വാർദ്ധക്യകാലത്തുണ്ടാകുന്ന അടിയന്തര വൈദ്യസഹായങ്ങൾക്ക് വേണ്ടിവരുന്ന ഭാരിച്ച സാമ്പത്തിക ബാധ്യതയെക്കുറിച്ചുള്ള ഒരു സോഷ്യൽ മീഡിയ പോസ്റ്റ് ഇപ്പോൾ ഇന്റർനെറ്റിൽ വലിയ ചർച്ചയായിരിക്കുകയാണ്. എൺപതുകളിൽ എത്തിയ തന്റെ അയൽവാസിയായ വയോധികന് ഹൃദയശസ്ത്രക്രിയയ്ക്കായി ഏകദേശം 40 ലക്ഷം രൂപ ചെലവാക്കേണ്ടി വന്ന സംഭവമാണ് ഒരു ഉപയോക്താവ് പങ്കുവെച്ചത്. സമ്പാദ്യം വളരെ കുറവായിരിക്കുന്ന വാർദ്ധക്യകാലത്ത്, ഇത്തരം പെട്ടെന്നുണ്ടാകുന്ന ഭാരിച്ച സാമ്പത്തിക ആവശ്യങ്ങളെ ആളുകൾ എങ്ങനെയായിരിക്കും നേരിടുക എന്ന് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
തന്റെ അയൽവാസിക്ക് മുന്നിൽ രണ്ട് വഴികളാണ് ഉണ്ടായിരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഒന്ന്, വലിയ അപകടസാധ്യതയുള്ള പരമ്പരാഗത ഓപ്പൺ ഹാർട്ട് ശസ്ത്രക്രിയ. രണ്ട്, അപകടസാധ്യത കുറഞ്ഞതും എന്നാൽ വളരെ ചെലവേറിയതുമായ ആധുനികമായ മിനിമലി ഇൻവേസീവ് ശസ്ത്രക്രിയ.
“അദ്ദേഹത്തിന്റെ പ്രായം കണക്കിലെടുക്കുമ്പോൾ രണ്ടാമത്തെ വഴി മാത്രമേ മുന്നിലുണ്ടായിരുന്നുള്ളൂ. അദ്ദേഹത്തിന്റെ മകൻ വിദേശത്തായതുകൊണ്ട് മാത്രമാണ് ഈ തുക കണ്ടെത്താൻ സാധിച്ചത്. എങ്കിലും അടുത്ത കുറച്ചുകാലത്തേക്ക് അവരുടെ കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയെ ഇത് വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്,” എന്ന് അദ്ദേഹം കുറിച്ചു. ഈ സാമ്പത്തിക പിന്തുണയില്ലായിരുന്നുവെങ്കിൽ സാധാരണ ഹെൽത്ത് ഇൻഷുറൻസ് പോലും തികയാതെ വരികയും കുടുംബം കടക്കെണിയിലാവുകയും ചെയ്യുമായിരുന്നു.
ഇത്തരം ശസ്ത്രക്രിയകളുടെ ചെലവ് കേട്ട് ഭയം തോന്നിയതായും, തന്റെ റിട്ടയർമെന്റ് പ്ലാനുകളിൽ ഒരു ഘട്ടത്തിൽ തന്നെ ഇത്രയും വലിയ തുക ചെലവാകുമെന്ന കാര്യം ഉൾപ്പെടുത്തിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ചികിത്സ താങ്ങാൻ കഴിയില്ലെന്ന കഠിനമായ യാഥാർത്ഥ്യം നേരിടേണ്ടി വരുമ്പോൾ അത് സ്വീകരിക്കുക മാത്രമാണ് വഴി. ഈ സംഭവം വർത്തമാനകാലത്ത് കൂടുതൽ സന്തോഷത്തോടെ ജീവിക്കാനുള്ള ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ പോസ്റ്റ് വൈറലായതോടെ, വാർദ്ധക്യകാലത്ത് ഇത്തരം പ്രതിസന്ധികൾ ഒഴിവാക്കാൻ മികച്ച കവറേജുള്ള നല്ലൊരു ഇൻഷുറൻസ് പ്ലാൻ എടുക്കുകയാണ് പ്രാഥമികമായി ചെയ്യേണ്ടതെന്ന് പലരും അഭിപ്രായപ്പെട്ടു. “80 വയസ്സിൽ ലോകമെല്ലാം കണ്ടുകഴിഞ്ഞതല്ലേ, ഇനി എന്തിന് ഇത്രയും ചെലവാക്കണം” എന്ന് ഒരാൾ ചോദിച്ചപ്പോൾ, 80 വയസ്സുള്ള ഒരാൾക്ക് 1 കോടി രൂപയ്ക്ക് മുകളിൽ കവറേജ് നൽകുന്ന ഇൻഷുറൻസ് പ്ലാനുകൾ ലഭ്യമാണെന്ന് വേറൊരാൾ ചൂണ്ടിക്കാണിച്ചു.
ആരോഗ്യ സംരക്ഷണം വാർദ്ധക്യകാല ജീവിതത്തിന്റെ പ്രധാന ഭാഗമായതുകൊണ്ട് തന്നെ, സമ്പാദ്യത്തിന്റെ ഒരു നല്ല പങ്ക് ഇതിനായി മാറ്റിുവെക്കണമെന്നും അതിനൊപ്പമാണ് ഇൻഷുറൻസ് കരുതേണ്ടതെന്നും മറ്റൊരാൾ കുറിച്ചു. എന്നാൽ ഇന്ത്യക്കാരിൽ ഭൂരിഭാഗവും ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കാത്തവരാണെന്നും, കൃത്യമായ വ്യായാമത്തിലൂടെയും ആരോഗ്യകരമായ ജീവിതശൈലിയിലൂടെയും ഇത്തരം ഹൃദ്രോഗങ്ങളെ ഒരു പരിധി വരെ തടയാനാകുമെന്നും ചിലർ അഭിപ്രായപ്പെട്ടു.




