Oddly News

ടിടിഇ ടിക്കറ്റ് ചോദിച്ചതിന് വസ്ത്രം വലിച്ചു കീറി യുവതി; അപമാനിക്കാൻ ശ്രമിച്ചെന്ന് ; ഒടുവിൽ ട്വിസ്റ്റ് – വീഡിയോ

ടിക്കറ്റ് പരിശോധിക്കാൻ എത്തിയ ട്രെയിൻ ടിക്കറ്റ് എക്സാമിനറുമായി (TTE) തർക്കത്തിലേർപ്പെടുകയും തുടർന്ന് സ്വന്തം വസ്ത്രങ്ങൾ കീറിയെറിയുകയും ചെയ്ത യാത്രക്കാരിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൻ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

ടി.ടി.ഇ ടിക്കറ്റ് ചോദിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. യുവതിയുടെ കൈവശം ടിക്കറ്റ് ഉണ്ടായിരുന്നില്ലെന്നും പകരം പണം നൽകാൻ ശ്രമിച്ചെന്നുമാണ് പുറത്തുവരുന്ന വിവരങ്ങൾ. തന്റെ സഹോദരൻ റെയിൽവേ ജീവനക്കാരനാണെന്ന് യുവതി അവകാശപ്പെടുകയും ചെയ്തു. എന്നാൽ തർക്കം രൂക്ഷമായതോടെ, ടി.ടി.ഇ തന്നോട് മോശമായി പെരുമാറാൻ ശ്രമിക്കുകയാണെന്ന് സഹോദരനെ ഫോണിൽ വിളിച്ച് യുവതി ആരോപിക്കുന്നത് വീഡിയോയിൽ കേൾക്കാം. കൂടാതെ റെയിൽവേയുടെ അടിയന്തര സഹായ നമ്പറായ 112-ലേക്ക് വിളിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

പേര് ചോദിച്ചപ്പോൾ ‘രാധിക തിവാരി’ എന്നാണ് യുവതി സ്വയം പരിചപ്പെടുത്തിയത്. തർക്കം തുടരുന്നതിനിടയിൽ, ടി.ടി.ഇ തന്നെ അനാവശ്യമായി സ്പർശിച്ചെന്നും ഉപദ്രവിക്കാൻ ശ്രമിച്ചെന്നും ആരോപിച്ച് യുവതി സ്വന്തം വസ്ത്രങ്ങൾ കീറാൻ തുടങ്ങുകയായിരുന്നു. എന്നാൽ സംഭവസമയമത്രയും ടി.ടി.ഇ തന്റെ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയിരുന്നു. ടിക്കറ്റുമായി ബന്ധപ്പെട്ട തർക്കവും തുടർന്നുള്ള സംഭവങ്ങളും ഈ ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. അതിനാൽ ടി.ടി.ഇക്ക് എതിരെയുള്ള ആരോപണങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കാൻ ഈ വീഡിയോ തെളിവായി മാറും.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ഇന്ത്യൻ റെയിൽവേയുടെ ഔദ്യോഗിക സഹായ അക്കൗണ്ടായ ‘റെയിൽവേ സേവ’ (Railway Seva) പ്രതികരണവുമായി രംഗത്തെത്തി. ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനായി യാത്രയുടെ വിവരങ്ങളും മൊബൈൽ നമ്പറും പങ്കുവെക്കാൻ റെയിൽവേ ആവശ്യപ്പെട്ടു. റെയിൽ മദദ് (RailMadad) ആപ്പ് വഴിയോ 139 എന്ന നമ്പറിലോ പരാതികൾ അറിയിക്കാവുന്നതാണെന്നും റെയിൽവേ വ്യക്തമാക്കി. ഈ ദൃശ്യങ്ങൾ വൈറലായതോടെ പൊതുയിടങ്ങളിൽ ഇത്തരം വ്യാജ ആരോപണങ്ങൾ ഉണ്ടാകുമ്പോൾ വീഡിയോ ചിത്രീകരിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളാണ് നടക്കുന്നത്.