കാനഡയിൽ നിന്നുള്ള ഹൈ ഡൈവിംഗ് താരം മോളി കാൾസൺ, അറ്റ്ലാന്റിക് സമുദ്രത്തിലെ ഒഴുകിനടക്കുന്ന മഞ്ഞുപാളിയിൽ (ഐസ്ബർഗ്) നിന്ന് ചാടി ചരിത്രം കുറിച്ചിരിക്കുന്നു. കാനഡയിലെ ന്യൂഫൗണ്ട്ലൻഡിലെ ട്വില്ലിംഗേറ്റിന് സമീപമുള്ള തണുത്തുറഞ്ഞ വെള്ളത്തിന് മുകളിൽ, ഏകദേശം 15 മീറ്റർ ഉയരമുള്ള സ്വതന്ത്രമായി നിൽക്കുന്ന ഐസ്ബർഗിൽ നിന്ന് 28 കാരിയായ ഈ അത്ലറ്റ് പുറകോട്ട് ഡൈവ് ചെയ്യുകയായിരുന്നു. വനിതാ ഹൈ ഡൈവിംഗ് ചരിത്രത്തിൽ ഇതൊരു വലിയ നേട്ടമാണ്.
വർഷങ്ങളുടെ തയ്യാറെടുപ്പുകൾക്കൊടുവിൽ ജൂണിലാണ് ഈ അപൂർവ്വ നേട്ടം കൈവരിച്ചത്. ഇതിന്റെക്കണക്കെല്ലാം ‘റെഡ് ബുൾ ഐസ്ബർഗ് ഡൈവ്’ (Red Bull Iceberg Dive) എന്ന ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ചരിത്രപരമായ ചാട്ടത്തിന് പിന്നിലെ അപകടസാധ്യതകളും കഠിനാധ്വാനവുമെല്ലാം ഇതിൽ വ്യക്തമാക്കുന്നുണ്ട്. റെഡ് ബുൾ ക്ലിഫ് ഡൈവിംഗ് വേൾഡ് സീരീസിലെ പ്രകടനങ്ങളിലൂടെ പ്രശസ്തയാണ് കാൾസൺ. വലിയ ഉയരങ്ങളിൽ നിന്ന് വെള്ളത്തിലേക്ക് ചാടാൻ അവർക്ക് വലിയ പരിചയമുണ്ട്. എങ്കിലും, ഒഴുകിനടക്കുന്ന ഐസ്ബർഗിൽ നിന്ന് ഡൈവ് ചെയ്യുക എന്നത് തികച്ചും വ്യത്യസ്തവും വളരെ അപകടം പിടിച്ചതുമായ ഒരു വെല്ലുവിളിയായിരുന്നു.
ഉറച്ചുനിൽക്കുന്ന ഡൈവിംഗ് പ്ലാറ്റ്ഫോമുകളിൽ നിന്ന് വ്യത്യസ്തമായി, ഐസ്ബർഗുകൾ മുന്നറിയിപ്പില്ലാതെ ഇളകുകയോ പൊട്ടുകയോ മറിയുകയോ ചെയ്യാം. അതിനാൽ, താരത്തിന് സുരക്ഷിതമായി നിന്നു ചാടാൻ അനുയോജ്യമായ ഒരു മഞ്ഞുപാളി കണ്ടെത്തുക എന്നത് ഈ പദ്ധതിയിലെ ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യങ്ങളിൽ ഒന്നായിരുന്നു. കാനഡയിലെ ഒന്റാറിയോയിൽ നിന്നുള്ള കാൾസൺ, ഈ സാഹസത്തിനായി മാസങ്ങളോളം തയ്യാറെടുപ്പുകൾ നടത്തി. തണുത്ത വെള്ളത്തിൽ പരിശീലനം നേടൽ, പ്രത്യേക വെറ്റ്സ്യൂട്ടുകൾ പരീക്ഷിക്കൽ, ഒപ്പം കനേഡിയൻ പർവ്വതാരോഹകനായ വില്ല് ഗാഡിന്റെ സഹായത്തോടെ ഐസ്-ക്ലൈംബിംഗ് സാങ്കേതികവിദ്യകൾ പഠിക്കൽ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.
