ഛത്തീസ്ഗഢിലെ ദുർഗ് സ്വദേശിയായ ഐ.പി.എസ് ഉദ്യോഗസ്ഥ അങ്കിത ശർമ്മ, 2017-ൽ തന്റെ മൂന്നാം ശ്രമത്തിലാണ് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യു.പി.എസ്.സി) സിവിൽ സർവീസ് പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ 203-ാം റാങ്ക് നേടി വിജയിച്ചത്. 2018 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥയായ ഇവർ നിലവിൽ രാജ്നന്ദ്ഗാവിൽ സേവനമനുഷ്ഠിക്കുന്നു. ബിസിനസുകാരനായ തന്റെ പിതാവാണ് യഥാർത്ഥ മാതൃകയെന്നും എല്ലാ പ്രതിസന്ധികളിലും അദ്ദേഹം ഒപ്പം നിന്നെന്നും, സിവിൽ സർവീസ് ഉദ്യോഗസ്ഥയാകുക എന്നത് ബാല്യകാല സ്വപ്നമായിരുന്നുവെന്നും ഇവർ വെളിപ്പെടുത്തി.
ദുർഗിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസവും ഭിലായിൽ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയ ഇവർക്ക് രണ്ട് സഹോദരിമാരുണ്ട്. ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തിന് ശേഷമാണ് സിവിൽ സർവീസിലേക്കുള്ള ആഗ്രഹം ശക്തമായത്. ബാല്യകാലത്ത് പഠനത്തിൽ ശരാശരി നിലവാരം മാത്രം പുലർത്തിയിരുന്ന അങ്കിതയ്ക്ക് അഞ്ചാം ക്ലാസിൽ ഗണിതശാസ്ത്രത്തിൽ 50-ൽ 5 മാർക്ക് മാത്രമാണ് ലഭിച്ചിരുന്നത്. എന്നാൽ ഒൻപതാം ക്ലാസിൽ കോമേഴ്സ് ഗ്രൂപ്പ് തിരഞ്ഞെടുത്ത് പഠനം തുടങ്ങിയതോടെ ഇവർ ക്ലാസിൽ ഒന്നാമതായി എത്തിത്തുടങ്ങി. ചെറിയ പ്രായത്തിലെ പഠനമികവ് വെച്ച് കുട്ടികളെ വിലയിരുത്തരുതെന്നും അവരുടെ താല്പര്യങ്ങൾക്ക് അനുസരിച്ച് പഠിക്കാൻ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്നും ഇവർ സ്വന്തം അനുഭവം മുൻനിർത്തി അഭിപ്രായപ്പെടുന്നു.
ബിരുദാനന്തര ബിരുദത്തിന് ശേഷമാണ് യു.പി.എസ്.സി പരീക്ഷയ്ക്കുള്ള തയാറെടുപ്പുകൾ തുടങ്ങിയത്. കുറച്ചുകാലം ഡൽഹിയിൽ താമസിച്ച് പഠിച്ചെങ്കിലും പിന്നീട് നാട്ടിൽ തിരിച്ചെത്തി വീട്ടിലിരുന്നായിരുന്നു പ്രധാന പഠനം. ആദ്യ ശ്രമത്തിൽ ഐ.പി.എസ് ആദ്യ മുൻഗണനയായി നൽകി മെയിൻസ് പരീക്ഷ വരെ എത്തിയെങ്കിലും അന്തിമ പട്ടികയിൽ ഇടം നേടാനായില്ല. രണ്ടാമത്തെ ശ്രമത്തിൽ പ്രിലിമിനറി പരീക്ഷയിൽ തന്നെ പുറത്തായി. എന്നാൽ മൂന്നാമത്തെ ശ്രമത്തിൽ ഐ.എ.എസ് ആദ്യ മുൻഗണനയും ഐ.പി.എസ് രണ്ടാം മുൻഗണനയുമായി നൽകി പരീക്ഷയെഴുതി 203-ാം റാങ്കോടെ ഇവർ സിവിൽ സർവീസ് സ്വപ്നം സാക്ഷാത്കരിക്കുകയായിരുന്നു.




