ഉദയ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻഫ്ലൂയിഷ് (Influish) എന്ന കമ്പനി ദീപാവലിയോട് അനുബന്ധിച്ച് വേറിട്ടൊരു തൊഴിലവസരം പ്രഖ്യാപിച്ചിരിക്കുകയാണ്. ദിവസം മുഴുവൻ ഇൻസ്റ്റാഗ്രാം റീൽസുകൾ കണ്ട്, അതിൽ തരംഗമാകുന്നതും വൈറലാകുന്നതുമായ വിഷയങ്ങളെക്കുറിച്ച് റിപ്പോർട്ട് ചെയ്യാൻ കഴിവുള്ള ഒരാളെയാണ് കമ്പനി തിരയുന്നത്. തൊഴിലിനെക്കുറിച്ചും അപേക്ഷിക്കേണ്ട വിധത്തെക്കുറിച്ചും വ്യക്തമാക്കിക്കൊണ്ട് കമ്പനി ജീവനക്കാർ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
ഇൻസ്റ്റാഗ്രാം ഉപയോഗിക്കുന്നത് ശരിക്കും ആസ്വദിക്കുന്നവർക്ക് കമ്പനി പണം നൽകാൻ തയ്യാറാണെന്ന് വീഡിയോയിൽ ജീവനക്കാരൻ പറയുന്നു. ദിവസം മുഴുവൻ ഇരുന്ന് റീൽസുകൾ സ്ക്രോൾ ചെയ്യാനും, ഇൻസ്റ്റാഗ്രാമിൽ വൈറലാകുന്ന കാര്യങ്ങൾ കണ്ടെത്താനും കഴിവുള്ള ഒരു ‘ഡൂംസ്ക്രോളറെ’ (Doomscroller) ആണ് തങ്ങൾക്ക് വേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഈ ജോലിയിൽ താല്പര്യമുള്ളവർക്ക് വീഡിയോയ്ക്ക് താഴെ ‘Hi’ എന്ന് കമന്റ് ചെയ്യാമെന്നും, ഉദയ്പൂരിൽ ഉള്ളവർക്ക് അപേക്ഷിക്കാനുള്ള ലിങ്ക് ഡയറക്ട് മെസ്സേജ് ആയി അയച്ചു നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
‘gangsofstartup’ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിന്റെ ബയോയിൽ അപേക്ഷിക്കാനുള്ള ഗൂഗിൾ ഫോമിന്റെ ലിങ്ക് നൽകിയിട്ടുണ്ട്. അപേക്ഷകർ പേര്, ഫോൺ നമ്പർ, വിലാസം എന്നിവ നൽകേണ്ടതുണ്ട്. ഫുൾടൈം ജോലിക്കാണോ അതോ ഇന്റേൺഷിപ്പിനാണോ അപേക്ഷിക്കുന്നത്, താല്പര്യമുള്ള തസ്തിക ഏതാണ്, നിലവിലുള്ളതും പ്രതീക്ഷിക്കുന്നതുമായ ശമ്പളം എത്രയാണ് എന്നീ വിവരങ്ങളും ഫോമിൽ രേഖപ്പെടുത്തണം. കൂടെ തങ്ങളുടെ റെസ്യൂമെയും അപ്ലോഡ് ചെയ്യേണ്ടതുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികളെ കമ്പനി നേരിട്ട് ബന്ധപ്പെടും.
നവംബർ 4-ന് പങ്കുവെച്ച ഈ ഇൻസ്റ്റാഗ്രാം വീഡിയോ ഇതിനകം മൂന്ന് ലക്ഷത്തിലധികം ആളുകൾ കാണുകയും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. 11,000-ത്തിലധികം ആളുകൾ ഇതിനകം അപേക്ഷാ ഫോമിനായി അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു. ഈ വേറിട്ട തൊഴിലവസരത്തിന് താഴെ രസകരമായ കമന്റുകളുമായി നിരവധി പേർ എത്തുന്നുണ്ട്. ഇതൊരു “പെർഫെക്റ്റ് ജോബ്” ആണെന്ന് ഒരാൾ അഭിപ്രായപ്പെട്ടപ്പോൾ, താൻ ഇത്രയും കാലം തിരഞ്ഞുകൊണ്ടിരുന്ന അവസരമാണിതെന്ന് മറ്റൊരു ഉപയോക്താവ് കുറിച്ചു. ഇതൊരു “സ്വപ്ന ജോലിയാണ്” എന്ന് പലരും വിശേഷിപ്പിച്ചപ്പോൾ, തന്നെ ജോലിക്ക് എടുത്താൽ “ബെസ്റ്റ് പെർഫോമർ” അവാർഡ് വരെ നേടുമെന്ന് തമാശയായി മറ്റൊരു ഉപയോക്താവും കമന്റ് ചെയ്തു.




