ചിലിയിൽ നിന്ന് സാന്തിയാഗോയിലേക്ക് പുറപ്പെട്ട ലാതം എയർലൈൻസ് വിമാനത്തിൽ മിന്നലടിച്ചതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ചൊവ്വാഴ്ച വിമാനം ഇറങ്ങുന്നതിന് തൊട്ടുമുമ്പാണ് സംഭവം നടന്നത്. കുറഞ്ഞ വെളിച്ചമുള്ള കാബിനിൽ പെട്ടെന്ന് ശക്തമായ മിന്നലും വലിയ ശബ്ദവുമുണ്ടായതോടെ യാത്രക്കാർ ഭയന്നുപോയി. മോശം കാലാവസ്ഥയും ശക്തമായ ഇടിയും മഴയുമാണ് ഈ സംഭവത്തിന് കാരണം.
ഭയപ്പെടേണ്ടി വന്നെങ്കിലും ആർക്കും പരിക്കുകളൊന്നും പറ്റിയിട്ടില്ലെന്നും വിമാനം വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തെന്നും അധികൃതർ അറിയിച്ചു. വിമാനങ്ങളുടെ രൂപകൽപ്പനയിൽ തന്നെ ഇത്തരം കാലാവസ്ഥാ സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ലാതം എയർലൈൻസിന്റെ അധികൃതർ വ്യക്തമാക്കി.
ഇതിനുപുറമെ, ഈ മാസം പട്നയിൽ നിന്ന് ലഖ്നൗവിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനവും മോശം കാലാവസ്ഥയെ തുടർന്ന് അന്വേഷണത്തിന് വിധേയമായിട്ടുണ്ട്. 17,000 അടി ഉയരത്തിൽ പറക്കുന്നതിനിടയിലുണ്ടായ കനത്ത ആലിപ്പഴ വർഷത്തിൽ വിമാനത്തിന്റെ മുൻഭാഗത്തിന് കേടുപാടുകൾ പറ്റിയിരുന്നു. 104 യാത്രക്കാരും ആറ് ജീവനക്കാരുമുണ്ടായിരുന്ന വിമാനം കൃത്യസമയത്തിന് എട്ട് മിനിറ്റ് മുമ്പ് തന്നെ സുരക്ഷിതമായി ലാൻഡ് ചെയ്തു.
യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും, ആവശ്യമായ പരിശോധനകൾക്കും അനുമതിക്കും ശേഷം മാത്രമേ ഈ വിമാനം വീണ്ടും സർവീസ് നടത്തുകയുള്ളൂ എന്നും ഇൻഡിഗോ വക്താവ് അറിയിച്ചു. ഇന്ത്യയുടെ വ്യോമയാന റെഗുലേറ്ററായ ഡി.ജി.സി.എ ഈ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




