Featured Sports

ഇത്തിരി നേരത്തേയായിപ്പോയോ… സച്ചിന്റെ ഉപദേശവും കേട്ടില്ല, വൈഭവിന് ക്യാപ്റ്റൻസി നൽകി, സീനീയർ ടീമിനെ നയിക്കാൻ 15-കാരന്‍ !7

മുംബൈ: സയിദ് മുഷ്താഖ് അലി ട്രോഫിയിലെ ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള ബീഹാർ സീനിയർ പുരുഷ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി പതിനഞ്ചുകാരനായ വൈഭവ് സൂര്യവംശിയെ നിയമിച്ചു. നവംബർ 14 മുതൽ ആരംഭിക്കുന്ന ടൂർണമെന്റിനായി 17 അംഗ സ്ക്വാഡിനെ ബീഹാർ ക്രിക്കറ്റ് അസോസിയേഷൻ (ബിസിഎ) പ്രഖ്യാപിച്ചു. സൂരജ് കശ്യപാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ. ആദ്യ മത്സരത്തിൽ സൗരാഷ്ട്രയെയും രണ്ടാം മത്സരത്തിൽ റെയിൽവേസിനെയും നേരിടുന്ന ബീഹാർ ടീമിനെ നയിക്കാനുള്ള ഈ അവസരം, ഇന്ത്യൻ ടി20 ടീമിൽ സ്ഥാനം ഉറപ്പിക്കാൻ ശ്രമിക്കുന്ന സൂര്യവംശിക്ക് ഏറെ നിർണ്ണായകമാണ്. ഈ ക്യാപ്റ്റൻസി ചുമതല ഒരു കളിക്കാരൻ എന്ന നിലയിലും നായകൻ എന്ന നിലയിലും വളരാൻ വൈഭവിനെ സഹായിക്കുമെന്ന് ബിസിഎ പ്രസിഡന്റ് ഹർഷ് വർദ്ധൻ അഭിപ്രായപ്പെട്ടു.

സൂര്യവംശിയുടെ സമീപകാലത്തെ മിന്നുന്ന പ്രകടനങ്ങളുടെ തുടർച്ചയായാണ് ഈ പുതിയ ഉത്തരവാദിത്തം താരത്തെ തേടിയെത്തുന്നത്. 2026-ലെ അണ്ടർ-19 ലോകകപ്പ് ഫൈനലിൽ 175 റൺസ് നേടുകയും പ്ലെയർ ഓഫ് ദി ടൂർണമെന്റാവുകയും ചെയ്തുകൊണ്ട് ഇന്ത്യയെ ചാമ്പ്യന്മാരാക്കിയ ഈ ഇടങ്കയ്യൻ ബാറ്റർ, ഐപിഎൽ 2026-ൽ രാജസ്ഥാൻ റോയൽസിനായി 776 റൺസ് അടിച്ച് ടോപ് സ്കോററുമായിരുന്നു. ഇതിന് പിന്നാലെ ഇംഗ്ലണ്ടിനെതിരെയുള്ള ട്വന്റി20യിൽ അരങ്ങേറ്റം കുറിച്ച താരം ഇന്ത്യക്കായി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി മാറി. അടുത്തിടെ ന്യൂസിലാൻഡിനെതിരായ ടി20 മത്സരത്തിൽ അഭിഷേക് ശർമ്മയ്ക്കൊപ്പം പവർപ്ലേയിൽ 118 റൺസ് അടിച്ചുകൂട്ടി പുരുഷ ടി20യിലെ ലോക റെക്കോർഡ് നേട്ടത്തിലും വൈഭവ് പങ്കാളിയായി.

ഇതിനിടെ ഇത്ര ചെറുപ്രായത്തില്‍ സൂര്യവംശിയെ നായകനാക്കുന്നതില്‍ സച്ചിനുള്‍പ്പെടെയുള്ളവര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇന്ത്യയിലെ മുൻനിര ആഭ്യന്തര ടൂർണമെന്റുകളിലൊന്നായ ദുലീപ് ട്രോഫിയിൽ ഈസ്റ്റ് സോൺ ടീമിന്റെ വൈസ് ക്യാപ്റ്റനായി സൂര്യവംശിയെ ചുമതലപ്പെടുത്തിയ സമയത്താണ് വലിയ ചർച്ചകൾക്ക് നടന്നത്. കരിയറിന്റെ തുടക്കത്തിൽ തന്നെ റെഡ് ബോൾ ക്രിക്കറ്റിൽ ഇത്തരമൊരു സുപ്രധാന ഉത്തരവാദിത്തം നൽകുന്നത് ഈ കൗമാരക്കാരന് അനാവശ്യ സമ്മർദം സമ്മാനിക്കുമെന്നായിരുന്നു ഉയർന്ന വിമർശനം.

അഭിമന്യു ഈശ്വരനെപ്പോലുള്ള മുതിർന്ന കളിക്കാർ ഒപ്പമുണ്ടായിട്ടും വൈഭവിനെ തെരഞ്ഞെടുത്തതിനെ, താരത്തിന്റെ ഭാവി മുൻനിർത്തിയുള്ള നീക്കമായാണ് സെലക്ഷൻ കമ്മിറ്റി ന്യായീകരിച്ചത്.

ഈ വിഷയത്തിൽ പ്രതികരണവുമായി ഒടുവിൽ രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സച്ചിൻ തെൻഡുൽക്കർ. വൈഭവിനെ ഇത്ര ചെറുപ്പത്തിൽ വൈസ് ക്യാപ്റ്റനാക്കിയത് അല്പം നേരത്തേയായിപ്പോയെന്നാണ് റെഡ്ഡിറ്റിലെ ഒരു ചർച്ചയിൽ സച്ചിൻ അഭിപ്രായപ്പെട്ടത്. റെഡ് ബോൾ ക്രിക്കറ്റിൽ കൂടുതൽ മത്സര പരിചയം നേടാൻ വൈഭവിന് ആദ്യം അവസരം നൽകണമായിരുന്നുവെന്നും ഘട്ടം ഘട്ടമായി മാത്രമേ ഇത്തരം പദവികളിലേക്ക് ഉയർത്താവൂ എന്നും അദ്ദേഹം വ്യക്തമാക്കി.