കാഞ്ഞങ്ങാട്: ഇതരസംസ്ഥാന തൊഴിലാളിക്ക് കളഞ്ഞുകിട്ടി പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച മൊബൈൽ ഫോൺ മോഷ്ടിച്ച് വിറ്റ പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്. ചന്തേര പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറും നീർച്ചാൽ സ്വദേശിയുമായ വൈ. ബൈജുവിനെതിരെയെ (41) ആണ് കേസെടുത്തത്.
കഴിഞ്ഞ എട്ടിനാണ് ചന്തേര പൊലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളിക്ക് റോഡിൽനിന്ന് പതിനായിരം രൂപയോളം വരുന്ന റെഡ്മി നോട്ട് 9 പ്രോ മൊബൈൽ ഫോൺ കളഞ്ഞുകിട്ടിയത്. ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിക്കാനായി ഇയാൾ ഫോൺ ചന്തേര പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. അന്ന് പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന ബൈജുവാണ് ഫോൺ സ്വീകരിച്ചത്. ഫോൺ ലഭിച്ചതായി ജനറൽ ഡയറിയിലും പാറാവുരേഖകളിലും രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ രാമന്തളി സ്വദേശിനിയായ വീട്ടമ്മയുടേതാണ് ഫോണെന്ന് പൊലീസ് കണ്ടെത്തി. വിവരമറിയിച്ചതിനെ തുടർന്ന് അടുത്ത ദിവസം സ്റ്റേഷനിലെത്തി ഫോൺ കൈപ്പറ്റാമെന്ന് വീട്ടമ്മ അറിയിച്ചു. എന്നാൽ ഒരാഴ്ചയ്ക്ക് ശേഷം വീട്ടമ്മയുടെ മകൻ ദർശൻ സ്റ്റേഷനിലെത്തിയപ്പോഴാണ് ഫോൺ കാണാനില്ലെന്ന വിവരം പൊലീസ് അറിയുന്നത്. ഫോൺ ആരെങ്കിലും മാറ്റിവച്ചിട്ടുണ്ടെങ്കിൽ സ്റ്റേഷനിൽ തിരികെ ഏൽപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥരുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ സന്ദേശവും അയച്ചിരുന്നു.
തുടർന്ന് ഫോണിന്റെ ഐ.എം.ഇ.ഐ. നമ്പർ പരിശോധിച്ചപ്പോൾ 14-ാം തീയതി മുതൽ ഒരു നിർദിഷ്ട നമ്പറിലുള്ള സിം കാർഡ് ഈ ഫോണിൽ ഉപയോഗിക്കുന്നതായി കണ്ടെത്തി. ഈ നമ്പറിന്റെ ടവർ ലൊക്കേഷൻ ബദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ നീർച്ചാൽ ഭാഗത്താണെന്നും കെ. മുഹമ്മദ് ഹാരിസ് എന്നയാളാണ് സിം ഉപയോഗിക്കുന്നതെന്നും വ്യക്തമായി.
തുടർന്ന് ഹാരിസിനെ ചോദ്യം ചെയ്തു. പരിചയമുള്ള ഒരു പൊലീസുകാരൻ 13-ാം തീയതി മൊബൈൽ ഫോൺ തനിക്ക് വിറ്റതാണെന്നും ഫോൺ ഫോർമാറ്റ് ചെയ്ത നിലയിലായിരുന്നുവെന്നും ഇയാൾ മൊഴി നൽകി. ഇതോടെയാണ് അന്വേഷണം 12-ന് പാറാവുജോലിയിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫീസർ ബൈജുവിലേക്ക് നീണ്ടത്.




