച്ചറിയൽ കാർഡുകൾ ‘പിശാചിന്റെ അടയാളമാണെ’ന്നും പ്രചരിപ്പിക്കുന്ന ഗൂഢാലോചന സിദ്ധാന്തങ്ങളായിരുന്നു മക്കെൻസിന്റെ പ്രഭാഷണങ്ങളിൽ പ്രധാനമായും ഉണ്ടായിരുന്നത്.