ദുബായിൽ നടന്ന ഏഷ്യാ കപ്പ് സെമിഫൈനലിൽ ബംഗ്ലാദേശിനെ 40 റൺസിന് തോൽപ്പിച്ച് ഇന്ത്യൻ വനിതകൾ ഫൈനലിൽ കടന്നു. ഇന്ത്യ ഉയർത്തിയ 150 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 109 റൺസെടുക്കാനേ സാധിച്ചുള്ളൂ.
ബാറ്റിങ്ങിൽ അർധ സെഞ്ചുറി നേടിയ ഷെഫാലി വർമയുടെയും ബോളിങ്ങിൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ദീപ്തി ശർമയുടെയും മികവിലാണ് ഇന്ത്യ മികച്ച വിജയം സ്വന്തമാക്കിയത്. നാല് തവണ ജീവൻ ലഭിച്ച ഷെഫാലി 40 പന്തിൽ നിന്ന് 64 റൺസ് അടിച്ചുകൂട്ടി.
ബംഗ്ലാദേശിനായി ഓപ്പണർമാർ 26 റൺസ് കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും 14 റൺസെടുത്ത ജുവൈരിയ ഫിർദൗസിനെ ശ്രീ ചരണി പുറത്താക്കി. പിന്നാലെ ദിലാര അക്തറും മടങ്ങി. പിന്നീട് വന്ന ശോഭന (18), നിഗർ സുൽത്താന (19), ഷർമിൻ അക്തർ (1), ഫാഹിമ ഖാത്തൂൻ (14), റുബെയ്യ ഖാത്തൂൻ (0) എന്നിവർക്ക് ക്രീസിൽ നിലയുറപ്പിക്കാനായില്ല. 22 റൺസുമായി ഷോർന അക്തർ പുറത്താകാതെ നിന്നു. ഇന്ത്യക്കായി ദീപ്തി ശർമ മൂന്നും നന്ദാനി ശർമ രണ്ടും വിക്കറ്റ് വീഴ്ത്തിയപ്പോൾ ശ്രീ ചരണി, പ്രേമ റാവത് എന്നിവർ ഓരോ വിക്കറ്റ് വീതം പങ്കിട്ടു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് ഒമ്പത് റൺസെടുക്കുന്നതിനിടെ ഓപ്പണർ സ്മൃതി മന്ദാനയെ (2) നഷ്ടമായി. തുടർന്ന് ഷെഫാലി വർമയും പ്രതിക റാവലും (20) ചേർന്ന് രണ്ടാം വിക്കറ്റിൽ അർധ സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി ടീമിനെ മുന്നോട്ട് നയിച്ചു.
ടീം സ്കോർ 100 കടക്കും മുൻപാണ് 7 ഫോറുകളും 3 സിക്സറുകളും അടക്കം 64 റൺസെടുത്ത ഷെഫാലി പുറത്തായത്. റിച്ചാ ഘോഷ് 21 റൺസും ദീപ്തി ശർമ 13 റൺസും നേടി. അവസാന പന്തിൽ ഭാരതി ഫുൽമാലി റൺഔട്ടായപ്പോൾ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 24 റൺസോടെ പുറത്താകാതെ നിന്നു.
ബംഗ്ലാദേശിന് വേണ്ടി സുൽത്താന ഖാത്തൂൻ രണ്ട് വിക്കറ്റ് നേടി. മറൂഫ അക്തർ, നഹിദ അക്തർ, റബേയ ഖാത്തൂൻ എന്നിവർ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.




