Featured Sports

ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ നായകന്‍; സിക്‌സറുകളില്‍ രോഹിതിന് രണ്ടു റെക്കോഡ്

ന്യൂഡല്‍ഹി: ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന ലോകകപ്പ് ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ ഇന്നിംഗ്‌സിന് അടിത്തറ പാകിയ തകര്‍പ്പന്‍ ബാറ്റിംഗ് രോഹിത് ശര്‍മ്മയെ എത്തിച്ചത് ലോകറെക്കോഡിലേക്ക്. ഇത്തവണയും അര്‍ദ്ധശതകം മൂന്ന് റണ്‍സിന് നഷ്ടമായ രോഹിത് ഈ മത്സരത്തില്‍ 47 റണ്‍സ് നേടിയതോടെ ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന നായകനായിട്ടാണ് മാറിയത്.

ഞായറാഴ്ച അഹമ്മദാബാദില്‍ 31 പന്തില്‍ 4 ഫോറും 3 സിക്സും സഹിതം 47 റണ്‍സെടുത്ത രോഹിത് തുടക്കം മുതല്‍ ഓസ്ട്രേലിയന്‍ ബൗളര്‍മാരെ തൂത്തുവാരി. 11 മത്സരങ്ങളില്‍ നിന്ന് 597 റണ്‍സാണ് രോഹിത് സ്‌കോര്‍ ചെയ്തത്. 2019ലെ ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്റെ റെക്കോര്‍ഡാണ് ഇന്ത്യന്‍ നായകന്‍ മറികടന്നത്. 2019 ലോകകപ്പില്‍ 578 റണ്‍സ് വില്യംസണ്‍ നേടിയിരുന്നു.

ടൂര്‍ണമെന്റില്‍ ഉടനീളം 31 സിക്സറുകള്‍ പറത്തിയ രോഹിത് ഒരു ലോകകപ്പ് എഡിഷനില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടിയ താരവുമായി മാറി. ഒരു എതിരാളിക്കെതിരെ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടിയ മുന്‍ വെസ്റ്റ് ഇന്‍ഡീസ് ബാറ്റ്സ്മാന്‍ ക്രിസ് ഗെയ്ലിന്റെ റെക്കോര്‍ഡും അദ്ദേഹം മറികടന്നു. 50 ഓവര്‍ ഫോര്‍മാറ്റില്‍ ഓസ്ട്രേലിയയ്ക്കെതിരെ 86 സിക്സറുകള്‍ രോഹിത് തകര്‍ത്തു, ഇംഗ്ലണ്ടിനെതിരെ 85 സിക്സറുകളാണ് ഗെയ്‌ലിന്റെ പേരിലുള്ള റെക്കോഡ്.

ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ അടിച്ച താരമായും രോഹിത് മാറി. രോഹിതിനും ഗെയ്ലിനും പിന്നില്‍ ശ്രീലങ്കയ്ക്കെതിരെ 63 സിക്സറുകള്‍ പറത്തിയ മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിയും തൊട്ടുപിന്നാലെ ഏകദിനത്തില്‍ പാക്കിസ്ഥാനെതിരെ 53 മാക്സിമുകള്‍ അടിച്ചുകൂട്ടിയ മുന്‍ ശ്രീലങ്കന്‍ ഓപ്പണര്‍ സനത് ജയസൂര്യയുമാണ്. ഒടുവില്‍ 47 റണ്‍സില്‍ നില്‍ക്കുമ്പോള്‍ രോഹിതിനെ പുറത്താക്കിയ ഉജ്വലമായ ക്യാച്ചും കളിയില്‍ മികച്ചു നിന്നു. ഡൈവ് ചെയ്തായിരുന്നു ക്യാച്ച്.