ഈ ആശയം പെട്ടെന്നുണ്ടായ ഒന്നല്ല. സി.ബി.സി സ്പോർട്സിനോട് സംസാരിക്കവെ, ഈ പദ്ധതിക്ക് പിന്നിൽ ഏകദേശം നാല് വർഷത്തെ പ്രയത്നമുണ്ടായിരുന്നുവെന്ന് കാൾസൺ വെളിപ്പെടുത്തി. സംഘം ന്യൂഫൗണ്ട്ലൻഡിൽ എത്തിയതിന് ശേഷം പോലും ഡൈവിംഗ് നടക്കുമെന്ന് ഉറപ്പില്ലായിരുന്നു. സുരക്ഷിതമായ ഒരു ഐസ്ബർഗ് കണ്ടെത്തുകയും, അനുകൂലമായ കാലാവസ്ഥയ്ക്കും ശാന്തമായ സമുദ്രാവസ്ഥയ്ക്കും വേണ്ടി അവർക്ക് കാത്തിരിക്കേണ്ടി വന്നു.
തന്റെ കംഫർട്ട് സോണിന് അപ്പുറത്തേക്ക് കടന്നുള്ള ഈ വെല്ലുവിളിയിൽ അടങ്ങിയിട്ടുള്ള അപകടസാധ്യതകളെക്കുറിച്ച് കാൾസൺ ഡോക്യുമെന്ററിയിൽ പറയുന്നുണ്ട്. 20 മീറ്ററിലധികം ഉയരത്തിൽ നിന്ന് ഡൈവ് ചെയ്ത പരിചയമുണ്ടെങ്കിലും, തന്റെ ജീവിതത്തിൽ താൻ അനുഭവിച്ചിട്ടുള്ളതിൽവെച്ച് ഏറ്റവും ഭയപ്പെടുത്തുന്ന കാര്യമായാണ് അവർ ഈ ഐസ്ബർഗ് ചാട്ടത്തെ വിശേഷിപ്പിച്ചത്. ഐസിന്റെ പ്രവചനാതീതമായ സ്വഭാവവും അറ്റ്ലാന്റിക് സമുദ്രത്തിലെ തണുത്തുറഞ്ഞ വെള്ളവും കാരണം, ചാടുന്നതിന് മുൻപ് കൃത്യമായ തയ്യാറെടുപ്പുകളും വിലയിരുത്തലുകളും അത്യാവശ്യമായിരുന്നു.
അവസാനം ആ നിമിഷം എത്തിയപ്പോൾ, കാൾസൺ ഏകദേശം 15 മീറ്റർ ഉയരമുള്ള ഐസ്ബർഗിൽ നിന്ന് പുറകോട്ട് ഡൈവ് ചെയ്ത് അറ്റ്ലാന്റിക് സമുദ്രത്തിന്റെ തണുത്ത വെള്ളത്തിലേക്ക് പതിച്ചു. സി.ബി.സി സ്പോർട്സിനോട് സംസാരിക്കവെ താൻ അന്തരീക്ഷത്തിൽ ഏകദേശം 10 മിനിറ്റോളം നിന്നുപോയതുപോലെയാണ് തോന്നിയതെന്ന് താരം പറഞ്ഞു. വർഷങ്ങളായി താൻ സ്വപ്നം കണ്ടിരുന്ന ആ ചാട്ടം പൂർത്തിയാക്കാൻ കഴിഞ്ഞതിന്റെ സന്തോഷവും ആവേശവും അവർ പങ്കുവെച്ചു. കായികരംഗത്തെ ഈ വലിയ നേട്ടത്തിനൊപ്പം, കാനഡയുടെ മനോഹരമായ പ്രകൃതി സൗന്ദര്യവും തങ്ങളുടെ രാജ്യത്തെ പ്രത്യേകതകളും ലോകത്തിന് മുന്നിൽ കാണിച്ചുകൊടുക്കാനും ഈ പദ്ധതിയിലൂടെ കാൾസൺ ലക്ഷ്യമിട്ടിരുന്നു.




