സാമ്പത്തിക ബുദ്ധിമുട്ടുകൾ നിറഞ്ഞ ബാല്യകാലത്തുനിന്ന് ഫ്രീലാൻസിംഗിലൂടെയും വെബ്3 (Web3) ജോലിയിലൂടെയും മാസം ലക്ഷങ്ങൾ സമ്പാദിക്കുന്ന നിലയിലേക്ക് വളർന്ന ബീഹാർ സ്വദേശിയായ ഇരുപതുകാരന്റെ കഥ റെഡ്ഡിറ്റിൽ (Reddit) തരംഗമാകുന്നു. ‘u/Acceptable-Breath-92’ എന്ന യൂസർനെയിമിൽ റെഡ്ഡിറ്റിൽ പങ്കുവെച്ച കുറിപ്പിലാണ് താഴ്ന്ന ഇടത്തരം കുടുംബത്തിൽ വളർന്ന തന്റെ ജീവിതാനുഭവം ഈ ചെറുപ്പക്കാരൻ വ്യക്തമാക്കുന്നത്. അഞ്ചാം വയസ്സിൽ മാതാപിതാക്കൾ വേർപിരിഞ്ഞതിനുശേഷം അമ്മയുടെ സംരക്ഷണയിലാണ് ഇയാൾ വളർന്നത്.
പതിനാലാം വയസ്സിലാണ് ഇയാൾ ഓൺലൈനായി ഡിസൈനിംഗും എഡിറ്റിംഗും സ്വയം പഠിക്കാൻ തുടങ്ങിയത്. തുടർന്ന് പബ്ജി (PUBG) ഗെയിമിംഗ് ടീമുകൾക്കായി ഗ്രാഫിക്സുകൾ ഡിസൈൻ ചെയ്ത് ഫ്രീലാൻസ് കരിയറിന് തുടക്കമിട്ടെങ്കിലും, ഇന്ത്യയിൽ പബ്ജി നിരോധിച്ചതോടെ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടു. ഇത് ഇയാളെ കടുത്ത മാനസികവിഷമത്തിലേക്ക് തള്ളിവിടുകയും ചെയ്തു. പന്ത്രണ്ടാം ക്ലാസ് വരെ ഈ അവസ്ഥ തുടർന്നു. പഠനം തുടരണമോ അതോ ഫ്രീലാൻസിംഗിലേക്ക് തിരികെ പോകണമോ എന്ന സംശയത്തിൽ നിൽക്കവെയാണ് നോയിഡയിലെ ഒരു വെബ്3 മാർക്കറ്റിംഗ് ഏജൻസിയിൽ നിന്ന് ഇയാൾക്ക് അവസരം ലഭിക്കുന്നത്.
കോളേജ് പഠനം ഉപേക്ഷിച്ച് മാസം 15,000 രൂപ ശമ്പളത്തിൽ ഇയാൾ നോയിഡയിലെ ഏജൻസിയിൽ ജോലിക്ക് ചേർന്നു. ഒരു മെത്തയും ട്രോളി ബാഗും മാത്രമുള്ള വെറും മുറിയിലായിരുന്നു തുടക്കത്തിലെ താമസം. ഈ കാലയളവിൽ മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടെങ്കിലും, ഭാവിയില്ലാത്ത ജോലിയാണെന്ന് മനസ്സിലാക്കി 5 മാസത്തിന് ശേഷം ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി.
തുടർന്ന് നിരാശയുടെ നാളുകളായിരുന്നെങ്കിലും, തോറ്റുകൊടുക്കാൻ തയ്യാറാകാതെ ഇയാൾ ഡിസൈനിംഗ് രംഗത്തേക്ക് തന്നെ തിരിച്ചെത്തി. സൗജന്യമായി ഡിസൈനുകൾ ചെയ്തുനൽകി തുടങ്ങിയ ഇയാൾക്ക് പിന്നീട് വെബ്3 മേഖലയിലുള്ള വ്യക്തികളുമായി ചേർന്ന് കൂടുതൽ പ്രോജക്ടുകൾ ലഭിക്കാൻ തുടങ്ങി. മുൻപത്തെ ജോലി പരിചയം വഴി വിപണിയെക്കുറിച്ച് ലഭിച്ച വ്യക്തമായ ധാരണ കരിയറിൽ വലിയ വഴിത്തിരിവായി.
ആദ്യഘട്ടത്തിൽ മാസം 200 ഡോളർ മാത്രം സമ്പാദിച്ചിരുന്ന സ്ഥാനത്ത് നിന്ന് പ്രതിമാസം 4,000 ഡോളർ (ഏകദേശം 3.3 ലക്ഷം രൂപ) വരെ സ്ഥിരമായി നേടുന്ന നിലയിലേക്ക് ഇയാൾ വളർന്നു. കഴിഞ്ഞ മാസത്തിൽ 6,500 ഡോളറാണ് (ഏകദേശം 5.4 ലക്ഷം രൂപ) ഇയാൾ സമ്പാദിച്ചത്. സ്വന്തമായി അത്യാവശ്യ ഫണ്ട് ശേഖരിക്കാനും, ഏറെ ആഗ്രഹിച്ച മാക്ബുക്ക് പ്രോ സ്വന്തമാക്കാനും ഇയാൾക്ക് സാധിച്ചു. ഒപ്പം അമ്മയെ ജോലികളിൽ നിന്ന് വിശ്രമിക്കാൻ സഹായിക്കുകയും അവർക്ക് സ്വർണം വാങ്ങി നൽകുകയും ചെയ്തു. വാടകവീട്ടിൽ മാത്രം താമസിച്ച് ശീലിച്ച കുടുംബത്തിനായി സ്വന്തമായി സ്ഥലവും ഫ്ലാറ്റും വാങ്ങാനുള്ള സമ്പാദ്യ കൂട്ടലിലാണ് ഇയാൾ ഇപ്പോൾ.
സാമ്പത്തികമായി മികച്ച നിലയിലെത്തിയെങ്കിലും വലിയ വ്യക്തിപരമായ ത്യാഗങ്ങൾ ഇതിനായി സഹിക്കേണ്ടി വന്നതായി ഇയാൾ പറയുന്നു. സുഹൃത്തുക്കൾ കുറവാണെന്നതും ഇപ്പോഴും നേരിടുന്ന ഒറ്റപ്പെടലുമാണ് പ്രധാന വെല്ലുവിളികൾ. സാഹചര്യങ്ങളെ കുറ്റപ്പെടുത്താതെ സ്വന്തം സ്വപ്നങ്ങൾക്ക് പിന്നാലെ പോകാൻ മറ്റുള്ളവർക്ക് ഈ അനുഭവക്കഥ പ്രചോദനമാകുമെന്നാണ് ഈ ഇരുപതുകാരൻ പ്രത്യാശിക്കുന്നത്.




