ബ്രിട്ടീഷ് രാജകുടുംബത്തെയും ലോകത്തെയും ഒരുപോലെ പിടിച്ചുലച്ച ഡയാന രാജകുമാരിയുടെ മരണത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സഹോദരൻ ചാൾസ് സ്പെൻസർ. ഡയാന അപകടത്തിൽ മരിച്ച വിവരമറിഞ്ഞയുടൻ ചാൾസ് രാജകുമാരൻ (ഇപ്പോഴത്തെ ചാൾസ് മൂന്നാമൻ രാജാവ്) അത്യധികം ആഹ്ലാദവാനായിരുന്നുവെന്നും, ലോട്ടറിയടിച്ച വ്യക്തി സംസാരിക്കുന്നതു പോലെയാണ് അന്ന് അദ്ദേഹം സംസാരിച്ചതെന്നും സ്പെൻസർ തന്റെ പുതിയ ഓർമക്കുറിപ്പിൽ ആരോപിക്കുന്നു.
ചാൾസ് സ്പെൻസർ രചിച്ച ‘സ്വാൻ സോങ്: ഡയാന, മൈ സിസ്റ്റർ’ (Swan Song: Diana, My Sister) എന്ന പുസ്തകം പുറത്തിറങ്ങിയതിന് പിന്നാലെ വലിയ ആഗോള ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. വിപണിയിലെത്തി മണിക്കൂറുകൾക്കകം തന്നെ ഈ പുസ്തകം ബ്രിട്ടനിലെ ആമസോൺ ബെസ്റ്റ് സെല്ലർ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി.
1997-ൽ പാരിസിലുണ്ടായ കാറപകടത്തിൽ ഡയാന മരിച്ച വിവരം സ്ഥിരീകരിച്ചയുടൻ ചാൾസ് രാജകുമാരനുമായി സംസാരിച്ച നിമിഷങ്ങളെക്കുറിച്ചാണ് സ്പെൻസർ പുസ്തകത്തിൽ തുറന്നെഴുതുന്നത്. “ഡയാനയുടെ മരണവാർത്തയറിഞ്ഞ് എന്നെ വിളിച്ച മറ്റുള്ളവരെല്ലാം ഞെട്ടിത്തറിച്ച്, അനുശോചനം പോലും പൂർണമായി പറയാനാവാതെ പതറിയിരുന്നു. എന്നാൽ ചാൾസിന്റെ പ്രതികരണം തികച്ചും വ്യത്യസ്തമായിരുന്നു. അദ്ദേഹം വല്ലാത്തൊരു ഉന്മേഷത്തിലും ആഹ്ലാദത്തിലുമാണ് സംസാരിച്ചത്. വലിയ ഭാഗ്യം കൈവന്നതിൽ സന്തോഷിച്ചയാളെപ്പോലെയായിരുന്നു അദ്ദേഹത്തിന്റെ ശബ്ദമെന്നാണ് എനിക്ക് തോന്നിയത്,” സ്പെൻസർ കുറിച്ചു.
ഇഷ്ടമില്ലാത്ത ഒരാളുടെ വിയോഗത്തിൽ ദുഃഖിക്കുന്നതിനേക്കാൾ, താൻ പ്രണയിച്ച സ്ത്രീയെ (കാമില) സ്വന്തമാക്കാനും വിവാഹം കഴിക്കാനും ഈ മരണം വഴിതുറക്കുമെന്ന ചിന്തയായിരിക്കാം ചാൾസിനെ അന്ന് നയിച്ചതെന്നും സ്പെൻസർ ഓർമിക്കുന്നു. ചരിത്രത്തിന്റെ നേർസാക്ഷി എന്ന നിലയിൽ യാഥാർഥ്യം വെളിപ്പെടുത്താനാണ് ഈ പുസ്തകം എഴുതിയതെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.
വിവാദ പരാമർശങ്ങൾക്കെതിരെ അതിവേഗത്തിലാണ് ബക്കിങ്ഹാം കൊട്ടാരം പ്രതികരിച്ചത്. സഹോദരിയെ നഷ്ടപ്പെട്ടതിന്റെ കടുത്ത വേദന ഒരാളുടെ വിവേകത്തെയും ചിന്താശേഷിയെയും ഓർമകളെയും എങ്ങനെ മങ്ങലേൽപ്പിക്കുമെന്ന് രാജാവിന് പൂർണ ബോധ്യമുണ്ടെന്നായിരുന്നു കൊട്ടാരം വക്താവ് നൽകിയ മറുപടി. ഡയാനയുടെ മരണവുമായി ബന്ധപ്പെട്ട പഴയ മുറിവുകൾ വീണ്ടും കുത്തിപ്പൊക്കി രാജകുടുംബത്തിന് കളങ്കമുണ്ടാക്കാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കുമെന്നും അവരോടടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.
1997-ൽ സഹോദരിയുടെ സംസ്കാരച്ചടങ്ങിൽ വികാരനിർഭരമായ അനുസ്മരണ പ്രസംഗം നടത്തി ലോകശ്രദ്ധ നേടിയ വ്യക്തിയാണ് ചാൾസ് സ്പെൻസർ. കാറപകടത്തിൽ ഡയാന മറിച്ച് മൂന്ന് പതിറ്റാണ്ടോടടുക്കുമ്പോഴും, ‘ജനങ്ങളുടെ രാജകുമാരി’ (People’s Princess) എന്ന വിശേഷണമുള്ള ഡയാനയെക്കുറിച്ചുള്ള ഓരോ വാർത്തയും ഇന്നും ലോകമെമ്പാടുമുള്ള ആരാധകരെ ആകർഷിക്കുന്നുണ്ട്. ലണ്ടനിലെ പുസ്തകശാലകളിലേക്ക് ആളുകൾ ഇരച്ചെത്തുന്ന കാഴ്ച ഇതിന്റെ തെളിവാണ്.




