Featured Good News

ഇടുക്കിയുടെ മിടുക്കി! ഉപദ്രവിച്ച മദ്യപാനിയെ ഒരു കിലോമീറ്റര്‍ ഓടിച്ചിട്ട് പിടിച്ച് യുവതി !

കട്ടപ്പന: രാത്രി നഗരത്തിൽ കുടുംബത്തോടൊപ്പം നടന്നുപോകുന്നതിനിടെ അതിക്രമത്തിന് മുതിർന്ന മദ്യപാനിയായ യുവാവിനെ ഒരു കിലോമീറ്ററോളം ഓടിച്ചിട്ടുപിടിച്ച് യുവതിയുടെ ധീരത. തുടർന്ന് കൈമാറിയ പ്രതിക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

ബുധനാഴ്ച രാത്രി എട്ടുമണിയോടെ കട്ടപ്പന മാർക്കറ്റ് ജങ്ഷനിലാണ് സംഭവം നടക്കുന്നത്. മാതാപിതാക്കൾക്കൊപ്പം നഗരത്തിലെത്തിയ കട്ടപ്പന കുന്തളംപാറ സ്വദേശിനി വീണ സജിയെയാണ് ഇയാൾ വഴിയിൽ വെച്ച് ഉപദ്രവിക്കാൻ ശ്രമിച്ചത്. യുവതിക്കൊപ്പം മാതാപിതാക്കളുമുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ പ്രതി അവിടെനിന്ന് ഓടിരക്ഷപ്പെടാൻ നോക്കി. എന്നാൽ പതറാതെ വീണ അക്രമിയുടെ പിന്നാലെ ഓടുകയായിരുന്നു. പുതിയ ബസ് സ്റ്റാൻഡ് വരെ ഇയാളെ പിന്തുടർന്ന യുവതി, അവിടെയുണ്ടായിരുന്ന വ്യാപാരികളുടെയും ഓട്ടോ തൊഴിലാളികളുടെയും സഹായത്തോടെ ഇയാളെ തടഞ്ഞുവെച്ചു.

കൊച്ചി സ്വദേശിയായ ജാക്‌സൺ (25) ആണ് പിടിയിലായത്. വിവരം അറിയിച്ചതിനെ തുടർന്ന് കട്ടപ്പന പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. പിടിയിലായ സമയത്ത് രക്ഷപ്പെടാനായി അന്യസംസ്ഥാനക്കാരനായി അഭിനയിച്ചെങ്കിലും ഇയാൾ എറണാകുളം സ്വദേശിയാണെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. മദ്യപിച്ചെത്തിയ ഇയാൾ രാവിലെ മുതൽ നഗരത്തിലെ വിവിധ കടകളിൽ കയറി പ്രശ്നങ്ങളുണ്ടാക്കിയിരുന്നതായും വിവരമുണ്ട്.