ലഖ്നൗവിൽ ഓടുന്ന കാറിന്റെ ബോണറ്റിൽ സ്ത്രീ കുടുങ്ങിയ സംഭവവുമായി ബന്ധപ്പെട്ട് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയതോടെ ഈ തർക്കത്തിൽ പുതിയൊരു വഴിത്തിരിവുണ്ടായിരിക്കുകയാണ്. ജനേശ്വർ മിശ്ര പാർക്കിന് സമീപമാണ് സംഭവം നടന്നത്.
വീഡിയോയിൽ ഈ സ്ത്രീ ഷാ നവാസുമായിട്ടുള്ള ബന്ധത്തെക്കുറിച്ച് സംസാരിക്കുന്നതാണ് കാണുന്നത്. ഷാ നവാസ് തന്റെ കാമുകനാണെന്നും ഇരുവരും തമ്മിലുള്ള തർക്കത്തെക്കുറിച്ചുമാണ് ഇതിൽ പറയുന്നത്.
ഷാ നവാസിന് ബന്ധം അവസാനിപ്പിക്കാൻ ആഗ്രഹമുണ്ടായിരുന്നുവെന്നും, എന്നാൽ രണ്ട് മാസം കൂടി കഴിഞ്ഞാണ് പിരിയാൻ താൻ തീരുമാനിച്ചതെന്നും അവർ പറയുന്നുണ്ട്. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഈ വീഡിയോ ഇപ്പോൾ ആളുകൾക്കിടയിൽ വലിയ രീതിയിൽ ചർച്ചയാകുന്നുണ്ട്. എന്നാൽ നിലവിലുള്ള പോലീസ് കേസുമായി ഈ പഴയ വീഡിയോയ്ക്ക് നേരിട്ട് ബന്ധമില്ല.
പാർക്കിന് സമീപത്ത് വെച്ച് ഷാ നവാസിനെ മറ്റൊരു സ്ത്രീയോടൊപ്പം കണ്ടതാണ് തർക്കത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. വഴക്ക് രൂക്ഷമായതോടെ കൂടെയുണ്ടായിരുന്ന സ്ത്രീ അവിടെനിന്ന് പോയി. തുടർന്ന് ഷാ നവാസ് കാറിൽ പോകുന്നത് തടയാൻ ഇവർ ശ്രമിക്കുകയായിരുന്നു. ഇതിനിടയിലാണ് സ്ത്രീ ഓടുന്ന കാറിന്റെ ബോണറ്റിൽ കയറിനിന്ന് വാഹനം നിർത്താൻ നിലവിളിക്കുന്നത്.
തുടക്കത്തിൽ സാവധാനം നീങ്ങിയ കാർ പിന്നീട് വേഗത കൂട്ടുകയായിരുന്നു. ഇതോടെ പിടിവിട്ട് സ്ത്രീ റോഡിലേക്ക് വീഴുകയും കാർ നിർത്തെതെ പോവുകയും ചെയ്തു. സംഭവത്തിൽ പോലീസ് അതിവേഗം നടപടിയെടുത്തു. ഷാ നവാസിനും ഡാനിഷ് എന്ന മറ്റൊരു വ്യക്തിക്കുമെതിരെ ഭാരതീയ ന്യായ സംഹിതയിലെ വധശ്രമം (സെക്ഷൻ 109) ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ഷാ നവാസിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പഴയ വീഡിയോയുടെ പൂർണ്ണമായ വിവരങ്ങളും തീയതിയും വ്യക്തമായാൽ മാത്രമേ കൂടുതൽ കാര്യങ്ങളിൽ വ്യക്തത വരികയുള്ളൂ.




