Lifestyle

‘പെണ്ണ് ടാറ്റൂ അടിച്ചിട്ടുണ്ടോ? എന്നാല്‍ കല്യാണം വേണ്ടെ’ന്ന് യുവാവ്! വൈറലായി എക്സ് പോസ്റ്റ്

വിവാഹത്തിനായി പങ്കാളികളെ കണ്ടെത്തുമ്പോൾ ജോലി, ശമ്പളം, പ്രായം, നിറം തുടങ്ങി പല നിബന്ധനകളും ആളുകൾ മുന്നോട്ടുവെക്കാറുണ്ട്. എന്നാൽ, അതിൽനിന്നെല്ലാം വ്യത്യസ്തമായ ഒരു വിചിത്രമായ നിബന്ധനയെക്കുറിച്ച് ഒരു മാട്രിമണി ആപ്പ് സിഇഒ പങ്കുവെച്ച എക്സ് പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

മാട്രിമോണിയൽ, ഡേറ്റിങ് പ്ലാറ്റ്ഫോമായ ‘നോട്ട് ഡേറ്റിംഗ്’ സഹസ്ഥാപകനും സിഇഒയുമായ ജസ്​വീര്‍ സിംഗ് ആണ് തങ്ങളുടെ ഉപയോക്താവിന്റെ ഈ ആവശ്യം വെളിപ്പെടുത്തിയത്. മാട്രിമോണിയൽ ആപ്പ് നടത്തുമ്പോൾ ഉയരം, ശമ്പളം, വിദ്യാഭ്യാസം എന്നിവയിലെ നിബന്ധനകൾ സ്വാഭാവികമാണെങ്കിലും ടാറ്റൂ ചെയ്ത പെൺകുട്ടികളെ വേണ്ടെന്ന ഒരു പ്രീമിയം മെമ്പറുടെ മറുപടി തന്നെ അമ്പരപ്പിച്ചു എന്ന് അദ്ദേഹം എക്സിൽ കുറിച്ചു. തന്റെ ഈ തീരുമാനത്തിൽ ആ വ്യക്തിക്ക് വളരെ വ്യക്തതയും ഉറപ്പുമുണ്ടായിരുന്നു.

സാധാരണ ആവശ്യങ്ങളിൽ നിന്നും വേറിട്ടുനിൽക്കുന്ന ഈ നിബന്ധന കേട്ട് അമ്പരന്ന സിഇഒ ഇത്തരമൊരു ഫിൽട്ടർ ആപ്പിൽ എങ്ങനെ ഉൾപ്പെടുത്തുമെന്നും ചോദിക്കുന്നു. ടാറ്റൂ ഉണ്ടോ ഇല്ലയോ എന്ന് ചോദിച്ചുകൊണ്ട് ഒരു ഫിൽട്ടർ കൊടുക്കാൻ സാധിക്കില്ലെങ്കിലും ആളുകളുടെ താത്പര്യങ്ങൾക്ക് അതിരുകളില്ല എന്നാണ് അദ്ദേഹം ട്വീറ്റിൽ വ്യക്തമാക്കുന്നത്.

എന്തായാലും ഈ പോസ്റ്റ് വൈറലായതോടെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. ടാറ്റൂ ചെയ്യുക എന്നത് വ്യക്തിസ്വാതന്ത്ര്യമാണെന്നും എന്നാൽ വിവാഹത്തെ ഒരു സൂപ്പർമാർക്കറ്റ് ഷോപ്പിങ് പോലെ കാണരുതെന്നും ചിലർ പ്രതികരിച്ചു. അതേസമയം, ഒരാൾ തന്റെ വ്യക്തിപരമായ താത്പര്യം തുറന്നുപറഞ്ഞതിൽ തെറ്റൊന്നുമില്ലെന്ന് അഭിപ്രായപ്പെടുന്നവരും കുറവല്ല.