Oddly News

മിന്നലിനും മീതെ ചോരച്ചുവപ്പിൽ ആകാശച്ചന്തം; അപൂർവ്വ പ്രകൃതി പ്രതിഭാസത്തിന്റെ ദൃശ്യങ്ങൾ പകർത്തി ഫോട്ടോഗ്രാഫർ!

ദക്ഷിണ ഫ്രാൻസിലെ ആകാശത്ത് ശക്തമായ ഇടിമിന്നലിന് മുകളിലായി രണ്ട് ‘റെഡ് സ്പ്രിറ്റുകൾ’ (Red Sprites) പ്രത്യക്ഷപ്പെടുന്ന അപൂർവ്വ പ്രതിഭാസം ക്യാമറയിൽ പകർത്തി യോഹൻ ലോറിറ്റോ. സാധാരണയായി നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ വളരെ ബുദ്ധിമുട്ടുള്ളതും, കാർമേഘങ്ങൾക്ക് വളരെ മുകളിൽ ചുവന്ന വെളിച്ചത്തിന്റെ മിന്നലുകളായി പ്രത്യക്ഷപ്പെടുന്നതുമായ ഈ അപൂർവ്വ പ്രതിഭാസം ഫോട്ടോയിൽ പകർത്തിയത് കാലാവസ്ഥ നിരീക്ഷകനും ഫൊട്ടോഗ്രാഫറുമായ യോഹൻ ലോറിറ്റോ ആണ്.

പ്രാദേശിക സമയം പുലർച്ചെ 3 മണിക്ക് തൊട്ടുമുമ്പ് വാർ പ്രദേശത്തെ ബ്രിഗ്നോൾസ് പട്ടണത്തിന് മുകളിലാണ് ലോറിറ്റോ ഈ ചിത്രങ്ങൾ എടുത്തത്. സ്പെയിനിന്റെ ബാലിയാറിക് ദ്വീപുകൾക്കും കറ്റലോണിയയ്ക്കും ഇടയിൽ രൂപപ്പെട്ട ശക്തമായ കൊടുങ്കാറ്റുമായി ബന്ധപ്പെട്ടാണ് ഈ അപൂർവ്വ പ്രതിഭാസം ഉണ്ടായത്. അന്തരീക്ഷത്തിൽ വളരെ ഉയർന്ന ഉയരത്തിൽ സംഭവിക്കുന്ന ഇവയെ, അനുകൂല സാഹചര്യങ്ങളിൽ നൂറുകണക്കിന് കിലോമീറ്റർ അകലെ നിന്ന് പോലും നിരീക്ഷിക്കാൻ സാധിക്കും. സാധാരണ ഇടിമിന്നലുകൾ മേഘങ്ങൾക്ക് ഉള്ളിലോ താഴെയോ ആണ് രൂപപ്പെടുന്നതെങ്കിൽ, ഈ മിന്നലുകൾ ഭൂമിയിൽ നിന്ന് ദൂരെ അന്തരീക്ഷത്തിന്റെ ഉപരിഭാഗത്താണ് ഉണ്ടാകുന്നത്.

ശക്തമായ ഇടിമിന്നലുകൾക്ക് മുകളിൽ ഉയർന്ന അന്തരീക്ഷത്തിൽ ഉണ്ടാകുന്ന ചെറിയ വൈദ്യുത ഡിസ്ചാർജുകളാണ് റെഡ് സ്പ്രിറ്റുകൾ. കൊടുങ്കാറ്റുകളിലെ വൈദ്യുത പ്രവർത്തനങ്ങൾ കാരണം വളരെ പെട്ടെന്ന് ഉണ്ടാകുന്ന പ്രകാശ സ്ഫോടനങ്ങളാണിവ. ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് ഏകദേശം 40 മുതൽ 90 കിലോമീറ്റർ വരെ ഉയരത്തിലാണ് സാധാരണയായി ഇവ കാണപ്പെടുന്നത്. ഏതാനും മിസ് സെക്കൻഡുകൾ മാത്രമാണ് ഇവയുടെ ആയുസ്സ്. ഉയർന്ന അന്തരീക്ഷത്തിലെ നൈട്രജൻ തന്മാത്രകൾ വൈദ്യുത പ്രവാഹത്താൽ ഉത്തേജിപ്പിക്കപ്പെട്ട് പ്രകാശം പുറത്തുവിടുമ്പോഴാണ് ഈ ചുവന്ന നിറം ഉണ്ടാകുന്നത്. കുത്തനെ നിൽക്കുന്ന തൂണുകളായോ, പടർന്നു പന്തലിച്ച രൂപങ്ങളിലോ, കൂറ്റൻ ജെല്ലിഫിഷിന്റെ ആകൃതിയിലോ ഒക്കെ ഇവ കാണപ്പെടാറുണ്ട്. എന്നാൽ വളരെ മങ്ങിയതും പെട്ടെന്ന് അപ്രത്യക്ഷമാകുന്നതുമായതിനാൽ ഇവ കാണുക വളരെ ബുദ്ധിമുട്ടാണ്. സാധാരണ ഇടിമിന്നലുകൾ മേഘക്കൂട്ടങ്ങളിൽ ഒതുങ്ങുമ്പോൾ, സ്പ്രിറ്റുകൾ അന്തരീക്ഷത്തിന്റെ ഉയർന്ന തലങ്ങളിലാണ് രൂപപ്പെടുന്നത്.

റെഡ് സ്പ്രിറ്റുകളുടെ ചിത്രം പകർത്തുക എന്നത് ഇടിമിന്നലിന് നേരെ ക്യാമറ പിടിക്കുന്നത് പോലെയല്ല. അനുയോജ്യമായ കാലാവസ്ഥയും, മുകളിലത്തെ അന്തരീക്ഷത്തിന്റെ വ്യക്തമായ കാഴ്ചയും, വളരെ കൃത്യമായി ക്രമീകരിച്ച ക്യാമറ സെറ്റിങ്സുകളും ഇതിനായി ആവശ്യമാണ്. 1980-കളുടെ അവസാനത്തിലാണ് സ്പ്രിറ്റുകളുടെ ആദ്യത്തെ ഫോട്ടോ തെളിവുകൾ ലഭിക്കുന്നത്. അന്നുമുതൽ, ക്യാമറ സാങ്കേതികവിദ്യയിലുണ്ടായ പുരോഗതി ഗവേഷകർക്കും ഫൊട്ടോഗ്രാഫർമാർക്കും ഈ അപൂർവ്വ പ്രതിഭാസം രേഖപ്പെടുത്തുന്നത് എളുപ്പമാക്കി മാറ്റി.

കൊടുങ്കാറ്റുകളിലും അന്തരീക്ഷത്തിലെ അപൂർവ്വ പ്രകാശ പ്രതിഭാസങ്ങളിലും താൽപ്പര്യമുള്ള വ്യക്തിയാണ് ലോറിറ്റോ. ബ്രിഗ്നോൾസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അദ്ദേഹം ‘മെറ്റിയോ-വാറോയിസ്’ എന്ന കാലാവസ്ഥാ പ്രവചന ഗ്രൂപ്പിന്റെ സ്ഥാപകനാണ്. 2019 മുതൽ വാർ ഫയർ ഡിപ്പാർട്ട്മെന്റിൽ കാലാവസ്ഥാ വിദഗ്ദ്ധനായും അദ്ദേഹം പ്രവർത്തിക്കുന്നുണ്ട്.