Sports

‘‘ബി.എം.ഡബ്ല്യുവും മെഴ്‌സിഡസുമൊക്കെ സ്വന്തമായുണ്ട്, പക്ഷേ യാത്ര എന്റെ ആൾട്ടോയില്‍”: ഗൗതം ഗംഭീറിനെ കുറിച്ച് അമിത് മിശ്ര

ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും പ്രശസ്തരായ വ്യക്തിത്വങ്ങളിൽ ഒരാളാണ് ഗൗതം ഗംഭീർ. കളിക്കളത്തിലെ അദ്ദേഹത്തിന്റെ കടുത്ത മത്സരബുദ്ധിയും വാശിയും എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ ഗ്രൗണ്ടിന് പുറത്ത്, മത്സരങ്ങളിലെ അഭിപ്രായവ്യത്യാസങ്ങൾ ഏതുതന്നെയായാലും, സുഹൃത്തുക്കള്‍ക്ക് പ്രിയങ്കരനായ വ്യക്തിയാണ് അദ്ദേഹം.

ഡൊമസ്റ്റിക് ക്രിക്കറ്റിലും അന്താരാഷ്ട്ര മത്സരങ്ങളിലും ഐ.പി.എല്ലിലും ഗംഭീറിനൊപ്പം ഒട്ടേറെ വർഷങ്ങൾ കളിച്ച മുൻ ഇന്ത്യൻ സ്പിന്നർ അമിത് മിശ്ര, നിലവിലെ ഇന്ത്യൻ ഹെഡ് കോച്ചായ ഗംഭീറിന്റെ അധികമാർക്കുമറിയാത്ത ഒരു വശത്തെക്കുറിച്ച് വെളിപ്പെടുത്തുകയും തങ്ങൾ ഇപ്പോഴും നല്ല സുഹൃത്തുക്കളായി തുടരുന്നതിന്റെ കാരണം വ്യക്തമാക്കുകയും ചെയ്തു.

മുൻ ഇന്ത്യൻ താരവും പ്രശസ്ത കമന്റേറ്ററുമായ ആകാശ് ചോപ്രയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അമിത് മിശ്ര ഗംഭീറിനെക്കുറിച്ച് സംസാരിച്ചത്. ഗംഭീർ തനിക്കുള്ള സമ്പത്തോ സൗകര്യങ്ങളോ മറ്റുള്ളവരുടെ മുന്നിൽ ഒരിക്കലും ആഡംബരമായി കാട്ടാറില്ലെന്ന് മിശ്ര പറഞ്ഞു. ഗൗതമിൽ താൻ കണ്ട ഏറ്റവും വലിയ നല്ല ഗുണം, വലിയ സാമ്പത്തികശേഷിയുള്ള ആളായിരുന്നിട്ടും അത് മറ്റുള്ളവരുടെ മുന്നിൽ കാണിച്ച് ഗമ നടിക്കാത്തതാണെന്നും, അതുകൊണ്ടാണ് തങ്ങൾ ഇത്രയും നല്ല സുഹൃത്തുക്കളായി തുടരുന്നതെന്നും മിശ്ര വ്യക്തമാക്കി. ബി.എം.ഡബ്ല്യുവും മെഴ്‌സിഡസുമൊക്കെ സ്വന്തമായുള്ള ഗംഭീര്‍, ആ കാലത്തും തന്റെ ആദ്യ കാറായ ആൾട്ടോയിൽ തന്നോടൊപ്പം യാത്ര ചെയ്യാൻ അദ്ദേഹത്തിന് യാതൊരു മടിയുമുണ്ടായിരുന്നില്ലെന്നും അമിത് മിശ്ര കൂട്ടിച്ചേർത്തു.

ഇന്ത്യയ്ക്കായി 22 ടെസ്റ്റുകളും 36 ഏകദിനങ്ങളും 10 ട്വന്റി-20 മത്സരങ്ങളും കളിച്ചിട്ടുള്ള മിശ്ര, ഗംഭീറുമായുള്ള മറ്റൊരു അനുഭവവും പങ്കുവെച്ചു. ഒരിക്കൽ കളിക്കളത്തിൽ വെച്ച് താനും ഗംഭീറും തമ്മിൽ വാക്കേറ്റവും തർക്കവുമുണ്ടായി. എന്നാൽ അതേ ദിവസം മത്സരം അവസാനിച്ചതിന് ശേഷം, ഗംഭീർ തന്നെ ഫോണിൽ വിളിച്ച് രാത്രി ഒരുമിച്ച് അത്താഴം കഴിക്കാൻ ക്ഷണിച്ചു. മൈതാനത്ത് കഠിനമായി പോരാടുമെങ്കിലും, സുഹൃത്തുക്കളുടെ കാര്യത്തിൽ അതൊക്കെ മാറ്റിനിർത്തി വീണ്ടും പഴയതുപോലെ വന്ന് സംസാരിക്കാൻ ഗംഭീറിന് ഒരു മടിയുമില്ലെന്ന് മിശ്ര പറഞ്ഞു.

ഗംഭീർ ഡൽഹിക്കും മിശ്ര ഹരിയാനയ്ക്കും വേണ്ടിയാണ് ആഭ്യന്തര ക്രിക്കറ്റ് കളിച്ചതെങ്കിലും, സോണൽ മത്സരങ്ങളിൽ ഇരുവരും ഒരേ ടീമിലാണ് അണിനിരന്നത്. ഇന്ത്യൻ ടീമിന് പുറമെ, ഐ.പി.എല്ലിൽ ഡൽഹി ഡെയർഡെവിൾസ്, ലക്നൗ സൂപ്പർ ജയന്റ്സ് എന്നീ ടീമുകളിലും ഇരുവരും ഒരുമിച്ച് ഡ്രസ്സിംഗ് റൂം പങ്കുവെച്ചിട്ടുണ്ട്.