Featured Health

‘ബാധിച്ചാല്‍ 24 മണിക്കൂറിനകം മരണം; രോഗിക്ക് യാത്ര ചെയ്യാനാകില്ല’; റഷ്യന്‍ ലാബില്‍ നിന്ന് പുറത്തുചാടി രോഗാണു, ഇന്ത്യ സുരക്ഷിതമെന്ന് വിദഗ്ധർ

റഷ്യയിലെ ഗവേഷണ ലബോറട്ടറിയിൽനിന്ന് ഉഗ്രശേഷിയുള്ള രോഗാണു ബാക്ടീരിയ ചോർന്നത് ആഗോളതലത്തിൽ വലിയ ഭീതി പരത്തുകയാണ്. സൈബീരിയയിൽ പ്രവർത്തിക്കുന്ന പ്ലേഗ് ഗവേഷണ കേന്ദ്രത്തിൽ നിന്നാണ് ബാക്ടീരിയ ചോർന്നത്. ലാബിലെ ഗവേഷക തുടർന്ന് ന്യൂമോണിയ ബാധിച്ച് മരണപ്പെടുകയും ചെയ്തു. ഇതിനെത്തുടർന്ന് അന്താരാഷ്ട്ര തലത്തിൽ ആശങ്ക ശക്തമായെങ്കിലും, നിലവിൽ ഇന്ത്യയിൽ ഈ രോഗാണുവിനെക്കുറിച്ച് ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരള ഗവേഷണ വിഭാഗം കൺവീനർ ഡോ. രാജീവ് ജയദേവൻ പറഞ്ഞു. എഎൻഐയോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പുറത്തുചാടിയത് ന്യൂമോണിക് പ്ലേഗിന് കാരണമാകുന്ന യെർസീനിയ പെസ്റ്റിസ് എന്ന ബാക്ടീരിയയാണെന്നാണ് പ്രാഥമിക നിഗമനം. മരണപ്പെട്ട ഗവേഷകയ്ക്ക് രോഗബാധയുണ്ടായ സാഹചര്യത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകേണ്ടതുണ്ട്. പൂർണ്ണ സുരക്ഷയുള്ള ലാബിൽ വച്ച് ബാക്ടീരിയ അടങ്ങിയ ടെസ്റ്റ് ട്യൂബിൽ കൈതട്ടിയതാണ് രോഗവ്യാപനത്തിന് വഴിവച്ചതെന്നാണ് കരുതുന്നത്. നിലവിൽ ഇവരുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കി വരികയാണ്. ത്വക്ക് രോഗങ്ങൾക്കും ശ്വാസകോശത്തെ ബാധിക്കുന്ന ന്യൂമോണിയക്കും കാരണമാകുന്നതാണ് പ്ലേഗ് ബാക്ടീരിയ. ന്യൂമോണിയ ബാധിച്ചാൽ 24 മണിക്കൂറിനുള്ളിൽ മരണം വരെ സംഭവിക്കാം.

എന്നാൽ ഈ രോഗാണുവിനെക്കുറിച്ച് ശാസ്ത്രലോകം വിശദമായി പഠനം നടത്തിയിട്ടുള്ളതാണെന്നും കൃത്യമായ ആന്റിബയോട്ടിക് മരുന്നുകളിലൂടെ പ്രതിരോധിക്കാൻ കഴിയുമെന്നും ഡോ. രാജീവ് ജയദേവൻ കൂട്ടിച്ചേർത്തു. രോഗികളുമായി സമ്പർക്കത്തിലുള്ളവർക്ക് മുൻകരുതലായി മരുന്നുകൾ നൽകേണ്ടിവരും. ജനസാന്ദ്രത കൂടുതലുള്ള മേഖലകളിലാണ് കൂടുതൽ ജാഗ്രത വേണ്ടത്. കൂടാതെ, രോഗം ബാധിക്കുന്നവർ പെട്ടെന്ന് തളർന്നുപോകുന്നതിനാൽ അവർ കൂടുതൽ സഞ്ചരിക്കാൻ സാധ്യതയില്ല, ഇത് രോഗവ്യാപന തോത് കുറയ്ക്കും. അതിനാൽ രോഗബാധിതനായ ഒരാൾക്ക് ഇന്ത്യ ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ സാധിക്കില്ലെന്നും ഇന്ത്യ സുരക്ഷിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.