Crime

14കാരി അബോർഷനിടെ മരിച്ചു; പീഡിപ്പിച്ചത് ഹെഡ് മാസ്റ്റര്‍ മുതൽ ആശുപത്രി ജീവനക്കാര്‍ വരെ, കേസില്‍ ഡോക്ടറടക്കം 15 പേർ പിടിയിൽ

ജമ്മു കശ്മീരിലെ കിഷ്ത്വാരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മരണത്തിന് പിന്നാലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് പൊലീസ്. കഴിഞ്ഞ ദിവസമായിരുന്നു കിഷ്ത്വാറിൽ പതിനാലുകാരി ഗർഭച്ഛിദ്രത്തിനിടെ മരിച്ചത്. കുട്ടിയെ സ്കൂൾ ഹെഡ്മാസ്റ്റർ മുതൽ ആശുപത്രി ജീവനക്കാരടക്കം ലൈംഗികമായി ഉപദ്രവിച്ചെന്നും പിന്നീട് ഇത് മൂടിവെക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. കേസിൽ പോക്സോ വകുപ്പുകൾ ചുമത്തി 15 പേർക്കെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു.

കഴിഞ്ഞ ഓഗസ്റ്റ് 20നാണ് ഗർഭച്ഛിദ്രത്തെ തുടർന്ന് പെൺകുട്ടി മരണപ്പെടുന്നത്. സ്കൂൾ ഹെഡ്മാസ്റ്ററായ ഖാലിദ് ഹുസൈൻ പെൺകുട്ടിയെ നിരന്തരം പീഡനത്തിന് ഇരയാക്കുകയായിരുന്നു. പെൺകുട്ടി ഗർഭിണിയായതോടെ വിഷയം പുറത്തറിയാതിരിക്കാൻ ഹെഡ്മാസ്റ്ററും സുഹൃത്തുക്കളും ചേർന്ന് കിഷ്ത്വാർ ജില്ലാ ആശുപത്രിയിലെ ജീവനക്കാരുടെയും ഡോക്ടർമാരുടെയും സഹായത്തോടെ വ്യാജ രേഖകളുണ്ടാക്കി ഗർഭച്ഛിദ്രം നടത്താൻ ശ്രമിക്കുകയായിരുന്നു. ഇതിനായി വലിയ തുകയുടെ സാമ്പത്തിക ഇടപാടുകൾ നടന്നതായും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.

പെൺകുട്ടിക്ക് പ്രായപൂർത്തിയായെന്ന് വരുത്തിതീർക്കാൻ ആശുപത്രി രേഖകളിൽ വയസ്സ് തിരുത്തുകയും വിവരങ്ങൾ മറച്ചുവെക്കാൻ തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ അബോർഷൻ ശ്രമത്തിനിടെ പെൺകുട്ടിക്ക് അമിത രക്തസ്രാവം ഉണ്ടാകുകയും തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു.

പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. കേസിൽ ഒന്നാം പ്രതിയായ സ്കൂൾ ഹെഡ്മാസ്റ്റർ ഖാലിദ് ഹുസൈനെ സർവീസിൽ നിന്നും പിരിച്ചുവിട്ടു. പെൺകുട്ടിയുടെയും കുഞ്ഞിന്റെയും ഡി.എൻ.എ സാംപിളുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും ഇതിന്റെ ഫലം വരുന്നതോടെ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്നും പൊലീസ് അറിയിച്ചു.