Oddly News

ജീവൻ പോകുന്ന നിമിഷത്തിലും 40 യാത്രക്കാരെ കാത്തു; ഡ്രൈവിംഗിനിടെ ഹൃദയാഘാതം; വീഴുന്നതിന് മുൻപ് ബസ് സുരക്ഷിതമായി നിർത്തി 34-കാരൻ!

ഏകദേശം നാല്‍പ്പതോളം യാത്രക്കാരുമായി പോയ ആന്ധ്രാപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (എ.പി.എസ്.ആർ.ടി.സി.) ബസ് ഡ്രൈവർ, ഡ്രൈവിംഗിനിടെ ഹൃദായാഘാതം വന്ന് മരിച്ചു. വ്യാഴാഴ്ച ഒക്ടോബർ എട്ടിന് കാക്കിനട-വിശാഖപട്ടണം റൂട്ടിൽ തുനിക്ക് സമീപം വെച്ചാണ് സംഭവം. ഗുരുതരമായ ആരോഗ്യപ്രശ്നം നേരിട്ടിട്ടും, 34 കാരനായ ശിവ എന്ന ഡ്രൈവർ വലിയൊരു അപകടം ഒഴിവാക്കിക്കൊണ്ട് വാഹനം റോഡരികിലേക്ക് സുരക്ഷിതമായി ഒതുക്കി നിർത്തി.

ബസ് നിർത്തിയ ഉടൻ തന്നെ ശിവ സ്റ്റിയറിംഗിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും, അദ്ദേഹം മരണപ്പെട്ടതായി ഡോക്ടർമാർ സ്ഥിരീകരിച്ചതായി എ.പി.എസ്.ആർ.ടി.സി. ഉദ്യോഗസ്ഥർ അറിയിച്ചു. അവസാന നിമിഷങ്ങളിലും ശിവ കാണിച്ച സമചിത്തതയും യാത്രക്കാരുടെ സുരക്ഷയോടുള്ള പ്രതിബദ്ധതയും വലിയ രീതിയിലുള്ള പ്രശംസയാണ് പിടിച്ചുപറ്റിയത്.

വെള്ളിയാഴ്ച ഒക്ടോബർ ഒമ്പതിന് എ.പി.എസ്.ആർ.ടി.സി. ചെയർമാൻ കൊനകല്ല നാരായണ റാവു ശിവയ്ക്ക് ആദരാഞ്ജലി അർപ്പിക്കുകയും അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തുകയും ചെയ്തു. അപ്രതീക്ഷിതമായി ഉണ്ടായ ആരോഗ്യപ്രശ്നത്തിനിടയിലും ശിവ അസാധാരണമായ ധീരതയും വലിയ ഉത്തരവാദിത്തബോധവുമാണ് കാണിച്ചതെന്ന് റാവു പ്രസ്താവനയിൽ പറഞ്ഞു. ബസ് സുരക്ഷിതമായി ഒതുക്കി നിർത്തിയത് വലിയൊരു ദുരന്തം ഒഴിവാക്കാൻ സഹായിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശിവയുടെ ഇത്തരം പ്രവർത്തനങ്ങൾ അദ്ദേഹത്തിന്റെ ഡ്യൂട്ടിയോടുള്ള ആത്മാർത്ഥതയെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും, യാത്രക്കാരെ സംരക്ഷിക്കുന്നതിനായുള്ള അദ്ദേഹത്തിന്റെ സമർപ്പണം മറ്റ് എ.പി.എസ്.ആർ.ടി.സി ജീവനക്കാർക്ക് എക്കാലവും പ്രചോദനമായിരിക്കുമെന്നും ചെയർമാൻ വ്യക്തമാക്കി.

ശിവയുടെ കുടുംബത്തിന് അനുശോചനം അറിയിച്ച ചെയർമാൻ, ഈ ദുഷ്കരമായ വേളയിൽ കോർപ്പറേഷൻ കുടുംബത്തിനൊപ്പം ഉണ്ടാകുമെന്നും ഉറപ്പുനൽകി. ചട്ടങ്ങൾക്കനുസൃതമായി കുടുംബത്തിന് ആവശ്യമായ സഹായങ്ങളും പിന്തുണയും നൽകാൻ എ.പി.എസ്.ആർ.ടി.സി നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോർപ്പറേഷനും സർക്കാരിനും ഒരുപോലെ അഭിമാനകരമാണ് ജീവനക്കാരുടെ ആത്മാർത്ഥതയെന്ന് പറഞ്ഞ അദ്ദേഹം, എ.പി.എസ്.ആർ.ടി.സി ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും മറ്റ് ജീവനക്കാരുടെയും സമർപ്പണബോധത്തെയും പ്രശംസിച്ചു. ശിവയുടെ നിസ്വാർത്ഥ സേവനം എ.പി.എസ്.ആർ.ടി.സി എക്കാലവും ഓർമിക്കുമെന്നും കോർപ്പറേഷന്റെ പേരിൽ കുടുംബത്തിന് എല്ലാവിധ സഹായങ്ങളും എത്തിക്കുമെന്നും റാവു വ്യക്തമാക്കി.