ഉത്തർപ്രദേശിലെ ഖുഷിനഗറിൽ സഹജീവനക്കാരിയോട് ലൈംഗികാവശ്യമുന്നയിക്കുകയും അശ്ലീലചുവയോടെ സംസാരിക്കുകയും ചെയ്ത സ്കൂൾ മേലധികാരി അറസ്റ്റിലായി. സംഭവത്തിന്റെ ദൃശ്യങ്ങൾ ജീവനക്കാരി തന്നെ ഫോണിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെയാണ് പോലീസ് നടപടിയെടുത്തത്.
രവീന്ദ്രനഗർ സ്വദേശിയായ ദിനേശ് റായിയാണ് കേസിലെ പ്രതി. വീഡിയോ വൈറലായതിനെത്തുടർന്ന് യുവതിക്കെതിരെ അപമാനകരമായ പരാമർശങ്ങൾ നടത്തുകയും വധഭീഷണി മുഴക്കുകയും ചെയ്ത ശേഷമാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
അഞ്ച് മിനിറ്റോളം ദൈർഘ്യമുള്ള വീഡിയോയിൽ യുവതിയോട് ലൈംഗികബന്ധത്തിലേർപ്പെടാൻ താല്പര്യമുണ്ടെന്ന് ഇയാൾ തുറന്നുപറയുന്നത് വ്യക്തമാണ്. സ്വന്തം ഭാര്യയ്ക്ക് അസുഖമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇയാൾ സഹജീവനക്കാരിയോട് അപമര്യാദയായി സംസാരിച്ചത്.
താനും ഒരാളുടെ മകളാണെന്നും ഏത് അധികാരത്തിലാണ് തന്നോട് ഇത്തരത്തിൽ സംസാരിക്കുന്നതെന്നും ചോദിച്ച് യുവതി ഇയാളെ ശക്തമായി പ്രതിരോധിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
ലൈംഗികാധിക്ഷേപം, മനഃപൂർവം ഉപദ്രവിക്കൽ, വധഭീഷണി തുടങ്ങിയ വിവിധ വകുപ്പുകൾ ചുമത്തിയാണ് പ്രതിക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.




