Celebrity

‘അടിവസ്ത്രം മാ​‍​‍ത്രമിട്ട് ആക്ഷന്‍ സീന്‍; 15 സെക്കന്‍റ് നീണ്ട ചുംബനം’! രാധിക ആപ്തെ തുറന്നടിക്കുന്നു

സംവിധായകര്‍ അനാവശ്യമായ ചുംബനരംഗങ്ങള്‍ക്കും ശരീരപ്രദര്‍ശനത്തിനും നിര്‍ബന്ധിച്ചിട്ടുണ്ടെന്ന് ബോളിവുഡ് താരം രാധിക ആപ്തെ . സിനിമയിലെ കഥാപാത്രം ആവശ്യപ്പെടാത്ത കാര്യങ്ങള്‍ ചെയ്യാന്‍ നടിമാര്‍ക്ക് മേല്‍ കടുത്ത സമ്മര്‍ദമുണ്ടാകാറുണ്ടെന്ന് വ്യക്തമാക്കിയ താരം, സഹതാരത്തെ ചുംബിക്കാനും അടിവസ്ത്രം മാത്രം ധരിച്ച് ആക്ഷന്‍ സീനുകളില്‍ അഭിനയിക്കാനും തന്നോട് ആവശ്യപ്പെട്ടിരുന്നതായി വെളിപ്പെടുത്തി. എന്നാല്‍ നിലവില്‍ ഇത്തരം പ്രവണതകള്‍ക്ക് മാറ്റം വരുന്നുണ്ടെന്നാണ് കരുതുന്നതെന്നും രാധിക കൂട്ടിച്ചേർത്തു.

തന്റെ കരിയറിന്റെ തുടക്കത്തില്‍ നാലോ അഞ്ചോ ചിത്രങ്ങളില്‍ നഗ്നയായി അഭിനയിക്കേണ്ടി വന്നിട്ടുണ്ടെന്ന് രാധിക പറയുന്നു. അതിനുശേഷം അത്തരം വേഷങ്ങൾ താൻ എളുപ്പത്തിൽ ചെയ്യുമെന്ന് ചിലര്‍ കരുതാൻ തുടങ്ങിയതോടെയാണ് ശക്തമായി പ്രതികരിക്കേണ്ടി വന്നത്. ഇനി അത്തരം വേഷങ്ങൾ ആവർത്തിക്കില്ലെന്ന് നിലപാടെടുത്ത താരം, ഇപ്പോൾ ഇത്തരം സീനുകൾ ചെയ്യണമെന്ന് ആവശ്യപ്പെടുമ്പോൾ അതിന്റെ കൃത്യമായ ആവശ്യകത സംവിധായകരോട് തിരിച്ചു ചോദിക്കാറുണ്ടെന്നും വ്യക്തമാക്കി. 15 സെക്കന്റ് മാത്രം നീളുന്ന ചെറിയൊരു ചുംബനമല്ലേ എന്ന് ലളിതമായി ചോദിക്കുന്ന ആളുകളുടെ മനസ്ഥിതി കാണുമ്പോൾ തമാശയാണ് തോന്നുന്നതെന്നും താരം ഓർത്തെടുത്തു.

മറ്റൊരു സിനിമയുടെ സെറ്റിലെത്തിയപ്പോള്‍ ഷര്‍ട്ടിന്റെ ബട്ടന്‍സ് അഴിച്ചിട്ട് ആക്ഷന്‍ രംഗം ചെയ്യാന്‍ ആവശ്യപ്പെട്ട അനുഭവവും രാധിക പങ്കുവെച്ചു. ആക്ഷൻ രംഗങ്ങൾ ചെയ്യുമ്പോൾ വസ്ത്രത്തിന്റെ സ്ഥാനം മാറില്ലേ എന്ന് ചോദിച്ചപ്പോൾ, എന്നാൽ ബ്രായും അടിവസ്ത്രവും മാത്രം ധരിച്ച് ചെയ്യാമെന്നായിരുന്നു അവരുടെ മറുപടി. കേട്ടാൽ ആരും ഞെട്ടിപ്പോകുന്ന ഒരു പ്രമുഖ വ്യക്തിയിൽ നിന്നാണ് ഈ അനുഭവം ഉണ്ടായതെന്നും, താൻ ആ വേഷം ചെയ്യാൻ വിസമ്മതിക്കുകയായിരുന്നു എന്നും രാധിക പറഞ്ഞു.

അഭിനേതാക്കളുടെ തിരഞ്ഞെടുപ്പിനെയും അവരുടെ വ്യക്തിപരമായ അതിരുകളെയും ബഹുമാനിക്കാന്‍ സംവിധായകര്‍ തയാറാകണമെന്നാണ് രാധികയുടെ നിലപാട്. ചിത്രം വിജയിക്കുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത ഇത്തരം കാര്യങ്ങള്‍ക്കായി അഭിനേതാക്കളെ സമ്മര്‍ദത്തിലാക്കരുതെന്നും താരം ഓർമ്മിപ്പിക്കുന്നു. കങ്കണ സെൻ, വിജയ് വർമ, അഭിഷേക് ബാനർജി എന്നിവർക്കൊപ്പം നെറ്റ്ഫ്ളിക്സിലൂടെ പുറത്തിറങ്ങിയ ‘ലസ്റ്റ് സ്റ്റോറീസ് 3’ ൽ ശ്രദ്ധേയമായ വേഷത്തിലാണ് രാധിക അവസാനമായി പ്രേക്ഷകർക്ക് മുന്നിലെത്തിയത്.