Sports

ലോകകപ്പ് നേടിയതിന് പിന്നാലെ ഓസീസിനെ തേടി വിവാദം; മിച്ചല്‍ മാഷിന്റെ പരിഹസിച്ച് ആരാധകര്‍ രംഗത്ത്

ന്യൂഡല്‍ഹി: ഇന്ത്യയെ ആറു വിക്കറ്റിന് തോല്‍പ്പിച്ച് വന്‍ വിജയം നേടിയ ഓസ്‌ട്രേലിയ ആറാം തവണ കിരീടം ഉയര്‍ത്തിയതിന് പിന്നാലെ ഐസിസി ട്രോഫിയെ അപമാനിച്ചെന്ന് ഓസീസ് താരം മിച്ചല്‍ മാഷിനെതിരേ ആക്ഷേപം. കളി കഴിഞ്ഞ് ഓസീസ് ടീമിന്റെ ഫോട്ടോ പുറത്തുവന്നതിന് പിന്നാലെയാണ് വിവാദം.

മിന്നുന്ന ഐസിസി ട്രോഫിയുമായി കളിക്കാര്‍ അവരുടെ വ്യക്തിഗത നിമിഷങ്ങള്‍ നേടിയപ്പോള്‍, ടോപ്പ് ഓര്‍ഡര്‍ ബാറ്റര്‍ മിച്ചല്‍ മാര്‍ഷിന്റെ കപ്പിനൊപ്പം അസാധാരണമായ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. കളിയും ചടങ്ങുകളും കഴിഞ്ഞ് അഹമ്മദാബാദില്‍ രാത്രി ഏറെ വൈകി ലോകകപ്പ് ട്രോഫിയുമായി മൈതാനത്തെ അവരുടെ അവിസ്മരണീയ നിമിഷങ്ങള്‍ക്ക് ശേഷം, ഡ്രസ്സിംഗ് റൂമില്‍ ടീമിനുള്ള ആഘോഷങ്ങള്‍ നടത്തിയ വേളയിലെ ദൃശ്യമാണ് പുറത്തു വന്നിരിക്കുന്നത്.

ലോകകപ്പ് ട്രോഫിയില്‍ കാലുകള്‍ ഊന്നി നില്‍ക്കുന്ന മാര്‍ഷിന്റെ ചിത്രം ആരാധകര്‍ക്ക് അത്ര രസിച്ചിരുന്നില്ല. കളികഴിഞ്ഞ് ഓസീസ് ഡ്രസ്സിംഗ് റൂമിലെ ചിത്രങ്ങള്‍ പുറത്തുവന്നതോടെ ഇന്ത്യ തോറ്റതിന്റെ ക്ഷീണം മുഴുവന്‍ മിച്ചല്‍ മാഷിനെ ചീത്ത പറഞ്ഞ് ആഘോഷിക്കുകയാണ് ഓസീസ് വിരുദ്ധര്‍.

ഇത് അനാദരവാണെന്ന് വിശേഷിപ്പിച്ചുകൊണ്ട് അനേകരാണ് സോഷ്യല്‍ മീഡിയയിലെ പേജില്‍ കമന്റ് ഇട്ടിരിക്കുന്നത്. ട്രോഫിക്കൊപ്പമുള്ള മാര്‍ഷിന്റെ ആഘോഷങ്ങളില്‍ വലിയ നിരാശയാണ് പലരും പങ്കുവെച്ചത്. ഇന്ത്യയെ ആറു വിക്കറ്റിന് തോല്‍പ്പിച്ച മത്സരത്തില്‍ ഓപ്പണര്‍ ട്രാവിസ് ഹെഡിന്റെ ബാറ്റിംഗ് നിര്‍ണ്ണായകമായി.