Sports

അടുത്തത് സുൽത്താനയുടെ അവസാന മത്സരം? ഇനിയെന്ത് പിണക്കം! ഹർമൻപ്രീതിന് കൈ കൊടുത്ത് ബംഗ്ലാദേശ് ക്യാപ്റ്റൻ- വീഡിയോ

നഗോയ: ദുബായിൽ നടന്ന ഏഷ്യ കപ്പ് സെമി ഫൈനലിനിടെ ഇന്ത്യൻ ക്യാപ്റ്റൻ ഹർമാൻപ്രീത് കൗറുമായി ഹസ്തദാനം ചെയ്യാതിരുന്ന ബംഗ്ലാദേശ് ക്യാപ്റ്റൻ നിഗർ സുൽത്താനയുടെ നടപടി വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ അത് തങ്ങളുടെ നിർദേശപ്രകാരമല്ലെന്നും നിഗറിന്റെ വ്യക്തിപരമായ തീരുമാനമായിരുന്നുവെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പിന്നീട് വ്യക്തമാക്കുകയുണ്ടായി. ഇതിനുശേഷമാണ് ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റ് സെമി ഫൈനലിൽ ഇന്ത്യയും ബംഗ്ലാദേശും വീണ്ടും ഏറ്റുമുട്ടിയത്. എന്നാൽ ഇത്തവണ ടോസിന് ശേഷം ഹർമാൻപ്രീത് കൈ നീട്ടിയപ്പോൾ നിഗർ സുൽത്താന യാതൊരു മടിയുമില്ലാതെ ഹസ്തദാനം ചെയ്തു.

സ്വന്തം ക്രിക്കറ്റ് ബോർഡ് തള്ളിപ്പറഞ്ഞതോടെയാണ് നിഗർ സുൽത്താന നിലപാട് മാറ്റാൻ നിർബന്ധിതയായത്. മുമ്പും ഹർമാൻപ്രീതിന്റെ പേര് അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴച്ച ചരിത്രമുള്ള താരമാണ് നിഗർ. 2025-ൽ സഹതാരങ്ങളെ മർദിച്ചെന്ന ആരോപണം ഉയർന്നപ്പോൾ, മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ‘ഞാൻ ഹർമാൻപ്രീതാണോ’ എന്ന പ്രതികരണമാണ് നിഗർ നൽകിയത്. മുൻപ് ഏഷ്യ കപ്പിനിടെ ഹസ്തദാനം ഒഴിവാക്കാൻ കാരണം വ്യക്തമല്ലെങ്കിലും, 2026-ലെ ഐസിസി പുരുഷ ടി20 ലോകകപ്പിലേക്ക് ടീമിനെ അയക്കേണ്ടതില്ലെന്ന ബി.സി.ബി തീരുമാനത്തിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. 2026-ലെ ഐപിഎല്ലിൽ നിന്ന് മുസ്തഫിസുർ റഹ്‌മാനെ വിലക്കാനുള്ള ബിസിസിഐ തീരുമാനമാണ് ഇതിന് വഴിവെച്ചത്.

അതേസമയം, 2023-ൽ മിർപൂരിൽ നടന്ന ഏകദിന മത്സരത്തിനിടയിൽ അമ്പയറിംഗിനെതിരെ ഹർമാൻപ്രീത് കൗർ പരസ്യമായി രോഷം പ്രകടിപ്പിച്ചിരുന്നു. പരമ്പര സമനിലയിലായ ശേഷം ട്രോഫി ഏറ്റുവാങ്ങുന്ന ചടങ്ങിൽ ‘അമ്പയർമാരെക്കൂടി വിളിക്കൂ’ എന്ന് നിഗറിനോട് ഹർമാൻപ്രീത് പറഞ്ഞത് വലിയ വാർത്തയായിരുന്നു. അമ്പയർമാർ ബംഗ്ലാദേശിന് അനുകൂലമായി നിലപാടെടുത്തു എന്നായിരുന്നു ഹർമാൻപ്രീതിന്റെ ആരോപണം. നിലവിലെ ഏഷ്യൻ ഗെയിംസിന് പിന്നാലെ ട്വന്റി 20 ക്യാപ്റ്റൻസി ഒഴിയാൻ നിഗർ സുൽത്താന സന്നദ്ധത അറിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പാകിസ്താനെതിരെയുള്ള വെങ്കല മെഡൽ മത്സരമായിരിക്കും ക്യാപ്റ്റൻ എന്ന നിലയിൽ നിഗറിന്റെ അവസാന പോരാട്ടം.