Oddly News

ക്യാൻസറിന് AI മരുന്ന് കണ്ടെത്തുമല്ലോ? പുകവലി തകൃതിയാക്കി സിലിക്കൺ വാലിയിലെ AI ഗവേഷകർ; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ!

കൃത്രിമബുദ്ധിക്ക് (എഐ) ഭാവിയിൽ ക്യാൻസർ ചികിത്സിച്ചു മാറ്റാൻ സാധിക്കുമെന്ന ഉറച്ച വിശ്വാസത്തിൽ, സ്വന്തം ആരോഗ്യം പണയം വെച്ച് പരീക്ഷണങ്ങൾ നടത്തുകയാണ് ചില എഐ ഗവേഷകർ. എഐ സാങ്കേതികവിദ്യ ക്യാൻസർ പൂർണ്ണമായി ഭേദമാക്കുമെന്ന പ്രതീക്ഷയിൽ ചില ഗവേഷകർ പുകവലി ശീലമാക്കാൻ തുടങ്ങിയതായി പാലന്റീർ സിടിഒ ശ്യാം ശങ്കർ സിബിഎസ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

ഇതിന് തെളിവുകളോ പ്രത്യേക ഗവേഷകരുടെ പേരുകളോ അദ്ദേഹം വെളിപ്പെടുത്തിയില്ലെങ്കിലും, എഐ വഴി വൈദ്യശാസ്ത്രരംഗത്ത് വലിയ മുന്നേറ്റങ്ങൾ ഉണ്ടാകുമെന്ന യുക്തിയാണ് ഇവർ ഉപയോഗിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. എഐ സാങ്കേതികവിദ്യയിൽ തങ്ങൾക്ക് എത്രത്തോളം വിശ്വാസമുണ്ടെന്ന് മറ്റു ഗവേഷകരെ കാണിക്കാനാണ് പലരും പുകവലി തുടങ്ങിയതെന്നും, ക്യാൻസർ ചികിത്സിക്കാൻ എഐക്ക് കഴിയുമെന്ന പൂർണ്ണ വിശ്വാസത്തിലാണ് ഇത്തരമൊരു തീരുമാനം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം എഐ സാങ്കേതികവിദ്യയെ ചുറ്റിപ്പറ്റിയുള്ള സിലിക്കൺ വാലിയിലെ വ്യാജ പ്രചാരണങ്ങളെയും അന്ധവിശ്വാസങ്ങളെയും ശ്യാം ശങ്കർ വിമർശിച്ചു. എഐയെക്കുറിച്ച് നിലനിൽക്കുന്ന അനാവശ്യ ഭീതി യാഥാർത്ഥ്യങ്ങളെ മറച്ചുപിടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. എഐ കാരണം വൻതോതിൽ തൊഴിലില്ലായ്മ ഉണ്ടാകുമെന്ന് പ്രവചിച്ചവർക്ക് തെറ്റുപറ്റിയെന്നും, പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയാണ് ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

എഐയുടെ സഹായത്തോടെ 5 മുതൽ 15 വർഷത്തിനുള്ളിൽ ക്യാൻസർ ഉൾപ്പെടെയുള്ള മിക്ക രോഗങ്ങൾക്കും പരിഹാരം കാണാൻ കഴിയുമെന്ന് ആന്ത്രോപിക് സിഇഒ ദാരിയോ അമോദെ പ്രവചിച്ചിട്ടുണ്ട്. വിവരങ്ങൾ വിശകലനം ചെയ്യാനുള്ള ഉപകരണം എന്നതിലുപരി ജീവശാസ്ത്രജ്ഞരുടെ ജോലികൾ കൂടുതൽ കൃത്യതയോടെ ചെയ്യാൻ എഐക്ക് സാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. അടുത്ത 50 മുതൽ 100 വർഷം കൊണ്ട് ഉണ്ടാകേണ്ട വൈദ്യശാസ്ത്ര പുരോഗതി വെറും 5 മുതൽ 10 വർഷത്തിനുള്ളിൽ കൈവരിക്കാൻ എഐ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഗൂഗിൾ ഡീപ്പ്മൈൻഡ് സിഇഒ ഡെമിസ് ഹസ്സാബിസും സമാനമായ അഭിപ്രായമാണ് പങ്കുവെച്ചത്. കാര്യങ്ങൾ പ്രതീക്ഷിച്ച രീതിയിൽ മുന്നോട്ട് പോയാൽ അത് മനുഷ്യരാശിയുടെ ഒരു സ്വർണ്ണയുഗമായിരിക്കുമെന്നും, മാരകരോഗങ്ങൾ ഭേദമാക്കാനും ആയുസ്സ് വർദ്ധിപ്പിക്കാനും പുതിയ ഊർജ്ജസ്രോതസ്സുകൾ കണ്ടെത്താനും എഐ സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2030-ഓടെ ഇത്തരമൊരു വലിയ മാറ്റത്തിന് ലോകം സാക്ഷ്യം വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.