മൈക്രോസോഫ്റ്റ്, ഗൂഗിൾ, ആപ്പിൾ തുടങ്ങിയ പ്രമുഖ ഐടി കമ്പനികളിലെ ജീവനക്കാർ തങ്ങളുടെ ഓഫീസ് ജീവിതത്തിലെ സൗകര്യങ്ങളും ആനുകൂല്യങ്ങളും കാണിച്ച് പങ്കുവെക്കുന്ന വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ എന്നും ശ്രദ്ധനേടാറുണ്ട്. സൗജന്യ ഭക്ഷണം കഴിക്കുന്നതും സംഗീതം ആസ്വദിക്കുന്നതും ജിമ്മിൽ വ്യായാമം ചെയ്യുന്നതുമെല്ലാം ഉൾപ്പെടുത്തി ‘മൈക്രോസോഫ്റ്റ് എൻജിനീയറുടെ ഒരു ദിവസം’, ‘മൈക്രോസോഫ്റ്റ് ഓഫീസിൽ നിന്ന് ഞാൻ കഴിച്ച ഭക്ഷണങ്ങൾ’ തുടങ്ങിയ തലക്കെട്ടുകളോടെ നിരവധി ജീവനക്കാരാണ് മുൻകാലങ്ങളിൽ വീഡിയോകൾ പങ്കുവെച്ചിരുന്നത്.
എന്നാൽ, മൈക്രോസോഫ്റ്റിൽ ജീവനക്കാർക്കായി ‘വോളന്ററി എക്സിറ്റ് ഓഫർ’ (VEO) പദ്ധതി നടപ്പിലാക്കുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ഇത്തരം പഴയ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വീണ്ടും പ്രചരിക്കാൻ തുടങ്ങി.
ദീർഘനേരം നീളുന്ന ഉച്ചഭക്ഷണ സമയവും വിഭവസമൃദ്ധമായ ലഘുഭക്ഷണങ്ങളും മറ്റ് വിനോദസൗകര്യങ്ങളും ഉൾക്കൊള്ളുന്നതാണ് ഈ ദൃശ്യങ്ങൾ. ലോകത്തിലെ മുൻനിര ടെക് കമ്പനികളിലെ ആഡംബര ജീവിതരീതിയെക്കുറിച്ചുള്ള വലിയ ചർച്ചകൾക്കാണ് ഇത് വഴിതുറന്നിരിക്കുന്നത്. സോഫ്റ്റ്വെയർ ജീവനക്കാരുടെ ‘എ ഡേ ഇൻ ദി ലൈഫ് ഓഫ് എ മൈക്രോസോഫ്റ്റ് എൻജിനീയർ’, ‘വാട്ട് ഐ ഈറ്റ് അറ്റ് മൈക്രോസോഫ്റ്റ് ഓഫീസ്’ തുടങ്ങിയ തലക്കെട്ടുകളിലുള്ള പഴയ വീഡിയോകളാണ് എക്സ് (ട്വിറ്റർ) ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളിൽ ആളുകൾ വീണ്ടും പങ്കുവെക്കുന്നത്.
മൈക്രോസോഫ്റ്റിലെ വോളന്ററി എക്സിറ്റ് ഓഫർ വഴി ഇന്ത്യ ഉൾപ്പെടെയുള്ള നാല് രാജ്യങ്ങളിലെ ഏകദേശം 60,000 ജീവനക്കാരെ ബാധിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഈ ദൃശ്യങ്ങൾ വൈറലായത്. ഐടി മേഖലയിലെ പുനഃസംഘടനയെക്കുറിച്ചും ജോലിസുരക്ഷയെക്കുറിച്ചുമുള്ള ആശങ്കകൾ വർധിക്കുന്ന സമയത്ത്, ജീവനക്കാരുടെ ഇത്തരത്തിലുള്ള സുഖലോലുപത നിറഞ്ഞ ജീവിതരീതിയും ഇപ്പോഴത്തെ തൊഴിൽ അനിശ്ചിതത്വവും തമ്മിലുള്ള വൈരുധ്യം സോഷ്യൽ മീഡിയയിൽ വലിയ സംവാദങ്ങൾക്ക് കാരണമായിട്ടുണ്ട്.
എന്നാൽ, ജീവനക്കാർക്ക് ലഭിക്കുന്ന ഭക്ഷണസൗകര്യങ്ങളോ ആനുകൂല്യങ്ങളോ വീഡിയോകളോ കമ്പനിയുടെ വോളന്ററി എക്സിറ്റ് തീരുമാനവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് തെളിയിക്കുന്ന വിവരങ്ങളൊന്നും ലഭ്യമല്ല. ജോലി എളുപ്പമാക്കാനും ജീവനക്കാരുടെ മാനസികസമ്മർദ്ദം കുറയ്ക്കാനുമാണ് കമ്പനികൾ ഇത്തരം സൗകര്യങ്ങൾ ഒരുക്കുന്നതെന്ന് ഒരുവിഭാഗം വാദിക്കുമ്പോൾ, ജോലി ചെയ്യുന്നതിന് പകരം റീൽസ് ഉണ്ടാക്കുന്ന ഇത്തരക്കാരെയാണ് ആദ്യം പിരിച്ചുവിടേണ്ടതെന്ന് മറ്റുള്ളവർ വിമർശിക്കുന്നു. ആകർഷകമായ ഓഫീസ് സൗകര്യങ്ങൾ ജീവനക്കാരുടെ സുഖസൗകര്യങ്ങൾക്ക് നല്ലതാണെങ്കിലും അത് ഭാവിയിലെ ജോലിസുരക്ഷയ്ക്ക് ഉറപ്പുനൽകുന്നില്ലെന്ന വലിയൊരു യാഥാർഥ്യത്തിലേക്കാണ് ഈ ചർച്ചകൾ വിരൽ ചൂണ്ടുന്നത്.




