Celebrity Sports

റോഡ് റോളർ ശരീരത്തിലൂടെ കയറിയിറങ്ങിയിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട് മുൻ ഇംഗ്ലണ്ട് താരം; വീഡിയോ വൈറൽ

തായ്‌ലൻഡിൽ പി.ടി പ്രച്ചുവപ് – പട്ടാണി എഫ്.സി മത്സരത്തിന് മുന്നോടിയായുള്ള വാം-അപ്പിനിടെ മുൻ ഇംഗ്ലണ്ട് താരം ആന്ദ്രോസ് ടൗൺസെൻഡ് പിച്ച് റോളറിന് അടിയിൽപ്പെട്ട് വൻ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. വായുവിൽ ഉയർന്നുവന്ന പന്ത് ബാക്ക്ഹീൽ ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് പിന്നിലൂടെ വന്ന റോളർ താരത്തെ ഇടിച്ചിട്ടത്. വീഡിയോ ദൃശ്യങ്ങളിൽ റോളർ അദ്ദേഹത്തിന്റെ ശരീരത്തിലൂടെ കയറിപ്പോകുന്നതായാണ് കാണുന്നത്. എങ്കിലും വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ട ടൗൺസെൻഡ് പിന്നീട് ഈ മത്സരത്തിൽ കളിക്കുകയും ചെയ്തു.

വീഡിയോയിൽ ടൗൺസെൻഡ് പന്തിനായി മുകളിലേക്ക് ചാടുമ്പോഴാണ് പിന്നിൽ നിന്ന് റോളർ വരുന്നത്. ഇതിനിടെ റോളറുമായി തട്ടി താഴെ വീണ താരത്തിന്റെ ശരീരത്തിലേക്ക് റോളർ കയറുകയായിരുന്നു. അപകടം കണ്ടയുടൻ ഡ്രൈവർ പുറത്തിറങ്ങി വാഹനം ഒരു വശത്തേക്ക് ചരിപ്പിച്ച് ടൗൺസെൻഡിനെ പുറത്തെടുത്തു. റോളറിന്റെ വലിപ്പവും ഭാരവും കാരണം സമീപത്തുണ്ടായിരുന്നവർ ഏറെ ആശങ്കാകുലരായി. എന്നാൽ അപകടത്തിന് ശേഷം സ്വയം നടന്നുനീങ്ങിയ അദ്ദേഹം മത്സരത്തിനുള്ള തയ്യാറെടുപ്പുകൾ തുടരുകയാണ് ചെയ്തത്.

ഇത്രയും ഭയപ്പെടുത്തുന്ന സംഭവം നടന്നിട്ടും പി.ടി പ്രച്ചുവപിന്റെ ടീമിൽ ടൗൺസെൻഡ് ഉൾപ്പെട്ടിരുന്നു. മത്സരത്തിന്റെ 93-ാം മിനിറ്റിൽ ജെസ്പർ നൈഹോമിന് പകരക്കാരനായി അദ്ദേഹം ഗ്രൗണ്ടിലിറങ്ങി. മുൻ ടോട്ടൻഹാം, ക്രിസ്റ്റൽ പാലസ്, എവർട്ടൺ താരം കൂടിയായ ടൗൺസെൻഡ് അപകടത്തിന് തൊട്ടുപിന്നാലെ മത്സരത്തിനിറങ്ങിയത് ആരാധകരിൽ വലിയ അത്ഭുതമാണ് ഉണ്ടാക്കിയത്. ഈ വാം-അപ്പ് വീഡിയോ നിലവിൽ സോഷ്യൽ മീഡിയയിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്.