Featured Good News

അടുക്കളയിലെ ഉപ്പിൽ നിന്ന് 5 കോടിയുടെ ബിസിനസ്സ്! ഗ്രാമീണ സ്ത്രീകൾക്ക് തൊഴിൽ നൽകി ഒരു വീട്ടമ്മയുടെ വൻ മുന്നേറ്റം

ഉപ്പുപൊടിയും വിവിധതരം പച്ചമരുന്നുകളും സുഗന്ധവ്യഞ്ജനങ്ങളും ചേർത്തുണ്ടാക്കുന്ന ലളിതമായ ഒരു കൂട്ടിലൂടെ ഉത്തരാഖണ്ഡിന്റെ പരമ്പരാഗത ഭക്ഷണ സംസ്കാരത്തിന് ജീവൻ പകരുകയാണ് ഒരു സംരംഭം. ശശി ബാഹുഗുണ എന്ന വനിതയാണ് ഈ വിജയഗാഥയ്ക്ക് പിന്നിൽ. ഉത്തരാഖണ്ഡിന്റെ പരമ്പരാഗത രുചികൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനും തന്റെ നാട്ടിലെ സ്ത്രീകൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി 2018-ലാണ് അവർ ‘നമക്വാലി’ (Namakwali) എന്ന സംരംഭത്തിന് തുടക്കമിട്ടത്. പരമ്പരാഗതമായി കല്ലിൽ അരച്ചെടുക്കുന്ന ‘പിസ്യൂ ലൂൺ’ (pisyu loon) എന്ന പ്രത്യേക തരം പാറയുപ്പും സുഗന്ധവ്യഞ്ജനങ്ങളും ചേർത്ത കൂട്ട് ഉണ്ടാക്കിക്കൊണ്ടായിരുന്നു അവരുടെ തുടക്കം.

തുടക്കത്തിൽ മൂന്ന് സ്ത്രീകളുമായി പ്രവർത്തനം ആരംഭിച്ച ശശിയുടെ സംരംഭം, ഉൽപ്പന്നങ്ങൾക്ക് ആവശ്യക്കാർ ഏറിയതോടെ കൂടുതൽ വളരാൻ തുടങ്ങി. ഓർഡറുകൾ വർദ്ധിച്ചതോടെ അമ്മയുടെ കഠിനാധ്വാനം കണ്ട മകൻ സുവേന്ദു രതൂരി സഹായിക്കാനായി മുന്നോട്ടുവന്നു. കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തുന്നതിനായി അദ്ദേഹം ആദ്യം ഉൽപ്പന്നങ്ങൾ ഓൺലൈൻ വഴി ലഭ്യമാക്കി. തുടർന്ന് 2022-ൽ മറ്റ് പദ്ധതികളെല്ലാം മാറ്റിവെച്ച് മകൻ ബിസിനസ്സിലേക്ക് മുഴുവൻ സമയമായി ഇറങ്ങുകയും, നമക്വാലിയെ 5 കോടി രൂപയുടെ വലിയൊരു ബിസിനസ്സ് സാമ്രാജ്യമാക്കി മാറ്റുകയും ചെയ്തു.

ദി ബെറ്റർ ഇന്ത്യ (The Better India) റിപ്പോർട്ട് പ്രകാരം, താൻ കഴിച്ചു വളർന്ന ഉത്തരാഖണ്ഡിന്റെ പരമ്പരാഗത ഭക്ഷണം ഇന്ത്യയിലുടനീളമുള്ള ആളുകൾ രുചിച്ചറിയണം എന്നതായിരുന്നു ശശി ബാഹുഗുണയുടെ ആഗ്രഹം. 52-ാം വയസ്സിൽ വെറും 1,000 രൂപയും ഒരു സഹായിയും കുറച്ച് പേപ്പർ പാക്കറ്റുകളുമായിട്ടാണ് അവർ സ്വന്തം ബിസിനസ്സ് തുടങ്ങിയത്. സോഷ്യൽ മീഡിയ വഴി ഉൽപ്പന്നങ്ങൾ പ്രചരിപ്പിക്കാൻ മകനും സഹായിച്ചു.

ഒരു വീട്ടമ്മയായിരുന്നതിനാൽ തുടക്കത്തിൽ പലർക്കും ഈ ബിസിനസ്സിൽ സംശയങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ശശി തന്റെ ലക്ഷ്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. നല്ല ചേരുവകൾ കണ്ടെത്തുന്നതിനായി അവർ ഏറേ ദൂരം നടന്നു, ഒപ്പം പ്രദേശവാസികളായ സ്ത്രീകളെ തന്നോടൊപ്പം ജോലി ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ക്രമേണ ഇൻസ്റ്റാഗ്രാമിലൂടെയും മാധ്യമ വാർത്തകളിലൂടെയും ആളുകൾ അവരുടെ ഉൽപ്പന്നങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങി. പിന്നീട് സ്വന്തമായി വെബ്‌സൈറ്റ് ആരംഭിച്ചതോടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഓർഡറുകൾ ലഭിച്ചു തുടങ്ങി. ഇന്ന് 35 സ്ത്രീകൾക്ക് തൊഴിൽ നൽകാനും 500-ഓളം കർഷകരെ പിന്തുണയ്ക്കാനും ഈ സംരംഭത്തിന് സാധിക്കുന്നുണ്ട്.

ഷാർക്ക് ടാങ്ക് ഇന്ത്യയുടെ മൂന്നാം സീസണിൽ ശശി ബാഹുഗുണയും മകൻ സുവേന്ദുവും പങ്കെടുത്തിരുന്നു. അവിടെ കാർദേഖോ (CarDekho) സ്ഥാപകനായ അമിത് ജെയിൻ ഇവരുടെ ഉൽപ്പന്നങ്ങളിൽ താല്പര്യം പ്രകടിപ്പിക്കുകയും 50 ലക്ഷം രൂപയുടെ നിക്ഷേപം വാഗ്ദാനം ചെയ്യുകയും ചെയ്തു. ബിസിനസ്സ് വളർത്തുന്നതിനും കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനുമുള്ള ഇവരുടെ ശ്രമങ്ങൾക്ക് അദ്ദേഹം വലിയ പിന്തുണയാണ് നൽകിയത്.