മുംബൈ: മുംബൈയിലെ ജൂഹുവിൽ ഫുട്ബോൾ ഗ്രൗണ്ടിൽ നിന്ന് ബി.എം.ഡബ്ല്യു കാറിൽ മടങ്ങുകയായിരുന്ന നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്ക്കുന്നതിന്റെ വീഡിയോ പുറത്ത്. കാറിന്റെ മുൻവശത്തെ വിൻഡ്ഷീൽഡിലൂടെയും വശങ്ങളിലെ ജനലിലൂടെയും രണ്ടുപേർ ടൈഗറിന് നേരെ നേരിട്ട് വെടിയുതിർക്കുന്നത് വീഡിയോയിൽ വ്യക്തമായി കാണാം. നടന്റെ കാറിന്റെ വാതിൽ തുറക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. പരിക്കേൽക്കാതെ അത്ഭുകരമായി അദ്ദേഹം രക്ഷപ്പെട്ടു.
ആക്രമികളിൽ ഒരാൾ കാറിന്റെ തൊട്ടടുത്തെത്തി വെടിയുതിർക്കാൻ ശ്രമിച്ചെങ്കിലും അപ്പോൾ തോക്ക് കേടായി പ്രവർത്തിക്കാതാവുകയായിരുന്നു. വെടിവെപ്പിൽ കാർ ഡ്രൈവർക്ക് പരിക്കേറ്റു. തുടർന്ന് മൂന്നാമതൊരാൾ തയ്യാറാക്കി നിർത്തിയിരുന്ന ബൈക്കിൽ അക്രമികൾ രക്ഷപ്പെടുകയും ഡ്രൈവർ കാറിൽ നിന്ന് പുറത്തേക്ക് ഓടുകയും ചെയ്യുന്നത് 18 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിലുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മറ്റൊരു വീഡിയോയിൽ ടൈഗർ ഷ്രോഫ് കാറിന്റെ മുൻസീറ്റിൽ കയറിയിരിക്കുന്നതും തുടര്ന്ന് മൂന്നുപേർ ബൈക്കിലെത്തി 5 റൗണ്ട് വെടിയുതിർക്കുന്നതും കാണാം. ഡ്രൈവർ ഫിർദൗസിന് പരിക്കേറ്റതോടെ ടൈഗർ ഡ്രൈവിംഗ് സീറ്റിലേക്ക് മാറി വണ്ടിയെടുക്കാൻ ശ്രമിക്കുന്നതും ആളുകൾ ബഹളം വെക്കുന്നതും 14 സെക്കൻഡ് ദൈർഘ്യമുള്ള മറ്റൊരു വീഡിയോയിൽ കാണാം.
രക്തക്കറ വീണ റോഡിൽ നിന്ന് ഡ്രൈവറെ എത്രയും വേഗം ആശുപത്രിയിലെത്തിക്കാൻ പ്രദേശവാസിയായ ഒരു സ്ത്രീ ടൈഗറിനോട് ആവശ്യപ്പെടുന്നുണ്ട്. ടൈഗർ ഷ്രോഫ് സുരക്ഷിതനാണെന്ന് പോലീസ് അറിയിച്ചു. സമീപത്തുണ്ടായിരുന്ന മറ്റൊരാൾക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.
നടൻ സൽമാൻ ഖാനുമായുള്ള ബന്ധം ചൂണ്ടിക്കാട്ടി ലോറൻസ് ബിഷ്ണോയി ഗ്യാങ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. സൽമാൻ ഖാന് നേരെയും അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്ക് നേരെയും ബിഷ്ണോയി സംഘം മുമ്പും ഭീഷണികളും ആക്രമണങ്ങളും നടത്തിയിട്ടുണ്ട്. തങ്ങളുടെ നിർദ്ദേശങ്ങൾ അനുസരിക്കാത്തതിനാലും സൽമാൻ ഖാനൊപ്പം പ്രവർത്തിക്കുന്നതിനാലുമാണ് ടൈഗർ ഷ്രോഫിനെ ലക്ഷ്യമിട്ടതെന്ന് അവകാശപ്പെട്ട് അനിൽ പണ്ഡിറ്റ് എന്നയാളുടെ ശബ്ദരേഖയും പുറത്തുവന്നു. കുറ്റവാളികൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് സംസ്ഥാന സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്.




