Oddly News

ട്രെയിനിന്റെ അടിയിലേക്ക് വീണ കുട്ടിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി റെയിൽവേ പോലീസ്, ശ്വാസമടക്കിപ്പിടിക്കും വിഡിയോ!

തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിലുള്ള ചെങ്ഡു ഈസ്റ്റ് റെയിൽവേ സ്റ്റേഷനിൽ ജി8645 തീവണ്ടിയിൽ കയറുന്നതിനിടെ ചെറിയൊരു കുട്ടി പ്ലാറ്റ്‌ഫോമിനും ട്രെയിനിനുമിടയിലെ വിടവിലേക്ക് വീണു.

സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ, അമ്മ വലിയൊരു സ്യൂട്ട്കേസുമായി ട്രെയിനിലേക്ക് കയറുന്നതും കുട്ടി അവരുടെ പിന്നാലെ നടക്കുന്നതും കാണാം. എന്നാൽ പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയിലുള്ള വിടവ് ശ്രദ്ധിക്കാതെ കുട്ടി പെട്ടെന്ന് താഴേക്ക് വീഴുകയായിരുന്നു. ഇത് യാത്രക്കാർക്കിടയിൽ വലിയ ഭീതി സൃഷ്ടിച്ചു.

സമീപത്ത് പട്രോളിംഗ് നടത്തുകയായിരുന്ന റെയിൽവേ പോലീസ് ഉദ്യോഗസ്ഥൻ ലി യാൻറോങ്, കുട്ടിയുടെ അമ്മയുടെ നിലവിളിയും യാത്രക്കാരുടെ ബഹളവും കേട്ട് ഉടൻ തന്നെ സംഭവസ്ഥലത്തേക്ക് ഓടിയെത്തി. തുടർന്ന് കുട്ടിയുടെ മാതാപിതാക്കളെ സഹായിച്ച് അദ്ദേഹം കുട്ടിയെ വിടവിൽ നിന്ന് സുരക്ഷിതമായി കരകയറ്റി.

ഭാഗ്യവശാൽ കുട്ടിക്ക് പരിക്കുകളൊന്നും പറ്റിയില്ല. തുടർന്ന് കുടുംബം യാത്ര തുടർന്നു. പിന്നീട് വൈദ്യപരിശോധന നടത്തിയ ഡോക്ടർമാരും കുട്ടി പൂർണ്ണ ആരോഗ്യവാനാണെന്നും പരിക്കുകളില്ലെന്നും സ്ഥിരീകരിച്ചു. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ, യാത്ര വേളയിൽ കുട്ടികളെ ശ്രദ്ധിക്കണമെന്നും അവരെ തനിച്ചുവിടരുതെന്നും മാതാപിതാക്കൾക്ക് ഇതൊരു മുന്നറിയിപ്പായി മാറുകയാണ്.