കേരളത്തിലെ എറണാകുളത്ത് നിന്ന് ചിത്രീകരിച്ചതെന്ന് കരുതുന്ന ഒരു വീഡിയൊ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. നാല് യുവാക്കൾ ചേർന്ന് വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുള്ള ഇന്ത്യൻ റോക്ക് പൈത്തൺ (മലമ്പാമ്പ്) ഇനത്തിൽപ്പെട്ട ജീവനുള്ള പാമ്പിനെ സ്കിപ്പിങ് റോപ്പ് പോലെ ഉപയോഗിച്ച് ചാടിക്കളിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
‘സ്ട്രീറ്റ് ഡോഗ് ഓഫ് ബോംബെ’ എന്ന ഇൻസ്റ്റാഗ്രാം പേജാണ് ഈ വീഡിയോ പങ്കുവെച്ചത്. രണ്ടുപേർ പാമ്പിന്റെ അറ്റങ്ങളിൽ പിടിച്ച് വലിച്ച് വീശുമ്പോഴാണ് മൂന്നാമതൊ7രാൾ അതിന് മുകളിലൂടെ സ്കിപ്പിങ് റോപ്പ് പോലെ ചാടുന്നത്. വിനോദത്തിനായി വന്യജീവികളെ ദുരുപയോഗം ചെയ്യുന്നതിനെതിരെ ഇത് വലിയ ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്.
വന്യജീവികൾ വിനോദത്തിനായുള്ള കളിപ്പാട്ടങ്ങളല്ലെന്നും, സ്വന്തം സ്വാഭാവിക ആവാസവ്യവസ്ഥയിൽ സുരക്ഷിതമായി ജീവിക്കാൻ അവയ്ക്കും അവകാശമുണ്ടെന്നും വീഡിയോ പങ്കുവെച്ച ഇൻസ്റ്റാഗ്രാം പേജ് ഓർമ്മിപ്പിക്കുന്നു. സംഭവം അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള വനംവകുപ്പിനെ ഇവർ പോസ്റ്റിൽ ടാഗ് ചെയ്തിട്ടുണ്ട്.
ഇതിനുപുറമേ, വന്യജീവികളെ ഉപദ്രവിക്കാതെ അവയോടൊപ്പം സമാധാനപരമായി ജീവിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും, ജീവികളെ ബഹുമാനിക്കേണ്ടതിനെക്കുറിച്ചും യുവാക്കൾക്കിടയിൽ കൂടുതൽ ബോധവൽക്കരണം നൽകണമെന്നും ഇൻസ്റ്റാഗ്രാം പേജ് ആവശ്യപ്പെട്ടു. ഉത്തരവാദിത്തമുള്ള രീതിയിൽ വന്യജീവികളെ സംരക്ഷിക്കേണ്ടതിന്റെയും അവയ്ക്ക് ദോഷം വരാതെ നോക്കേണ്ടതിന്റെയും ആവശ്യകതയിലേക്ക് ഈ സംഭവം വീണ്ടും ശ്രദ്ധ ക്ഷണിക്കുകയാണ്.




