Crime

ഞാന്‍ അമ്മയെ കൊന്നുവെന്ന് അച്ഛന്‍; മക്കള്‍ പുതപ്പ് മാറ്റിയപ്പോള്‍ രക്തത്തില്‍ കുളിച്ച് അമ്മ, ഭർത്താവിന്റെ ദീർഘായുസ്സിന് വ്രതമെടുത്ത ഭാര്യയ്ക്ക് ദാരുണാന്ത്യം

ഭർത്താവിന്റെ ദീർഘായുസ്സിനായി ‘കർവാ ചൗത്ത്’ വ്രതം അനുഷ്ഠിച്ച ഭാര്യയെ ഭർത്താവ് അതിക്രൂരമായി കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് മസാല ചതയ്ക്കാൻ ഉപയോഗിക്കുന്ന കല്ലുകൊണ്ട് മധു ശ്രീവാസ്തവ എന്ന യുവതിയെ തലയ്ക്കടിച്ച് ഭർത്താവ് കൊലപ്പെടുത്തിയത്. സംഭവത്തിൽ ഭർത്താവ് ആനന്ദ് ശ്രീവാസ്തവയെ പോലീസ് കസ്റ്റഡിയിലെടുത്തു.

വ്യാഴാഴ്ച രാവിലെ ദമ്പതികൾ തമ്മിൽ കടുത്ത തർക്കമുണ്ടായിരുന്നു. കർവാ ചൗത്ത് വ്രതമായതിനാൽ താൻ വീട്ടുജോലികൾ ഒന്നും ചെയ്യില്ലെന്ന് മധു ഭർത്താവിനോട് പറയുകയും ഉറങ്ങാൻ പോവുകയും ചെയ്തു. ഇതിൽ പ്രകോപിതനായ ആനന്ദ്, ഉറങ്ങിക്കിടക്കുകയായിരുന്ന മധുവിനെ കഴുത്തുഞെരിക്കുകയും തുടർന്ന് അടുക്കളയിലുണ്ടായിരുന്ന മസാല ചതയ്ക്കുന്ന കല്ലുകൊണ്ട് തലയ്ക്ക് മാരകമായി അടിക്കുകയുമായിരുന്നു. അടിയിൽ ഗുരുതരമായി പരുക്കേറ്റ മധു സംഭവസ്ഥലത്തുതന്നെ രക്തം വാർന്നു മരിച്ചു.

കൃത്യം നടത്തുമ്പോൾ ഇവരുടെ പ്രായപൂർത്തിയാകാത്ത മകനും മകളും വീട്ടിലുണ്ടായിരുന്നു. കൊലപാതകത്തിന് ശേഷം ആനന്ദ് നേരെ മകന്റെ അടുത്തെത്തി താൻ അമ്മയെ കൊന്നുവെന്ന് അറിയിക്കുകയായിരുന്നു. ഇതുകേട്ട് കുട്ടികൾ ഓടിയെത്തിയപ്പോൾ പുതപ്പ് പുതപ്പിച്ച നിലയിലാണ് മധുവിനെ കണ്ടത്. തുടർന്ന് പുതപ്പ് മാറ്റി നോക്കിയപ്പോഴാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് രക്തത്തിൽ കുളിച്ചുകിടക്കുന്ന അമ്മയെ കുട്ടികൾ കാണുന്നത്.

കൊലപാതകത്തിന് ശേഷം പ്രതിയായ ആനന്ദ് സ്വയം പോലീസിനെ ഫോണിൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തിയ ശേഷം മാത്രമേ വാതിൽ തുറക്കൂ എന്നും ഇയാൾ പറഞ്ഞു. തുടർന്ന് മുരാർ പോലീസ് സ്ഥലത്തെത്തുമ്പോൾ മൃതദേഹത്തിന് സമീപം തന്നെ ഇരിക്കുകയായിരുന്ന പ്രതിയെ പോലീസ് ഉടനടി കസ്റ്റഡിയിലെടുത്തു.

2010-ൽ പ്രണയിച്ച് വിവാഹിതരായവരാണ് ആനന്ദും മധുവും. ആനന്ദ് നിലവിൽ തൊഴിൽരഹിതനാണെന്നും ഡൽഹിയിലെ ബിസിനസ്സ് പരാജയപ്പെട്ടതിനെ തുടർന്ന് ഇയാൾ കുറച്ചുകാലമായി കടുത്ത മാനസിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നതായും അയൽവാസികൾ പോലീസിനോട് പറഞ്ഞു. സംഭവസ്ഥലത്തുനിന്ന് ഫോറൻസിക് സംഘം തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്നും പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയതായും അറിയിച്ചു.