Featured Sports

പന്ത് നിലംതൊടതെ ഗാലറിയിൽ വീണിട്ടും സിക്സില്ല! 5 റൺസ് മാത്രം, എന്തുകൊണ്ട് ? അന്തംവിട്ട് ആരാധകരും കമന്റേറ്റർമാരും– വിഡിയോ

ടൊറന്റോ: കാനഡ സൂപ്പർ60 ടൂർണമെന്റിലെ ടൊറന്റോ സിക്സേഴ്സ് – മിസിസാഗ മാസ്റ്റേഴ്സ് സെമി ഫൈനൽ പോരാട്ടത്തിൽ ആരാധകരെയും കമന്റേറ്റർമാരെയും ഒരുപോലെ അമ്പരപ്പിച്ച് ഒരു ‘വിചിത്ര ബോൾ’. വാൻകൂവറിലെ ബിസി പ്ലേസിൽ നടന്ന മത്സരത്തിൽ, വെറും 16 പന്തിൽ നിന്ന് 40 റൺസ് അടിച്ചുകൂട്ടിയ കരീബിയൻ താരം കീറോൺ പൊള്ളാർഡിന്റെ പ്രകടന മികവിൽ ടൊറന്റോ 10 ഓവറിൽ 130/4 എന്ന ഭീമൻ സ്കോർ പടുത്തുയർത്തി. മറുപടി ബാറ്റിങ്ങിൽ, 11 പന്തിൽ 39 റൺസ് നേടിയ അലക്സ് ലീസിന്റെ വെടിക്കെട്ടിലൂടെ മിസിസാഗ മാസ്റ്റേഴ്സ് ശക്തമായി പൊരുതിയെങ്കിലും ഒടുവിൽ ഒൻപത് റൺസ് അകലെ തോൽവി വഴങ്ങി. ഇതോടെ ടൊറന്റോ സിക്സേഴ്സ് ടൂർണമെന്റിന്റെ ഫൈനലിലേക്ക് യോഗ്യത നേടുകയും ചെയ്തു.

ടൊറന്റോ ഇന്നിങ്സിനിടെ മിസിസാഗ പേസർ അലി ഖാൻ എറിഞ്ഞ ഒരു പ്രത്യേക പന്താണ് മത്സരത്തിലെ പ്രധാന ചർച്ചാവിഷയമായി മാറിയത്. ഒൻപതാം ഓവറിൽ അലി ഖാൻ എറിഞ്ഞ ഒരു ബൗൺസർ പന്ത് പൊള്ളാർഡിന്റെയും വിക്കറ്റ് കീപ്പറുടെയും തലയ്ക്ക് മുകളിലൂടെ പറന്ന് നേരെ ഗാലറിയിലാണ് ചെന്നു വീണത്. ഇതു കണ്ട കമന്റേറ്റർമാർ ആദ്യമത് വൈഡും സിക്സും ചേർന്നതാണെന്ന് കരുതിയെങ്കിലും അംപയർ അത് വൈഡ് എന്ന് മാത്രം സിഗ്നൽ നൽകുകയും ടൊറന്റോയ്ക്ക് അഞ്ച് റൺസ് അനുവദിക്കുകയും ചെയ്തു. എംസിസി നിയമപ്രകാരം, പന്ത് ബാറ്റിൽ തട്ടിയാൽ മാത്രമേ സിക്സ് അനുവദിക്കാൻ വ്യവസ്ഥയുള്ളൂ എന്നതാണ് ഇതിന് കാരണം.

നിയമം 19.7.1 വ്യക്തമാക്കുന്നത്, പന്ത് ബാറ്റിൽ തട്ടുകയും കൂടാതെ അത് ഗ്രൗണ്ടിനുള്ളിൽ എവിടെയും തൊടാതെ നേരിട്ട് ബൗണ്ടറിക്ക് പുറത്ത് പതിക്കുകയും ചെയ്താൽ മാത്രമേ ‘ബൗണ്ടറി 6’ ആയി കണക്കാക്കൂ എന്നാണ്. പന്ത് അതിന് മുൻപ് ഏതെങ്കിലും ഫീൽഡറുടെ ശരീരത്തിൽ തട്ടിയാലും ഈ ഒരു നിയമം തന്നെയാണ് ബാധകമാകുന്നത്.

നിയമം 19.7.2 അനുസരിച്ച്, പന്ത് ബാറ്റിൽ തട്ടിയാലും ഇല്ലെങ്കിലും ബൗണ്ടറിക്ക് പുറത്ത് പതിക്കുന്നതിന് മുൻപ് കളിക്കളത്തിനുള്ളിൽ എവിടെയെങ്കിലും കുത്തിയുയരുകയോ, അല്ലെങ്കിൽ പന്ത് ബാറ്റിൽ തട്ടാതിരിക്കുകയോ ചെയ്താൽ അത് ‘ബൗണ്ടറി 4’ ആയിരിക്കും കണക്കാക്കുക.

അതുകൊണ്ട്, ബാറ്റർ തൊടാത്ത ഒരു വൈഡ് പന്ത് നേരിട്ട് ബൗണ്ടറി ലൈൻ കടന്ന് പുറത്തുപോയാലും അതിനെ ബൗണ്ടറി 4 ആയി മാത്രമേ പരിഗണിക്കുകയുള്ളൂ. ഇതിനൊപ്പം വൈഡിനുള്ള ഒരു റൺ പെനൽറ്റിയും (നിയമം 22.6) ടീമിന് ലഭിക്കും. അങ്ങനെ ആകെ മൊത്തം 7 റൺസിന് പകരം 5 വൈഡ് റൺസാണ് ടൊറന്റോയ്ക്ക് അവിടെ ലഭിച്ചത്.