Oddly News

ആദ്യ മോഡൽ മുതൽ ഐഫോൺ 18 പ്രോ മാക്സ് വരെ! 53 ഐഫോണുകളുമായി ഡ്യുവോ വാങ്ങാന്‍ ആപ്പിൾ സ്റ്റോറിലെത്തിയ ദുബായ് സ്വദേശി

ആപ്പിളിന്റെ പുതിയ മടക്കാവുന്ന ഫോണായ ‘ഐഫോൺ ഡ്യുവോ’ (iPhone Duo) വാങ്ങാനായി ദുബായ് നിവാസിയും ആപ്പിളിന്റെ കടുത്ത ആരാധകനുമായ മുഹമ്മദ് ഷാക്ക എത്തിയത് തന്റെ പക്കലുള്ള 53 പഴയ ഐഫോണുകളുടെ ശേഖരവുമായിട്ടാണ്. ഷാക്കയുടെ പക്കലുള്ള ഐഫോണുകളുടെ വിവരമറിഞ്ഞ ആപ്പിൾ ജീവനക്കാർ, സ്റ്റോറിലേക്ക് വരുമ്പോൾ ഈ ശേഖരം കൂടി കൊണ്ടുവരാൻ തലേദിവസം അദ്ദേഹത്തോട് അഭ്യർത്ഥിക്കുകയായിരുന്നു എന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ആദ്യ തലമുറ ഐഫോൺ മുതൽ ഐഫോൺ 18 പ്രോ മാക്സ് വരെയുള്ള, ഏകദേശം ഇരുപത് വർഷത്തെ ആപ്പിൾ ഐഫോണുകളുടെ ചരിത്രം വിളിച്ചോതുന്നതായിരുന്നു അദ്ദേഹത്തിന്റെ ഈ ശേഖരം.

കറാച്ചി സ്വദേശിയായ ഷാക്ക കഴിഞ്ഞ 20 വർഷത്തോളമായി ഐഫോണുകൾ ശേഖരിക്കുന്നുണ്ട്. വീടുകളിൽ പ്രത്യേകമായി പ്രദർശിപ്പിച്ചിരിക്കുന്ന ഈ ശേഖരത്തിൽ ചില മോഡലുകളുടെ വിവിധ വർണ്ണങ്ങളിലുള്ള ഫോണുകളുമുണ്ട്. “ഐഫോണുകൾ ശേഖരിക്കുന്നത് എന്റെ ഒരു ഹോബിയും അതേസമയം ഒരു വെല്ലുവിളിയുമാണ്. ആദ്യ തലമുറ മുതൽ ഐഫോൺ 18 പ്രോ മാക്സ് വരെയുള്ള മിക്ക ഫോണുകളും എന്റെ പക്കലുണ്ട്. ഒരു മോഡലിൽ തന്നെ വ്യത്യസ്ത നിറങ്ങളിലുള്ള ഫോണുകളും ഞാൻ വാങ്ങി സൂക്ഷിച്ചിട്ടുണ്ട്,” ഷാക്ക പറഞ്ഞു.

മോട്ടറോള, സാംസങ് തുടങ്ങിയ മറ്റ് ബ്രാൻഡുകളുടെ ഫോണുകളും പക്കലുണ്ടെങ്കിലും ആപ്പിളിനോടാണ് അദ്ദേഹത്തിന് എന്നും പ്രിയം കൂടുതൽ. ക്യാമറ, ബാറ്ററി, ടച്ച്‌സ്‌ക്രീൻ, ഓപ്പറേറ്റിംഗ് സിസ്റ്റം എന്നിവയിലൊക്കെ ഓരോ തലമുറയിലും വരുന്ന മാറ്റങ്ങൾ അടുത്തറിയാൻ താൻ ഇഷ്ടപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആപ്പിളിന്റെ പുതിയ മടക്കാവുന്ന ഫോണിനെക്കുറിച്ചുള്ള വിവരങ്ങൾ പ്രഖ്യാപിക്കുന്നതിന് ഏറെ മുൻപ് തന്നെ അദ്ദേഹം അത് ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി ഇതിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ കേൾക്കുന്നുണ്ടെന്നും, ഒടുവിൽ അത് പ്രീ-ബുക്ക് ചെയ്യാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് വർഷമായി ആപ്പിളിന്റെ പുതിയ ഫോൺ ലോഞ്ചുകളിൽ ആദ്യമായി ഫോൺ സ്വന്തമാക്കുന്ന ആൾക്കാരുടെ നിരയിൽ ഷാക്കയുമുണ്ട്. ഈ വർഷത്തെ അനുഭവത്തോടെ തന്റെ ‘ഹാട്രിക്’ പൂർത്തിയായെന്നും ഇനി മറ്റു ആരാധകർക്കും ഈ അവസരം ലഭിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ദുബായിലെ സ്റ്റോറിൽ ആദ്യത്തെ ആളായി എത്തുന്നതിലും വലിയൊരു സ്വപ്നം അദ്ദേഹത്തിനുണ്ട്. ഭാവിയിൽ കാലിഫോർണിയയിൽ നടക്കുന്ന ആപ്പിളിന്റെ ഔദ്യോഗിക ലോഞ്ച് ചടങ്ങിലേക്ക് ആപ്പിൾ കമ്പനി തന്നെ ക്ഷണിക്കുമെന്നും, ആപ്പിൾ ഫോണുകളോടുള്ള തന്റെ അടങ്ങാത്ത ആവേശം അവിടെ വെച്ച് ലോകത്തിന് മുന്നിൽ കാണിക്കാൻ സാധിക്കുമെന്നുമാണ് ഷാക്കയുടെ പ്രതീക്ഷ.