ദുബായിൽ ജോലി ചെയ്യുന്ന ഒരു ഇന്ത്യൻ ഹിന്ദു പൂജാരി, താൻ യുഎഇയിൽ എത്തിയ ആദ്യകാലങ്ങളിൽ അനുഭവിച്ച സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്നുപറഞ്ഞു. പ്രാഭാതഭക്ഷണം കഴിച്ചുകഴിഞ്ഞാൽ അടുത്ത ആഹാരം എവിടുന്ന് ലഭിക്കുമെന്ന് ആകുലപ്പെട്ടിരുന്ന കാലമുണ്ടായിരുന്നുവെന്ന് മധ്യപ്രദേശിലെ ജബൽപൂർ സ്വദേശിയായ ശാസ്ത്രി നീരജ് പണ്ഡിറ്റ്ജി ഒരു ഇൻസ്റ്റാഗ്രാം കണ്ടന്റ് ക്രിയേറ്ററുമായുള്ള സംഭാഷണത്തിൽ ഓർമിച്ചു. ഒരു പൂജാരിയുടെ ജോലിക്ക് സ്ഥിരമായ മാസശമ്പളം ഉണ്ടായിരുന്നില്ലെന്നും, മതപരമായ ചടങ്ങുകൾ നടത്തുമ്പോൾ ലഭിക്കുന്ന കാണിക്കകളെ മാത്രമാണ് താൻ ആശ്രയിച്ചിരുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
ദുബായിലെ ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങൾക്കും മറ്റ് ഭക്തർക്കുമായി പൂജകളും മറ്റ് മതപരമായ ചടങ്ങുകളും നീരജ് പണ്ഡിറ്റ്ജി നടത്തിവരുന്നു. അദ്ദേഹം നടത്തുന്ന ചടങ്ങുകളുടെ കാണിക്കകളെ ആശ്രയിച്ചാണ് അദ്ദേഹത്തിന്റെ വരുമാനം. തന്റെ വരുമാനത്തെക്കുറിച്ച് സംസാരിക്കവെ, ചിലപ്പോൾ തന്റെ സേവനത്തിന് 500 യുഎഇ ദിർഹവും (ഏകദേശം 12,800 രൂപ) മറ്റു ചിലപ്പോഴൊക്കെ 200 ദിർഹവുമാണ് (ഏകദേശം 5,100 രൂപ) ലഭിക്കാറുള്ളതെന്ന് പൂജാരി പറഞ്ഞു. സ്ഥിരമായ മാസവരുമാനമില്ലാത്തതിനാൽ, അദ്ദേഹം നഗരത്തിൽ ആദ്യമായി എത്തിയ കാലത്ത് ദൈനംദിന ചെലവുകൾ മുന്നോട്ട് കൊണ്ടുപോകുക വളരെ ബുദ്ധിമുട്ടായിരുന്നു.
“ഞാൻ ഇവിടെ ആദ്യമായി എത്തിയ കാലമായിരുന്നു ഏറ്റവും ബുദ്ധിമുട്ടേറിയത്. രാവിലെ എന്തെങ്കിലും കഴിച്ചാൽ, വൈകുന്നേരത്തെ അടുത്ത ഭക്ഷണം എങ്ങനെയെത്തിക്കുമെന്ന് ഞാൻ ആകുലപ്പെടുമായിരുന്നു,” തന്റെ ആദ്യകാല കഷ്ടപ്പാടുകൾ ഓർക്കവേ അദ്ദേഹം പറഞ്ഞു. “ദുബായിൽ നാം കാണുന്ന ജീവിതങ്ങൾക്ക് പിന്നിൽ തങ്ങളുടെ ഭാവി കെട്ടിപ്പടുക്കാൻ വേണ്ടിമാത്രം കഷ്ടപ്പാടുകൾ തരണം ചെയ്ത മനുഷ്യരുണ്ടെന്നതിന്റെ ഓർമ്മപ്പെടുത്തലാണ് അദ്ദേഹത്തിന്റെ കഥ,” വീഡിയോയുടെ അടിക്കുറിപ്പിൽ പറയുന്നു. “ചിലപ്പോൾ ജീവിതത്തിലെ ഏറ്റവും കഠിനമായ നിമിഷങ്ങളിലൂടെ കടന്നുപോയ ആളുകളിൽ നിന്നാണ് ഏറ്റവും അർത്ഥവത്തായ പാഠങ്ങൾ ലഭിക്കുന്നത്. ഓരോ വ്യക്തിക്കും ഒരു കഥയുണ്ട്. ഓരോ സ്വപ്നത്തിനും വിലയുണ്ട്,” അടിക്കുറിപ്പിൽ തുടർന്നു പറയുന്നു.
ഈ ബുദ്ധിമുട്ടുകൾക്കിടയിലും വ്യത്യസ്ത രാജ്യങ്ങളിൽ നിന്നും സമൂഹങ്ങളിൽ നിന്നുമുള്ള ആളുകൾ തമ്മിലുള്ള ഐക്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പൂജാരി സംസാരിച്ചു. ഇന്ത്യയിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നുമുള്ള ആളുകൾ സമാധാനത്തോടെ ഒന്നിച്ച് ജീവിക്കുകയും ആഘോഷങ്ങൾ ഒരുമിച്ച് കൊണ്ടാടുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു. വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ള ആളുകൾക്ക് ഒന്നിച്ചുചേരാനും ബന്ധങ്ങൾ ദൃഢമാക്കാനും ഉത്സവങ്ങൾ അവസരമൊരുക്കുന്നുവെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. “ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലുമുള്ള ആളുകൾ സ്നേഹത്തോടെ ഒന്നിച്ചു ജീവിക്കണം. എപ്പോഴൊക്കെ ഉത്സവങ്ങൾ വരുന്നുവോ, അപ്പോഴൊക്കെ എല്ലാവരും ചേർന്ന് അത് ആഘോഷിക്കണം,” അദ്ദേഹം പറഞ്ഞു.




