80-കളിൽ തൻ്റെ നൃത്തച്ചുവടുകൾ കൊണ്ട് തെന്നിന്ത്യൻ സിനിമാലോകം കീഴടക്കിയ നടി ഡിസ്കോ ശാന്തി ആശുപത്രിയിൽ. 61 വയസ്സുള്ള നടി തന്നെയാണ് തൻ്റെ ആശുപത്രിവാസത്തിൻ്റെ ചിത്രം പുറത്തുവിട്ടത്. മൂക്കിൽ ട്യൂബും കഴുത്തിൽ പ്ലാസ്റ്ററുമൊട്ടിച്ച് ആശുപത്രി വസ്ത്രത്തിൽ ഇരിക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്.
ചിത്രം പുറത്തുവന്നതിന് പിന്നാലെ വൻതോതിൽ ആരാധകർ നടിയുടെ ആരോഗ്യവിവരങ്ങൾ അന്വേഷിച്ച് രംഗത്തെത്തി. എന്നാൽ തനിക്ക് എന്താണ് അസുഖമെന്ന് നടി വെളിപ്പെടുത്തിയിട്ടില്ല. നടിയെക്കൂടാതെ മക്കളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലും ആരാധകരുടെ മെസേജ് പ്രവാഹമാണ്. എങ്കിലും ഇതിനൊന്നും വ്യക്തമായ മറുപടി ലഭിച്ചിരുന്നില്ല.
പിന്നീട് താൻ ആശുപത്രി വിട്ടെന്ന് വ്യക്തമാക്കി സ്മൈലി ഇമോജികളോടെ നടി മറ്റൊരു ഫോട്ടോയും പോസ്റ്റ് ചെയ്തു.
1980-കളിലും 90-കളിലും ദക്ഷിണേന്ത്യൻ ചലച്ചിത്രമേഖലയിൽ ഗ്ലാമർ വേഷങ്ങളിലൂടെയും ആവേശകരമായ നൃത്തച്ചുവടുകളിലൂടെയും ശ്രദ്ധേയയായ നടിയാണ് ഡിസ്കോ ശാന്തി. പ്രശസ്ത തെലുങ്ക് നടനായിരുന്ന ശ്രീഹരിയായിരുന്നു ശാന്തിയുടെ ഭർത്താവ്. 2013-ലാണ് ശ്രീഹരി അന്തരിച്ചത്.




