Crime Featured

സുകുമാരക്കുറുപ്പുക്കെ എന്ത്? സ്വന്തം മൃതദേഹം കത്തിക്കുന്ന AI ചിത്രം ഉണ്ടാക്കി, കൊലക്കേസിൽ നിന്ന് രക്ഷപ്പെടാൻ മരണം വ്യാജമായി സൃഷ്ടിച്ച പ്രതി

കൊലപാതകക്കേസിൽ നിന്ന് രക്ഷപ്പെടാൻ നിർമ്മിത ബുദ്ധി (എഐ) സാങ്കേതികവിദ്യയും ചത്ത ആടിന്റെ ശരീരവും ഉപയോഗിച്ച് സ്വന്തം മരണം വ്യാജമായി സൃഷ്ടിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ മൗവിൽ 2016-ൽ യോഗേഷ് സിംഗ് എന്നയാളെ വെടിവച്ചു കൊന്ന കേസിൽ വിചാരണ നേരിട്ടിരുന്ന രാജ്കുമാർ രാജ്ഭർ (38) ആണ് പൊലീസിന്റെ പിടിയിലായത്.

താൻ മരിച്ചതായി കോടതിയിൽ വ്യാജ രേഖകൾ സമർപ്പിച്ച് കഴിഞ്ഞ ഒന്നര വർഷമായി ഇയാൾ സ്വതന്ത്രനായി കഴിയുകയായിരുന്നു. ഞായറാഴ്ച രാവിലെ ഒൻപത് മണിയോടെ ക്വാജാജഹാൻപൂരിന് സമീപത്തു നിന്നാണ് കൊട്വാലി നഗർ പൊലീസും സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പും ചേർന്ന് ഇയാളെ പിടികൂടിയത്.

2016 ഡിസംബർ 19-നാണ് മൗൻഷിപുര റെയിൽവേ ലൈനിന് സമീപത്തുവച്ച് യോഗേഷ് സിംഗ് കൊല്ലപ്പെടുന്നത്. കൊല്ലപ്പെട്ടയാളുടെ അനന്തരവൻ നൽകിയ പരാതിയിൽ രാജ്കുമാർ രാജ്ഭറിനും സുഹൃത്ത് സുദർശനുമെതിരെ കേസെടുക്കുകയായിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയ രാജ്കുമാർ, വിചാരണയിൽ നിന്നും ശിക്ഷയിൽ നിന്നും രക്ഷപ്പെടാനായി തന്റെ മരണം വ്യാജമായി സൃഷ്ടിക്കാൻ പദ്ധതിയിടുകയായിരുന്നു.

2025 മേയ് 30-ന് ഗാസിപൂരിൽ വച്ചാണ് ഇയാൾ എഐ സഹായത്തോടെ ഈ വിചിത്ര പദ്ധതി നടപ്പാക്കിയത്. ശ്മശാനത്തിലെ ചിതയിൽ മൃതദേഹം കിടത്തിയിരിക്കുന്ന എഐ ചിത്രം ഇയാൾ നിർമ്മിച്ചു. ശവക്കച്ചയ്ക്ക് താഴെ സ്വന്തം ശരീരത്തിന് പകരം ചത്ത ആടിന്റെ ഉടൽ വച്ചശേഷം അതിൽ തന്റെ മുഖം എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ചേർത്തുവെക്കുകയായിരുന്നു. ചിതയിൽ ആടിനെയാണ് ഇയാൾ ദഹിപ്പിച്ചത്. തുടർന്ന് വിലാപയാത്രയുടെയും സംസ്‌കാര ചടങ്ങുകളുടെയും വ്യാജ ചിത്രങ്ങൾ ഉണ്ടാക്കിയെടുക്കുകയും ഇത് ഉപയോഗിച്ച് മൗ മുൻസിപ്പൽ കൗൺസിലിൽ നിന്ന് മരണ സർട്ടിഫിക്കറ്റ് കൈപ്പറ്റി കോടതിയിൽ ഹാജരാക്കുകയുമായിരുന്നു.

പന്ത്രണ്ടാം ക്ലാസ് പരീക്ഷ തോറ്റ രാജ്കുമാർ ഓഹരി വിപണിയിലെ ട്രേഡറായി ജോലി ചെയ്തു വരികയായിരുന്നുവെന്ന് അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് അനൂപ് കുമാർ പറഞ്ഞു. ഓഹരി വിപണിയിൽ നിക്ഷേപിക്കാമെന്ന് പറഞ്ഞ് വിവിധ നഗരങ്ങളിലെ പ്രമുഖരിൽ നിന്ന് ഇയാൾ വൻ തുക കൈപ്പറ്റിയിരുന്നു. കൊലപാതകക്കേസിലെ വിചാരണയിൽ നിന്ന് തപ്പാന ഒപ്പം ഈ പണം തിരികെ നൽകുന്നത് ഒഴിവാക്കാനുമാണ് ഇയാൾ മരണം വ്യാജമായി സൃഷ്ടിച്ചത്. നിലവിൽ പ്രതിക്കെതിരെ വ്യാജരേഖ ചമച്ചതിന് പുതിയ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജീവനോടെ പിടിയിലായതോടെ ഇയാൾക്കെതിരെയുള്ള കൊലപാതകക്കേസിലെ വിചാരണ നടപടികൾ വീണ്ടും പുനരാരംഭിക്കും.