Crime

രഥയാത്രയ്ക്കിടെ സ്ത്രീയോട് മോശമായി പെരുമാറി, ലൈംഗികപ്രദർശനം നടത്തി, പരാതി; സന്യാസിയെ തടഞ്ഞുവെച്ച് നാട്ടുകാർ

പന്തളം: രഥയാത്രയ്‌ക്കിടയിൽ സ്‌ത്രീയോട്‌ മോശമായി പെരുമാറിയെന്ന പരാതിയിൽ മഹാരാഷ്‌ട്ര സ്വദേശിയായ സന്യാസിയെ പന്തളം പോലീസ് അറസ്‌റ്റ്‌ ചെയ്തു. മഹാരാഷ്ട്ര സ്വദേശിയായ ഗുരുസ്വാമി അദമ്പൂർ ഗുരുനാഥ്‌ സോപാൻ (37) ആണ് പിടിയിലായത്. പന്തളം കുരമ്പാല ജങ്‌ഷനിൽ രാവിലെ 11 ഓടെ രഥയാത്ര കടന്നുവന്നപ്പോഴായിരുന്നു സംഭവം. വൃന്ദാവൻ ധാം ആശ്രമം കേന്ദ്രീകരിച്ചുള്ള പതിനഞ്ചംഗ സംഘം ഇസ്‌കോൺ സങ്കീർത്തൻ പദയാത്ര എന്ന പേരിൽ മഹാരാഷ്‌ട്രയിലെ കേദാർനാഥിൽനിന്ന് ആരംഭിച്ചതായിരുന്നു ഈ രഥയാത്ര.

ഒരു രഥം, മൂന്ന് കാളകൾ, ഒരു ട്രക്കർ എന്നിവയടങ്ങുന്നതായിരുന്നു യാത്ര. വഴിയോരത്തെ പ്രധാന സ്ഥലങ്ങളിൽ ലഘുലേഖ വിതരണം ചെയ്യുന്നതിന്റെ ഭാഗമായി കുരമ്പാലയിലെ ഒരു വ്യാപാര സ്ഥാപനത്തിൽ കയറിയ ഗുരുസ്വാമി കടയിലുണ്ടായിരുന്ന സ്‌ത്രീയോട്‌ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. യുവതി ഭർത്താവിനെ വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാർ ഇയാളെ തടഞ്ഞുവെക്കുകയും പന്തളം പോലീസിന് കൈമാറുകയുമായിരുന്നു. സന്യാസി സംഘത്തിലെ പ്രധാനിയായ ഇയാൾ കടയിൽ കയറി സ്ത്രീയോട് മോശമായി പെരുമാറുകയും ലൈംഗികപ്രദർശനം നടത്തുകയും ചെയ്തതായി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

ഗുരുസ്വാമിയെ പോലീസ് അറസ്‌റ്റ്‌ ചെയ്‌തതോടെ സംഘത്തിലെ മറ്റു അംഗങ്ങൾ രഥവും കാളകളെയും പന്തളം കടക്കാട്‌ ഭദ്രകാളി ദേവിക്ഷേത്ര മുറ്റത്തേക്ക് മാറ്റി. കേരളത്തിൽ തിരുവനന്തപുരവും ഗുരുവായൂരും മാത്രമായിരുന്നു ഈ രഥയാത്രയുടെ പ്രധാന സന്ദർശനകേന്ദ്രങ്ങൾ. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.