Featured Oddly News

ഇതൊക്കെ ഞാന്‍ കുറെ കണ്ടതാ…. കത്തിയെരിയുന്ന ഫ്രഞ്ച് തെരുവിലൂടെ കൂളായി യുവതിയുടെ റണ്ണിംഗ്! ഫ്രാൻസിലെ വൈറൽ ഫിറ്റ്നസ് വീഡിയോ

സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരേ ഫ്രാന്‍സില്‍ വിവിധ നഗരങ്ങളിൽ തുടരുന്ന ജനകീയപ്രക്ഷോഭം കലാപമായി മാറി. സമരത്തിന്റെ മറവില്‍ അക്രമിസംഘങ്ങള്‍ അഴിഞ്ഞാടിയതോടെ നാടെങ്ങും വ്യാപകനാശമാണുണ്ടായത്. ചരിത്രസ്‌മാരകങ്ങളും മ്യൂസിയങ്ങളും സര്‍ക്കാര്‍ കെട്ടിടങ്ങളും നൂറുകണക്കിനു വാഹനങ്ങളും അക്രമികള്‍ അഗ്നിക്കിരയാക്കി. വ്യാപാരസ്‌ഥാപനങ്ങളടക്കം കൊള്ളയടിക്കപ്പെട്ടു. എന്നാല്‍ ഇത്രയും ഭീതിജനകമായ അന്തരീക്ഷത്തിലും ഇതൊന്നും ഗൗനിക്കാതെ സ്പോർട്സ് വസ്ത്രം ധരിച്ച് ശാന്തയായി, അക്രമം നടക്കുന്ന റോഡിലൂടെ ഓടുന്ന ഒരു സ്ത്രീയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

തെരുവുകളിൽ അക്രമവും കണ്ണീർവാതക പ്രയോഗവും സംഘർഷങ്ങളും പുകയുമ്പോഴും, തന്റെ ജിമ്മിലെ ട്രെഡ്മില്ലിൽ ഓടുന്നത് പോലെ തികച്ചും ശാന്തയായാണ് ഇവർ ഓടുന്നത്. ഇൻ്റർനെറ്റിലെ “ഏറ്റവും ഭീതിജനകവും വിചിത്രവുമായ ഫിറ്റ്നസ് വീഡിയോ” എന്നാണ് പലരും ഇതിനെ വിശേഷിപ്പിച്ചത്.

തെരുവിന്റെ നടുവിൽ കൂട്ടിയിട്ടിരിക്കുന്ന വാഹനഅവശിഷ്ടങ്ങളിൽ നിന്ന് കറുത്ത പുക ഉയരുന്നത് വീഡിയോയിൽ കാണാം. എന്നാൽ സുരക്ഷിതമായ സ്ഥലത്തേക്ക് ഓടി രക്ഷപ്പെടുന്നതിന് പകരം, യാതൊരു പരിഭ്രാന്തിയുമില്ലാതെ സാധാരണ വേഗതയിലാണ് ഇവർ ഓട്ടം തുടരുന്നത്. വീഡിയോ ചിത്രീകരിച്ച കൃത്യമായ സ്ഥലം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഈ വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.

“ഇത് അവരുടെ ദിവസേനയുള്ള ഓട്ടത്തിന്റെ വഴിയായിരിക്കാം. റെയിൽവേ ട്രാക്കിൽ നിന്ന് ട്രെയിൻ പുഴയിലേക്ക് മറിഞ്ഞ വീണതിന്റെ അടുത്ത ആഴ്ച തന്നെ റണ്ണേഴ്സ് വീണ്ടും ആ വഴിയിൽ ഓടാൻ എത്തിയിരുന്നു,” എന്ന് ഒരു ഉപയോക്താവ് വീഡിയോയ്ക്ക് താഴെ കുറിച്ചു. “അവർ അവരുടെ കാര്യം നോക്കി പോകുന്നു, ഇതിൽ കൂടുതൽ അവർ എന്താണ് ചെയ്യേണ്ടത്? രണ്ടു കൂട്ടരും പരസ്പരം തടസ്സമുണ്ടാക്കാതിരിക്കുന്നത് അഭിനന്ദനാർഹമാണ്,” എന്ന് മറ്റൊരു വ്യക്തിയും അഭിപ്രായപ്പെട്ടു.

പൊതു വിദ്യാലയങ്ങളിലെ മോശം സൗകര്യങ്ങൾക്കെതിരെ വിദ്യാർത്ഥികൾ ആരംഭിച്ച പ്രതിഷേധമാണ് പിന്നീട് വിലക്കയറ്റത്തിനും സാമ്പത്തിക അസമത്വത്തിനുമെതിരെയുള്ള ദേശീയ പ്രക്ഷോഭമായി മാറിയത്. ലക്ഷക്കണക്കിന് ആളുകൾ സമാധാനപരമായി പ്രതിഷേധിച്ചപ്പോൾ, ചില തീവ്ര ഗ്രൂപ്പുകൾ പൊതുസ്വത്തുക്കൾ നശിപ്പിക്കുകയും ആഡംബരക്കടകളും സൂപ്പർമാർക്കറ്റുകളും കൊള്ളയടിക്കുകയും പോലീസ് വാഹനങ്ങൾക്ക് നേരെ ആക്രമണം നടത്തുകയും ചെയ്തു.

അക്രമങ്ങൾക്ക് മുന്നിൽ സർക്കാർ ഭയപ്പെടില്ലെന്നും ഇവിടുത്തെ തീവ്ര ഇടതുപക്ഷമാണ് ഇത്തരം അക്രമങ്ങൾക്ക് പിന്നിലെന്നും ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർനു പറഞ്ഞു. രാഷ്ട്രപതി തിരഞ്ഞെടുപ്പിന് മുന്നോടിയായി അന്തരീക്ഷം വഷളാക്കാനാണ് ഇവരുടെ ശ്രമമെന്നും അക്രമത്തിലൂടെ രാഷ്രീയ ലക്ഷ്യങ്ങൾ നേടാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം എക്സിൽ കുറിച്ചു.