Crime

മരിച്ച ഇരട്ടസഹോദരനായി ജീവിച്ചത് 19 വർഷം! ആൾമാറാട്ടം നടത്തിയ കുറ്റവാളിയെ കുടുക്കിയത് മുൻ കാമുകി

അറസ്റ്റിൽ നിന്ന് രക്ഷപ്പെടാൻ മരിച്ച ഇരട്ട സഹോദരന്റെ പേരിൽ 19 വർഷത്തോളം ജീവിച്ച കുറ്റവാളി ഒടുവിൽ പിടിയിൽ. 24 വർഷമായി കൊള്ളക്കേസിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലെ യുഹുവാൻ നഗരത്തിൽ 2002-ൽ നടന്ന തട്ടിക്കൊണ്ടുപോകൽ, കൊള്ളയടി കേസുകളുമായി ബന്ധപ്പെട്ട് ‘ചെൻ’ എന്ന് പേരുള്ള വ്യക്തിയാണ് പിടിയിലായത്.

ഈ കേസിൽ ഏഴ് പ്രതികളാണ് ഉണ്ടായിരുന്നത്. ഒരാളെ തട്ടിക്കൊണ്ടുപോയി പണവും വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ചതായിരുന്നു കേസ്. സംഭവത്തിന് തൊട്ടുപിന്നാലെ പോലീസ് ആറ് പേരെ അറസ്റ്റ് ചെയ്തെങ്കിലും ചെൻ മാത്രം രക്ഷപ്പെടുകയായിരുന്നു. വർഷങ്ങളായി നടത്തിയ ശ്രമങ്ങൾക്കൊടുവിലും ഇയാളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

2007-ൽ റോഡപകടത്തിൽ ചെൻ മരിച്ചതായി അൻഹുയി പ്രവിശ്യയിൽ നിന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് ഇയാളുടെ രജിസ്ട്രേഷനും റദ്ദാക്കി. എന്നാൽ മരിച്ചത് ചെന്നിന്റെ മൂത്ത ഇരട്ട സഹോദരനാണെന്ന് പിന്നീട് അന്വേഷണത്തിൽ തെളിഞ്ഞു. രൂപസാദൃശ്യം മുതലെടുത്ത ചെൻ, സഹോദരന്റെ വിലാസത്തിൽ പുതിയ പേരിൽ ജീവിക്കുകയായിരുന്നു. ഇതോടെ രണ്ട് പതിറ്റാണ്ടോളമായി പോലീസിന്റെ കണ്ണുവെട്ടിക്കാൻ ഇയാൾക്ക് കഴിഞ്ഞു.

കഴിഞ്ഞ ഏപ്രിലിലാണ് മരിച്ച സഹോദരന്റെ പേരിൽ മറ്റൊരാൾ ജീവിക്കുന്നുണ്ടെന്ന വിവരം പോലീസിന് ലഭിക്കുന്നത്. തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ലോംഗ് യുവെൻ പഴയ കേസ് വീണ്ടും പരിശോധിച്ചു. 2007-ൽ ചെൻ മരിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ച് ഒമ്പത് ദിവസത്തിന് ശേഷം, ഇയാളുടെ സഹോദരൻ പേര് മാറ്റാൻ അപേക്ഷ നൽകിയതായി പോലീസ് കണ്ടെത്തി. പഴയ തിരിച്ചറിയൽ കാർഡുകളിലെ ഫോട്ടോകൾ പരിശോധിച്ചപ്പോൾ മുഖലക്ഷണങ്ങളിൽ ചെറിയ വ്യത്യാസങ്ങൾ പോലീസ് തിരിച്ചറിഞ്ഞു. എങ്കിലും കുടുംബാംഗങ്ങളും നാട്ടുകാരും ഇളയ സഹോദരനാണ് മരിച്ചതെന്ന് ആവർത്തിച്ചു.

തുടർന്ന് മൂത്ത സഹോദരന്റെ മുൻ കാമുകിയായ ഡെങ് എന്നയാളെ പോലീസ് ചോദ്യം ചെയ്തു. അപകടത്തിൽ മരിച്ചത് ചെന്നാണോ അതോ മൂത്ത സഹോദരനാണോ എന്ന് ഡെങ് പോലീസിനോട് സ്ഥിരീകരിച്ചു. കൂടാതെ 2007-ലെ അപകട രേഖകളും പോലീസ് പരിശോധിച്ചു. മരണ രജിസ്ട്രേഷൻ സമയത്ത് താനാണ് മരിച്ചതെന്ന് വരുത്തി തീർക്കാൻ ചെൻ സ്വന്തം ഡ്രൈവിംഗ് ലൈസൻസാണ് ഉപയോഗിച്ചതെന്ന് വ്യക്തമായി.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഗ്വാങ്ഡോംഗ് പ്രവിശ്യയിലെ സുഹായിൽ നിന്ന് ജൂൺ 4-നാണ് ചെന്നിനെ പോലീസ് അറസ്റ്റ് ചെയ്തത്. മരിച്ച സഹോദരന്റെ പേരിൽ പുതിയ കുടുംബവുമായി അവിടെ ജീവിക്കുകയായിരുന്നു ഇയാൾ. അറസ്റ്റിന് ശേഷം ഡിഎൻഎ പരിശോധനയിലൂടെയും പോലീസ് ഇത് സ്ഥിരീകരിച്ചു. കേസ് തുടർനടപടികൾക്കായി പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്. കുറ്റം തെളിഞ്ഞാൽ മൂന്ന് മുതൽ പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാം.