Celebrity

‘ തിരുത്താന്‍ കൊടുത്ത പാൻ കാർഡ് പണി തന്നു! നായര്‍ നാറിയായി’! വീട്ടില്‍ എല്ലാവരും കരച്ചിലാണെന്ന് ശ്രീവിദ്യ- വീഡിയോ വൈറൽ

പാൻ കാർഡിലെ വിവരങ്ങൾ തിരുത്താനായി അപേക്ഷിച്ച് തിരികെ ലഭിച്ചപ്പോൾ സംഭവിച്ച അബദ്ധം ചൂണ്ടിക്കാട്ടി വീഡിയോയുമായി നടി ശ്രീവിദ്യ മുല്ലച്ചേരി. ഭർത്താവും സംവിധായകനുമായ രാഹുൽ രാമചന്ദ്രന്റെ പാൻ കാർഡിലെ അച്ഛന്റെ പേരിലാണ് വലിയ പിഴവ് വന്നത്. രാമചന്ദ്രൻ നായർ എന്ന പേരിന് പകരം കാർഡിൽ ‘രാമചന്ദ്രൻ നാറി’ (Ramachandran Nari) എന്നാണ് അച്ചടിച്ചുവന്നത്. പേര് മാറിവന്ന ഈ വിഷയം വളരെ ഹാസ്യരൂപേണയാണ് ശ്രീവിദ്യ സോഷ്യൽ മീഡിയയിൽ അവതരിപ്പിച്ചത്.

തന്റെ കുടുംബത്തിലുണ്ടായ ഒരു വിഷമകരമായ കാര്യത്തെക്കുറിച്ച് പറയാനാണ് വന്നതെന്നു പറഞ്ഞുകൊണ്ടാണ് ശ്രീവിദ്യ വീഡിയോ ആരംഭിക്കുന്നത്. ഭർത്താവിന്റെ പാൻ കാർഡ് തിരുത്തി കിട്ടിയപ്പോൾ അച്ഛന്റെ പേരിന്റെ സ്ഥാനത്ത് രാമചന്ദ്രൻ നായർക്ക് പകരം രാമചന്ദ്രൻ നാറി എന്ന് ടൈപ്പ് ചെയ്തു തന്നുവെന്നും ഇത് ഏറെ കഷ്ടമാണെന്നും നടി പറയുന്നു.

ജീവിച്ചിരുന്ന കാലമത്രയും ആരെക്കൊണ്ടും മോശം പറയിപ്പിക്കാതെ ഒട്ടേറെ കുട്ടികൾക്ക് അറിവ് പകർന്നുനൽകിയ വ്യക്തിയായിരുന്നു അദ്ദേഹമെന്നും, കാർഡ് കിട്ടിയതുമുതൽ ഭർത്താവും അമ്മയും വിഷമത്തിലാണെന്നും ശ്രീവിദ്യ തമാശയായി കൂട്ടിച്ചേർത്തു. അതേസമയം, ‘ആർഐ’ക്ക് പകരം ‘ആർഐഎൻ’ എന്നായിരുന്നെങ്കിൽ രാമചന്ദ്രൻ നരൻ എന്നെങ്കിലും ആകുമായിരുന്നുവെന്നും, ഇനി ഈ കാർഡ് എവിടെയെങ്കിലും കൊണ്ടുപോയി നൽകാൻ സാധിക്കുമോ എന്നും രാഹുലും വീഡിയോയിൽ ചോദിക്കുന്നുണ്ട്.

എന്നാൽ അത് രാമചന്ദ്രൻ നാറി എന്നല്ല, രാമചന്ദ്രൻ നരി എന്നാണ് വായിക്കേണ്ടതെന്ന് പറഞ്ഞ് ശ്രീവിദ്യ ഭർത്താവിനെ ആശ്വസിപ്പിച്ചു. പണ്ട് തന്റെ അച്ഛന്റെ പേരും ഇതുപോലെ തെറ്റായി എഴുതിയിട്ടുണ്ടെന്നും നടി ഓർത്തെടുത്തു. തന്റെ അച്ഛൻ കരിച്ചേരി കുഞ്ഞമ്പു നായർ എന്ന് എഴുതിയതിന് പകരം മുൻപാരോ രസീതിൽ കരിച്ചേരി കുഞ്ഞമ്പു നായ എന്ന് എഴുതി നൽകിയിട്ടുണ്ടെന്ന കാര്യവും ശ്രീവിദ്യ പങ്കുവെച്ചു.

തന്റെ കുടുംബത്തിൽ മാത്രം എന്തിനാണ് ഇത്തരം രൂക്ഷവിമർശനങ്ങൾ ഉണ്ടാകുന്നതെന്ന് അറിയില്ലെന്നും, വെറുതെയല്ല ജാതിയും മതവും പറയരുതെന്ന് കാരണവന്മാർ പറയുന്നതെന്നും തമാശരൂപേണ പറഞ്ഞാണ് ശ്രീവിദ്യ വീഡിയോ അവസാനിപ്പിക്കുന്നത്.