Featured Spotlight

തച്ചങ്കരിക്ക് ജയിലില്‍ കൂളറും മെത്തയും; തറയിൽ കിടക്കണം, കർമ്മഫലം അനുഭവിച്ചേ പറ്റൂയെന്ന് ആർ. ശ്രീലേഖ; യൂട്യൂബ് വീഡിയോ വൈറൽ

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന മുൻ ഡി.ജി.പി ടോമിൻ തച്ചങ്കരിക്കെതിരെ ആരോപണവുമായി മുൻ ഡി.ജി.പിയും തിരുവനന്തപുരം കൗൺസിലറുമായ ആർ. ശ്രീലേഖ രംഗത്തെത്തി. തച്ചങ്കരിക്ക് ജയിലിൽ കൂടുതൽ ആനുകൂല്യങ്ങളും സൗകര്യങ്ങളും നൽകുന്നുണ്ടെന്നാണ് ശ്രീലേഖ തന്റെ യൂട്യൂബ് വീഡിയോയിലൂടെ ആരോപിക്കുന്നത്.

കോടതി ശിക്ഷിച്ച ഒരു തടവുകാരനെ ജയിലിലെത്തിച്ചാൽ തുടർന്നങ്ങോട്ട് ചെയ്യേണ്ട കാര്യങ്ങൾക്കെല്ലാം കൃത്യമായ നിയമങ്ങളുണ്ടെന്ന് ശ്രീലേഖ വ്യക്തമാക്കുന്നു. ജയിൽ ഉദ്യോഗസ്ഥർ സൂക്ഷ്മമായി പരിശോധിച്ച ശേഷം വസ്ത്രങ്ങളെല്ലാം അഴിപ്പിച്ച് നഗ്നനാക്കിയാണ് തടവുകാരനെ അകത്തേക്ക് കയറ്റുക. തുടർന്ന് ജയിൽ വസ്ത്രവും കിടക്കാൻ പായയും ചുരുട്ടും കൂടാതെ പാത്രവും ഗ്ലാസും നൽകും. ഇതൊക്കെ വാങ്ങിയാണ് സെല്ലിലേക്ക് പോകേണ്ടതെന്നും അവിടെ മറ്റ് തടവുകാർക്കൊപ്പം തറയിൽ പായ വിരിച്ചാണ് കിടക്കേണ്ടതെന്നും ശ്രീലേഖ പറയുന്നു.

എന്നാൽ തച്ചങ്കരിയെ പോലീസ് വാഹനത്തിൽ നേരെ ജയിലിലെ ആശുപത്രി ബ്ലോക്കിലേക്കാണ് കൊണ്ടുപോയതെന്ന് ശ്രീലേഖ ആരോപിക്കുന്നു. അവിടെ കട്ടിലും മെത്തയും പുതപ്പുമൊക്കെ നൽകിയിട്ടുണ്ട്. ഓരോ കട്ടിലിന് മുകളിലും ഫാനുകൾക്ക് പുറമെ തച്ചങ്കരിക്ക് മാത്രമായി കൂളറും അനുവദിച്ചിട്ടുണ്ടെന്നാണ് ഒരു ജീവനക്കാരനിൽ നിന്ന് അറിയാൻ സാധിച്ചതെന്നും അവർ പറയുന്നു. കൂടാതെ സുഖമായി ഉറങ്ങുന്നതിനായി ഡോക്ടർമാർ അദ്ദേഹത്തിന് മരുന്നുകളും നൽകുന്നുണ്ട്.



എന്നാൽ ഈ സൗകര്യങ്ങളെല്ലാം അവസാനിച്ച് ജയിൽ സെല്ലിലെ തറയിൽ എന്ന് കിടക്കാൻ തുടങ്ങുന്നോ അന്ന് മാത്രമേ തച്ചങ്കരിക്ക് ജാമ്യം ലഭിക്കൂവെന്നാണ് തന്റെ മനസ് പറയുന്നതെന്നും ശ്രീലേഖ കൂട്ടിച്ചേർക്കുന്നു. കർമ്മഫലം അനുഭവിക്കാതെ ആർക്കും രക്ഷപ്പെടാനാകില്ലെന്നാണ് അവരുടെ വാദം. ഒരേ ബാച്ചുകാരായ ശ്രീലേഖയും ടോമിൻ തച്ചങ്കരിയും സർവീസ് കാലം മുതൽക്കേ ഐ.പി.എസിലെ പരമ്പരാഗത ശത്രുക്കളായാണ് അറിയപ്പെടുന്നത്. സെപ്റ്റംബർ 17 മുതൽ ജയിലിൽ കഴിയുന്ന തച്ചങ്കരിയുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇതുവരെ തീരുമാനമെടുത്തിട്ടില്ല.