ഗാന്ധിനഗർ: കടക്കെണിയിലായി നാട്ടിൽനിൽക്കാൻ സാധിക്കാതെ വന്നതിനെ തുടർന്ന് കള്ളനോട്ട് നിർമിക്കാൻ തുടങ്ങിയ പച്ചക്കറി വ്യാപാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ രാജ്കോട്ടിൽ പച്ചക്കറി ബിസിനസ് നടത്തിയിരുന്ന കിഷൻ സോളങ്കി എന്നയാളാണ് പിടിയിലായത്. ഇയാളുടെ വീട്ടിൽ രാജ്കോട്ട് സിറ്റി ക്രൈം ബ്രാഞ്ചും സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പും (എസ്ഒജി) ചേർന്ന് നടത്തിയ റെയ്ഡിൽ 65,500 രൂപയുടെ പ്രിന്റിങ് ഉപകരണങ്ങളും ഇരുന്നൂറിലധികം വ്യാജ കറൻസി നോട്ടുകളും പിടിച്ചെടുത്തു.
പച്ചക്കറി കച്ചവടത്തിൽ കടം കുമിഞ്ഞുകൂടിയതിനെ തുടർന്നാണ് കിഷൻ സോളങ്കി കള്ളനോട്ടിലേക്ക് തിരിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. ഈ ബുദ്ധിമുട്ടുകൾക്കിടെ ഓൺലൈനിൽ കള്ളനോട്ട് നിർമാണവുമായി ബന്ധപ്പെട്ട ഒരു വിഡിയോ ഇയാളുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. അതിൽ കണ്ട ഫോൺ നമ്പർ വഴി ടെലിഗ്രാം ഉപയോഗിച്ച് അജ്ഞാതനായ ആളുമായി ബന്ധപ്പെടുകയും വ്യാജ കറൻസി അച്ചടിക്കാൻ പരിശീലനം നേടുകയുമായിരുന്നു. ഇതിനായി പ്രിന്റർ ഉൾപ്പെടെയുള്ള സാധനങ്ങളും സോളങ്കി സ്വന്തമാക്കി.
100, 500 രൂപയുടെ നോട്ടുകളാണ് സോളങ്കി കുറഞ്ഞ അളവിൽ നിർമിച്ചിരുന്നത്. കഴിഞ്ഞ നാലോ അഞ്ചോ മാസങ്ങൾക്കിടെ ഇയാൾ 40 ഓളം വ്യാജ നോട്ടുകൾ സാധാരണ ഇടപാടുകൾക്കായി നൽകിയതായി പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു. ഇയാളുടെ വീട്ടിൽനിന്ന് 100 രൂപയുടെ 216 വ്യാജ നോട്ടുകളും 500 രൂപയുടെ മൂന്ന് വ്യാജ നോട്ടുകളുമാണ് റെയ്ഡിൽ കണ്ടെടുത്തത്. സോളങ്കിയെ ഓൺലൈൻ വഴി നോട്ടടിക്കാൻ പഠിപ്പിച്ച വ്യക്തിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.




