Entertainment Travel

ദൃശ്യം’ സിനിമകളിലെ ദുരൂഹതകൾ നിറഞ്ഞ ആ വീട്! ഗോവയിലെ അജയ് ദേവ്ഗണിന്റെ യഥാർത്ഥ വീടിന് പിന്നിലെ വിശേഷങ്ങൾ

അജയ് ദേവ്ഗൺ നായകനായ ‘ദൃശ്യം: ദി കൺക്ലൂഷൻ’ മികച്ച തിരക്കഥയും സസ്പെൻസും സാൽഗോങ്കർ കുടുംബത്തിന്റെ തിരിച്ചുവരവും കൊണ്ട് പ്രേക്ഷകരെ ആകർഷിക്കുകയാണ്. അതെ നമ്മുടെ ജോര്‍ജുകുട്ടി ഹിന്ദിയില്‍ വിജയ് സാൽഗോങ്കറാണ്. ചിത്രത്തിന്റേതായി നിരവധി കാര്യങ്ങൾ പ്രശസ്തമാണെങ്കിലും, വിജയ് സാൽഗോങ്കറുടെയും കുടുംബത്തിന്റെയും ഗോവയിലെ വീട് എന്ന ലൊക്കേഷൻ ഏറെ ഐക്കണിക് ആണ്.

വടക്കൻ ഗോവയിലെ വിനോദസഞ്ചാര മേഖലകളിൽ നിന്നും മാറി സ്ഥിതിചെയ്യുന്ന ഉക്കാസൈം (Ucassaim) എന്ന ഗ്രാമത്തിലാണ് സാൽഗോങ്കർ കുടുംബത്തിന്റെ ബംഗ്ലാവ് ഉള്ളത്. കണ്ടന്റ് ക്രിയേറ്ററായ ശിവ ഭാരതിന്റെ അഭിപ്രായത്തിൽ, പനാജിയിൽ നിന്ന് ഏകദേശം 25 മിനിറ്റ് യാത്ര ചെയ്താൽ സിനിമയിലെ ഈ പ്രശസ്തമായ ലൊക്കേഷനിൽ എത്തിച്ചേരാനാകും. നൂറ്റാണ്ട് പഴക്കമുള്ള പോർച്ചുഗീസ് ശൈലിയിലുള്ളതാണ് ഈ ബംഗ്ലാവ്. വർഷങ്ങൾ കഴിഞ്ഞെങ്കിലും വീടിന്റെ പുറംഭാഗം സിനിമയിൽ കണ്ടതുപോലെ തന്നെ നിലനിർത്തിയിട്ടുണ്ട്.

ആദ്യ ‘ദൃശ്യം’ സിനിമയിൽ മഞ്ഞ നിറത്തിലുള്ള ചുവരുകളുള്ള, ഊഷ്മളമായ അന്തരീക്ഷമുള്ള ഒരു സാധാരണ കുടുംബവീടായാണ് ഇതിനെ കാണിച്ചിരുന്നത്. എന്നാൽ കഥ കൂടുതൽ ദുരൂഹവും ഗൗരവമുള്ളതുമായി മാറിയതോടെ വീടിന്റെ നിറത്തിലും മാറ്റം വരുത്തി. രണ്ടാം ഭാഗത്തിൽ നീല കലർന്ന ഗ്രേ നിറത്തിലാണ് വീടിന്റെ ചുവരുകൾ കാണിച്ചത്. ഇത് സാൽഗോങ്കർ കുടുംബം നേരിടുന്ന ഭീഷണിയെയും മാനസിക സമ്മർദ്ദത്തെയും സൂചിപ്പിക്കുന്നതായിരുന്നു.

ഈ ബംഗ്ലാവ് ഒരു സ്വകാര്യ സ്വത്താണ്. 85 വയസ്സുള്ള ഒരു മുത്തശ്ശിയാണ് നിലവിൽ ഈ വീട് പരിപാലിക്കുന്നത്. ഇവിടം സന്ദർശിക്കുന്നവർക്കും ആരാധകർക്കും ഇടയിൽ ഇത് ഇപ്പോൾ ‘ദൃശ്യം മൂവി ഹൗസ്’ എന്നാണ് അറിയപ്പെടുന്നത്.

‘ദൃശ്യം: ദി കൺക്ലൂഷൻ’ സിനിമയുടെ ചിത്രീകരണത്തിലും ഉക്കാസൈം ഗ്രാമം പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. പൈതൃക ബംഗ്ലാവിന് പുറമെ, ഈ ഗ്രാമത്തിലെ ഒരു മെഡിക്കൽ കോളേജ് ആണ് ചിത്രത്തിൽ ഗോവ പോലീസ് ഹെഡ്ക്വാട്ടേഴ്സായി കാണിച്ചിരിക്കുന്നത്.