കർണാടകയിൽ നിന്നുള്ള രണ്ട് വയസ്സും പത്ത് മാസവും പ്രായമുള്ള പെൺകുട്ടി തബലയിൽ 12 താളങ്ങൾ വായിച്ചും ചൊല്ലിയും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി. കൊച്ചുപ്രായത്തിലെ ഈ സംഗീത പ്രതിഭ വലിയ ശ്രദ്ധയാണ് പിടിച്ചുപറ്റിയിരിക്കുന്നത്. ഉത്തര കന്നഡ ജില്ലയിലെ ഹോന്നാവര സ്വദേശിയായ സ്വരശ്രീ ഹെഗ്ഡെയാണ് ഈ അപൂർവ നേട്ടത്തിലൂടെ സോഷ്യൽ മീഡിയയുടെ മനം കവർന്നത്. എക്സിൽ (X) പങ്കുവെച്ച സ്വരശ്രീയുടെ പ്രകടനത്തിന്റെ വീഡിയോ ഇതിനകം തരംഗമായിക്കഴിഞ്ഞു. നിരവധി ആളുകളാണ് കൊച്ചുമിടുക്കിയെ പ്രശംസിച്ചും ആശംസിച്ചും രംഗത്തെത്തുന്നത്.
ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിൽ, ഒരു സംഗീത പ്രകടനത്തിന്റെ അടിത്തറയാണ് താളം. ഒരു താളം ചൊല്ലുക എന്നാൽ അതിന്റെ ബോലുകൾ അഥവാ ശബ്ദശകലങ്ങൾ ശബ്ദമുണ്ടാക്കി പറയുക എന്നതാണ്. തബലയിൽ അത് വായിക്കുന്നതിന് കൃത്യമായ താളബോധവും ശാരീരിക ഏകോപനവും കൈകളുടെ കൃത്യമായ ചലനങ്ങളും ആവശ്യമാണ്. നിരവധി താളങ്ങൾ പഠിച്ചെടുക്കാൻ കഠിനമായ പരിശീലനവും ശ്രദ്ധയും വേണമെന്നിരിക്കെ, മൂന്ന് വയസ്സ് പോലും തികയാത്ത ഒരു കുട്ടിയുടെ ഈ നേട്ടം ഏറെ പ്രശംസനീയമാണ്.
ഈ വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ വലിയ പിന്തുണയാണ് ലഭിക്കുന്നത്. സ്വരശ്രീയുടെ നേട്ടം ഉത്തര കന്നഡയ്ക്ക് തന്നെ അഭിമാന നിമിഷമാണെന്നാണ് ഒരു ഉപയോക്താവ് കുറിച്ചത്. വിദ്യയുടെയും സംഗീതത്തിന്റെയും ദേവിയായ സരസ്വതി ദേവിയുടെ അനുഗ്രഹം ലഭിച്ച കുട്ടിയാണ് ഇതെന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു. “ഏറെ പ്രതിഭയുള്ള കുട്ടി! മാതാപിതാക്കൾക്ക് ഇത് മുൻകൂട്ടി അറിയാൻ കഴിഞ്ഞതുകൊണ്ടാണോ കുട്ടിക്ക് സ്വരശ്രീ എന്ന് പേരിട്ടത്?” എന്ന് മറ്റൊരു ഉപയോക്താവ് ആശ്ചര്യത്തോടെ ചോദിച്ചു. “ഇത് വിശ്വസിക്കാൻ കഴിയുന്നില്ല, ഒരു ചെറിയ ദേവി തബല വായിക്കുകയും സംഗീത സ്വരങ്ങൾ ചൊല്ലുകയും ചെയ്യുന്നത് പോലെയാണ് തോന്നുന്നത്” എന്ന് മറ്റൊരാൾ കുറിച്ചപ്പോൾ, “അതിശയകരം തന്നെ, അമ്മയുടെ ഗർഭപാത്രത്തിൽ വെച്ച് തന്നെ കുട്ടി പരിശീലനം തുടങ്ങിയിട്ടുണ്ടാകും” എന്ന് മറ്റൊരു ഉപയോക്താവ് തമാശയായി പങ്കുവെച്ചു.




