വെറും 7 സെക്കൻഡിനുള്ളിൽ ഹൃദയമിടിപ്പിന്റെ ശബ്ദം വിശകലനം ചെയ്ത് ഹൃദ്രോഗ സാധ്യതകൾ കണ്ടെത്തുന്ന കൃത്രിമബുദ്ധി (AI) സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത് ശ്രദ്ധ നേടുകയാണ് 14 വയസ്സുകാരനായ ഇന്ത്യൻ വംശജൻ. ആന്ധ്രാപ്രദേശിലെ അനന്തപൂർ സ്വദേശിയും നിലവിൽ ടെക്സസിലെ നിവാസിയുമായ സിദ്ധാർത്ഥ് നന്ദ്യാലയാണ് ‘സർക്കാഡിയൻ എ.ഐ’ (Circadian AI) എന്ന സ്മാർട്ട്ഫോൺ അധിഷ്ഠിത സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്.
മൊബൈൽ ഫോൺ ഉപയോഗിച്ച് റെക്കോർഡ് ചെയ്യുന്ന ഹൃദയമിടിപ്പിന്റെ ശബ്ദവ്യതിയാനങ്ങൾ യന്ത്രപഠനവും (Machine Learning) നോയിസ് കാൻസലേഷൻ സാങ്കേതികവിദ്യയും ഉപയോഗിച്ച് വിശകലനം ചെയ്താണ് ഈ ഉപകരണം പ്രവർത്തിക്കുന്നത്. അമേരിക്കയിൽ 15,000-ത്തിലധികം രോഗികളിലും ഇന്ത്യയിലെ ഗുണ്ടൂർ ഗവൺമെന്റ് ജനറൽ ആശുപത്രിയിലുമടക്കം പരീക്ഷിച്ച ഈ സാങ്കേതികവിദ്യയ്ക്ക് 96 ശതമാനത്തിലധികം കൃത്യത അവകാശപ്പെടുന്നുണ്ട്. എന്നാൽ ഇത് ഇ.സി.ജി അല്ലെങ്കിൽ എക്കോകാർഡിയോഗ്രാം പോലുള്ള പൂർണ്ണമായ രോഗനിർണ്ണയ പരിശോധനകൾക്ക് പകരമല്ലെന്നും, കൂടുതൽ പരിശോധനകൾ ആവശ്യമായ രോഗികളെ വേഗത്തിൽ തിരിച്ചറിയാനുള്ള ഒരു പ്രാരംഭ സ്ക്രീനിംഗ് ടൂൾ മാത്രമാണെന്നും അണിയറപ്രവർത്തകർ വ്യക്തമാക്കുന്നു.
ആശുപത്രികളിൽ ഡോക്ടർമാരെ സഹായിക്കാനാണ് താൻ ഇത് രൂപകൽപ്പന ചെയ്തതെന്ന് സിദ്ധാർത്ഥ് പറഞ്ഞു. സിദ്ധാർത്ഥിന്റെ ഈ നേട്ടത്തെ 2025 മാർചിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു നേരിട്ട് കണ്ട് അഭിനന്ദിച്ചിരുന്നു. ക്ലിനിക്കൽ അംഗീകാരങ്ങളും മറ്റ് ലൈസൻസുകളും ലഭിച്ചാൽ സാധാരണ സ്മാർട്ട്ഫോണുകൾ ഉപയോഗിച്ച് തന്നെ വേഗത്തിൽ നടത്താൻ കഴിയുന്ന ഹൃദയപരിശോധനകളിൽ ഈ സാങ്കേതികവിദ്യ വലിയ വിപ്ലവം സൃഷ്ടിക്കും.




