Oddly News

‘ഐ.ഐ.ടി ബാബ അഭയ് സിങ് മരിച്ചോ? സത്യാവസ്ഥ വെളിപ്പെടുത്തി പോലീസ് , യഥാർത്ഥത്തിൽ മരിച്ചത് ആരാണ്?

പ്രയാഗ്രാജിലെ മഹാ കുംഭമേളയിലൂടെ സുപരിചിതനായ ഐഐടിയൻ ബാബ അഭയ് സിങ് ഗ്രേവാളിന്റെ മരണം സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്ത വ്യാജമാണെന്ന് ഹിസാറിലെ പൊലീസ് വ്യക്തമാക്കി. ഹിസാറിലെ ഒരു ഹോട്ടൽ മുറിയിൽ നിന്ന് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയെന്ന തരത്തിലുള്ള അഭ്യൂഹങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. എന്നാൽ ഈ വാർത്തകൾ പൂർണ്ണമായും തെറ്റാണെന്നും മരിച്ച വ്യക്തിക്ക് ആത്മീയ പ്രമുഖനുമായി യാതൊരു ബന്ധവുമില്ലെന്നും പൊലീസ് അറിയിച്ചു.

ഹിസാറിലെ ഒരു പ്രദേശത്ത് നിന്ന് മരിച്ച നിലയിൽ കണ്ടെത്തിയ 35 കാരനായ രാഹുൽ ജെയിൻ എന്നയാളുടെ വിവരങ്ങൾ തെറ്റായി വ്യാഖ്യാനിച്ചാണ് അഭയ് സിങ്ങിന്റെ പേരിൽ വ്യാജ പ്രചാരണം നടത്തിയത്. ഐഐടി റൂർക്കിയിൽ നിന്ന് പഠനം പൂർത്തിയാക്കി ഓൺലൈൻ കോച്ചിങ് നൽകി വരികയായിരുന്ന രാഹുൽ ജെയിനിന്റെ വിദ്യാഭ്യാസ പശ്ചാത്തലമാണ് ഐഐടി ബോംബെ പൂർവ്വ വിദ്യാർത്ഥിയായ അഭയ് സിങ്ങുമായി തെറ്റിദ്ധാരണ പരക്കാൻ ഇടയാക്കിയത്. ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ ജാഗ്രത പാലിക്കണമെന്നും ഹിസാർ പൊലീസ് ആവശ്യപ്പെട്ടു.

ഹരിയാനയിലെ ജജ്ജാർ സ്വദേശിയായ അഭയ് സിങ് കാനഡയിൽ ജോലി ചെയ്തിരുന്നു. തുടർന്ന് ആത്മീയ പാതയിലേക്ക് തിരിഞ്ഞ അദ്ദേഹം മഹാ കുംഭമേളയിലൂടെയാണ് ശ്രദ്ധേയനായത്. ഈ വർഷത്തിന്റെ തുടക്കത്തിൽ കർണാടക സ്വദേശിനിയെ വിവാഹം കഴിച്ച അദ്ദേഹം അടുത്തിടെ മഥുരയിലും വൃന്ദാവനത്തിലും പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോൾ മുടിയൊക്കെ വെട്ടി പുതിയ രൂപത്തിലാണ് അദ്ദേഹം ഉള്ളത്. സോഷ്യൽ മീഡിയയിലൂടെ അദ്ദേഹം തൻ്റെ ആത്മീയ സന്ദേശങ്ങളും പ്രഭാഷണങ്ങളും ഇപ്പോഴും പങ്കുവെക്കുന്നുണ്ട്.