ജയ്പൂർ: മതാചാരങ്ങളുടെ ഭാഗമായി പാട്ട് വച്ചതിന്റെ ശബ്ദത്തെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ജയ്പൂരിലെ ക്ഷേത്രത്തിനുള്ളിൽ പൂജാരിക്ക് ക്രൂരമായി മർദ്ദനമേറ്റു. ക്ഷേത്രത്തിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
വെള്ളിയാഴ്ച വൈകുന്നേരം 7.45-ഓടെ നിവാരു റോഡിലെ ഗണേഷ് നഗർ മെയിനിലുള്ള ശിവക്ഷേത്രത്തിലാണ് സംഭവം നടന്നത്. ക്ഷേത്രത്തിൽ വലിയ ശബ്ദത്തിൽ ഭക്തിഗാനങ്ങൾ വച്ചതിനെ അയൽപക്കത്തെ കുടുംബത്തിലെ ഒരു യുവാവ് ചോദ്യം ചെയ്തതാണ് തർക്കത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു.
പണ്ഡിറ്റ് രാമകൃഷ്ണ എന്ന പൂജാരിക്ക് നേരെയാണ് ആക്രമണമുണ്ടായത്. സിസിടിവി ദൃശ്യങ്ങളിൽ ഒരാൾ പൂജാരിയുമായി തർക്കിക്കുന്നതും തുടർന്ന് അദ്ദേഹത്തെ നിലത്തു തള്ളിയിട്ട് ക്രൂരമായി ചവിട്ടുകയും മർദ്ദിക്കുകയും ചെയ്യുന്നത് കാണാം. ആക്രമണത്തിനിടെ പൂജാരിയുടെ വസ്ത്രങ്ങൾ കീറിയതായും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതിനിടെ ഒരു സ്ത്രീ ഇടപെട്ട് തടയാൻ ശ്രമിക്കുന്നതും പിന്നീട് നാട്ടുകാരെത്തി പൂജാരിയെ രക്ഷിക്കുന്നതും കാണാം.
സംഭവത്തിന് പിന്നാലെ ശനിയാഴ്ച രാമകൃഷ്ണ കർധാനി പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. അയൽപക്കക്കാരായ ഹരീഷ് ചതുർവേദി, ദേവാംശ്, ഋതു എന്നിവർ പാട്ടിന്റെ ശബ്ദത്തെച്ചൊല്ലി തർക്കിക്കുകയും തുടർന്ന് മർദ്ദിക്കുകയുമായിരുന്നുവെന്ന് അദ്ദേഹം പരാതിയിൽ ആരോപിച്ചു.
പൂജാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സമാധാനാന്തരീക്ഷം തകർത്തതിന് ഹരീഷ്, ദേവാംശ് എന്നിവരെ അറസ്റ്റ് ചെയ്തതായി കർധാനി പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ സവായ് സിംഗ് സ്ഥിരീകരിച്ചു. അതേസമയം, ആരോപണവിധേയരായ കുടുംബത്തിലെ അംഗങ്ങൾ നൽകിയ എതിർപരാതിയും പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ ഇരുഭാഗത്തെയും പരാതികൾ പോലീസ് അന്വേഷിച്ചു വരികയാണ്.
ഈ സംഭവം പ്രദേശവാസികൾക്കിടയിലും പൂജാരിയുടെ കുടുംബത്തിലും വലിയ പ്രതിഷേധത്തിന് ഇടയാക്കി. ഞായറാഴ്ച ഉച്ചകഴിഞ്ഞ് കുടുംബാംഗങ്ങളും നാട്ടുകാരും കർധാനി പോലീസ് സ്റ്റേഷന് മുന്നിൽ തടിച്ചുകൂടുകയും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകുകയും ചെയ്തു. വിഷയം കൃത്യമായി അന്വേഷിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് പ്രതിഷേധക്കാർക്ക് ഉറപ്പുനൽകി.




